നന്നാകാനാകാതെ യു.ഡി.എഫ്
കോട്ടയം: അധികാരം തിരിച്ചുപിടിക്കാന്‍ ഇറങ്ങിയ യു.ഡി.എഫിനേറ്റത് കനത്ത പ്രഹരം. മുന്നില്‍നിന്നു നയിക്കാന്‍ നായകനില്ലാത്തതും ജനമനസ് വായിച്ചെടുത്ത് തന്ത്രങ്ങളൊരുക്കാനാവാതെ വന്നതും സംഘടനാതലത്തിലെ ദുര്‍ബലതയും യു.ഡി.എഫിന്റെ വീഴ്ചയുടെ ആക്കം കൂട്ടി. 2016ലെ 47 സീറ്റ് 41 ആയി കുറഞ്ഞു. കോണ്‍ഗ്രസിന് മാത്രമല്ല മുസ്‌ലിം ലീഗിനും അടിപതറി. തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ വീഴ്ചയില്‍നിന്ന് യു.ഡി.എഫ് ഒരു പാഠവും പഠിച്ചിരുന്നില്ലെന്ന് തെളിയിക്കുന്ന പരാജയം. കേരള കോണ്‍ഗ്രസി(എം)ന്റെ പുറത്താക്കല്‍ ക്ഷീണം ചെയ്യുമെന്ന രാഷ്ട്രീയ തിരിച്ചറിവ് പി.ജെ ജോസഫിന്റെ പിടിവാശിക്കു മുന്‍പില്‍ യു.ഡി.എഫ് നേതാക്കള്‍ മറന്നിടത്ത് ആരംഭിച്ച തിരിച്ചടി.
പിണറായി വിജയനെന്ന നായകനില്‍മാത്രം കേന്ദ്രീകരിച്ച് എല്‍.ഡി.എഫ് മുന്നോട്ടു പോയപ്പോള്‍ വിവാദങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചുനിന്ന യു.ഡി.എഫ് കാര്യമായ രാഷ്ട്രീയനീക്കങ്ങളൊന്നും നടത്തിയില്ല. ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം എങ്ങോട്ടെന്നത് തിരിച്ചറിയാന്‍ യു.ഡി.എഫിനും മുന്നണിയെ നയിച്ച കോണ്‍ഗ്രസിനും കഴിഞ്ഞില്ല. ന്യൂനപക്ഷ വോട്ടുകള്‍ മുസ്‌ലിം ലീഗില്‍ മാത്രം ഒതുങ്ങി നിന്നില്ലെന്നത് മലബാറിലെ തിരിച്ചടി തുറന്നുകാട്ടുന്നു. മലപ്പുറത്തടക്കം ലീഗിന്റെ ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ടു ചോര്‍ച്ച ഇതിന്റെ തെളിവാണ്. ന്യൂനപക്ഷങ്ങളെ ബാധിച്ച വിഷയങ്ങളില്‍ യു.ഡി.എഫും കോണ്‍ഗ്രസും എടുത്ത നിലപാടുകള്‍ക്കുമേലായിരുന്നു എല്‍.ഡി.എഫിന്റെയും സി.പി.എമ്മിന്റെയും വിശ്വാസ്യത. മലപ്പുറത്ത് ലീഗിന് സീറ്റുകള്‍ നഷ്ടപ്പെടുത്തിയതും ഇതുതന്നെ. യു.ഡി.എഫ് തകരുമ്പോഴും എക്കാലത്തും ലീഗ് തങ്ങളുടെ കരുത്ത് വര്‍ധിപ്പിച്ചിരുന്നു. അതിനും മാറ്റം സംഭവിച്ചു. ലീഗിന്റെ മാത്രമല്ല യു.ഡി.എഫ് എന്ന സംവിധാനത്തിന്റെ തകര്‍ച്ചയാണ് വമ്പന്‍ പരാജയം തുറന്നു കാട്ടുന്നത്. ആര് മുഖ്യമന്ത്രിയാകുമെന്ന കോണ്‍ഗ്രസിലെ തര്‍ക്കങ്ങളും സീറ്റുവീതം വയ്പിലെ ഗ്രൂപ്പുകളുടെ തമ്മിലടിയും സ്ഥാനാര്‍ഥികള്‍ ആരെന്ന തീരുമാനം വൈകിയതുമെല്ലാം യു.ഡി.എഫിന് വിനയായി.കേരളം തുടര്‍ഭരണമെന്ന ചരിത്രം കുറിക്കുമ്പോള്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പു വരെ യു.ഡി.എഫ് എടുത്ത നിലപാടുകള്‍ ജനങ്ങള്‍ സ്വീകരിച്ചില്ലെന്നതിന്റെ തെളിവാണ് കനത്ത തോല്‍വി.
പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തല ഉയര്‍ത്തിക്കൊണ്ടു വന്ന വിഷയങ്ങള്‍ക്കൊന്നും കോണ്‍ഗ്രസിന്റെയോ മുന്നണിയുടെയോ പിന്തുണ ലഭിച്ചില്ല. ദുര്‍ബലമായ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനത്തില്‍ ഗ്രൂപ്പുകളുടെ തമ്മില്‍ത്തല്ലിനിടെ രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ മാത്രമാണ് അല്‍പ്പമെങ്കിലും ഒരുമിച്ചു നിര്‍ത്തലിന് വഴിയൊരുക്കിയത്. മാസ് കാംപയിനര്‍മാരില്ലാതെ പോയ യു.ഡി.എഫിന് രാഹുലും പ്രിയങ്കയും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ലെങ്കില്‍ ഇതിലും ദയനീയമാകുമായിരുന്നു സ്ഥിതി. പിണറായി വിജയനും എല്‍.ഡി.എഫും ഒരുക്കിയ തന്ത്രങ്ങള്‍ക്ക് മുന്‍പില്‍ ഇതൊന്നും പോരായെന്ന തിരിച്ചറിവും യു.ഡി.എഫ് നേതൃത്വത്തിന് ഇല്ലാതെ പോയി. പ്രളയത്തിലും കൊവിഡിലും സര്‍ക്കാരിനപ്പുറം സി.പി.എമ്മും പോഷക സംഘടനകളും ജനങ്ങളിലേക്കിറങ്ങി നടത്തിയ ഇടപെടലുകളുടെ ഫലം കൂടിയാണ് തെരഞ്ഞെടുപ്പ് വിജയം. ജനങ്ങളെ ബാധിച്ച വിഷയങ്ങളില്‍ യു.ഡി.എഫ് കാഴ്ചക്കാരുടെ റോളിലായിരുന്നു. എന്നാല്‍, ജനകീയ ഇടപെടലുകളിലൂടെ സ്വീകാര്യത നേടിയവരെല്ലാം ജയിച്ചു കയറി എന്നതും വേര്‍തിരിച്ചു കാണണം. കനത്ത തിരിച്ചടിയിലും പാലക്കാട്ടെയും മഞ്ചേശ്വരത്തെയും കുണ്ടറയിലെയും കരുനാഗപ്പള്ളിയിലെയും പറവൂരിലെയും തൃക്കാക്കരയിലെയും കല്‍പ്പറ്റയിലെയും ഉള്‍പ്പെടെ ജയം വേറിട്ടു നില്‍ക്കുന്നു. യു.ഡി.എഫ് വീഴ്ചയിലും കെ.കെ രമയുടെ വടകര വിജയം സി.പി.എമ്മിന്റെ ഉറക്കം കെടുത്തുന്നതായി. ബി.ജെ.പിയെ തുടച്ചു നീക്കിയ നേമത്തെ എല്‍.ഡി.എഫ് ജയത്തില്‍ കെ. മുരളീധരനെ രംഗത്തിറക്കിയുള്ള തന്ത്രം യു.ഡി.എഫിന്റെ രാഷ്ട്രീയ വിജയം കൂടിയാണെന്ന് അഭിമാനിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."