ഗള്‍ഫ് രാജ്യങ്ങള്‍ പെരുന്നാൾ ആഘോഷ ലഹരിയില്‍; ഇരു ഹറമുകളിലും പെരുന്നാൾ നിസ്കാരത്തിന് ലക്ഷങ്ങൾ
മക്ക/മദീന: ഒരു മാസത്തെ ആത്മീയ ശുദ്ധീകരണത്തിന് ശേഷം വന്നെത്തിയ ഈദുല്‍ ഫിത്ര്‍ ആഘോഷ ലഹരിയില്‍ ഗള്‍ഫ് രാജ്യങ്ങള്‍. വ്യത്യസ്ത ദിവസങ്ങളിലാണ് വ്രതാനുഷ്ഠാനം തുടങ്ങിയതെങ്കിലും നാട്ടിലും ഗള്‍ഫിലും ഒരേ ദിനം പെരുന്നാള്‍ ദിനം ഒത്തുവന്നത് ഇത്തവണ പ്രവാസികള്‍ക്ക് ഇരട്ടി ആഘോഷമായി.
യുഎഇ, സഊദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങക്കാർ 30 നോമ്പും പൂർത്തിയാക്കിയാണ് പെരുന്നാൾ ആഘോഷത്തിലേക്ക് കടന്നത്. ഒരു ദിവസം വൈകി വ്രതം ആരംഭിച്ച ഒമാനിലും കേരളത്തിലും ഇന്നലെ ശവ്വാൽ മാസപ്പിറവി കണ്ടതോടെ 29 നോമ്പ് അനുഷ്ഠിക്കാനേ ആയുള്ളൂ.
പെരുന്നാൾ പ്രമാണിച്ച് സഊദിയിലും യുഎഇയിലും സർക്കാർ, സ്വകാര്യ ജീവനക്കാർക്ക് വാരാന്ത്യം ഉൾപ്പെടെ 9 ദിവസം അവധി ലഭിക്കുന്നത് ആഘോഷം ഏറെ കെങ്കേമമാക്കും. യുഎഇ യിൽ സ്വകാര്യ മേഖലാ ജീവനക്കാർക്ക് 4 ദിവസമാണ് അവധി. സുഗന്ധദ്രവ്യങ്ങള്‍ പൂശിയ പുത്തനുടുപ്പുകളും ഉടയാടകളും അണിഞ്ഞ സ്ത്രീകളും കുട്ടികളും അടക്കമുള്ള ആബാലവൃദ്ധം ജനങ്ങള്‍ പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്ക് ജുമാമസ്ജിദുകളിലും ഈദ് ഗാഹുകളിലും കൂട്ടത്തോടെയെത്തി.
ഇരു ഹറമുകളിലും ലക്ഷങ്ങളാണ് പെരുന്നാൾ നിസ്കാരങ്ങളിൽ പങ്കെടുത്തത്. മക്ക ഹറമില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തിന് റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും ഹറം ഇമാമും ഖത്തീബുമായ ശൈഖ് ഡോ. സ്വാലിഹ് ബിന്‍ അബ്ദുല്ല ബിന്‍ ഹുമൈദും മദീന മസ്ജിദുന്നബവിയിൽ ഇമാമും ഖത്തീബുമായ ശൈഖ് ഡോ. അഹ്മദ് ബിന്‍ അലി അല്‍ഹുദൈഫിയും പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി. സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഗള്‍ഫില്‍ നിന്നും വിശുദ്ധ റമദാനിലെ അവസാന ദിവസങ്ങള്‍ ഹറമില്‍ ചെലവഴിക്കാന്‍ മക്കയില്‍ എത്തിയവര്‍ക്കും ലോകരാജ്യങ്ങളില്‍ നിന്നെത്തിയ തീര്‍ഥാടകര്‍ക്കും പുറമെ, മക്ക, മദീന നിവാസികളും ജിദ്ദയില്‍ നിന്നും തായിഫില്‍ നിന്നുമടക്കമുള്ളവരും ഹറമുകളിൽ പെരുന്നാള്‍ നമസ്‌കാരത്തില്‍ സംബന്ധിച്ച് പുണ്യം നേടി.
ഹറമില്‍ നിന്ന് ഏറെ ദൂരെയുള്ള റോഡുകളും ചത്വരങ്ങളും പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തവരാല്‍ തിങ്ങിനിറഞ്ഞു. പെരുന്നാള്‍ നമസ്‌കാരം പൂര്‍ത്തിയായ ശേഷം രാജകുമാരന്മാരെയും പണ്ഡിതരെയും മുതിര്‍ന്ന സിവില്‍, സൈനിക ഉദ്യോഗസ്ഥരെയും കിരീടാവകാശി സ്വീകരിക്കുകയും പരസ്പരം പെരുന്നാള്‍ ആംശസകള്‍ അര്‍പ്പിക്കുകയും ചെയ്തു. ഹൃദയശുദ്ധീകരണത്തിനും പരസ്പര അനുരഞ്ജനത്തിനും സഹോദരങ്ങളെ സ്‌നേഹിക്കാനും ബന്ധുക്കളുമായുള്ള ബന്ധം വര്‍ധിപ്പിക്കാനുമുള്ള ഉദാത്തമായ അവസരമാണ് ഈദുല്‍ ഫിത്ര്‍ ആഘോഷമെന്ന് പെരുന്നാള്‍ നമസ്‌കാരത്തോടനുബന്ധിച്ച ഖുതുബയില്‍ ഹറം ഇമാം പറഞ്ഞു.
സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ സല്‍മാന്‍ ബിൻ അബ്ദുൽ അസീസ് രാജാവ് ജിദ്ദ അല്‍സലാം കൊട്ടാരത്തിലാണ് പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ മക്കയില്‍ വിശുദ്ധ ഹറമില്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തു. മദീന മസ്ജിദുന്നബവിയില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തില്‍ മദീന ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരനും ഡെപ്യൂട്ടി ഗവര്‍ണര്‍ സഊദ് ബിന്‍ ഖാലിദ് ബിന്‍ ഫൈസല്‍ രാജകുമാരനും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."