പാർലമെന്റ് 70ൽ എത്തിനിൽക്കുമ്പോൾ
കരിയാടൻ
1947 ഓഗസ്റ്റ് പതിനഞ്ചിന് വിദേശാധിപത്യം അവസാനിപ്പിച്ച ഇന്ത്യ മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് മുക്കാൽ നൂറ്റാണ്ടിന്റെ പ്രായം. മൂന്നു വർഷംകഴിഞ്ഞ് 1950 ജനുവരി 26നാണ് സ്വന്തമായ ഒരു ഭരണഘടനയോടെ രാഷ്ട്രം റിപ്പബ്ലിക്കായത്. പരമാധികാര നിയമനിർമാണ സഭയായ ലോക്‌സഭ 1952 ഏപ്രിൽ 17നാണ് രൂപവൽക്കരിക്കപ്പെട്ടതെങ്കിൽ രാജ്യസഭ അതിനും ഏതാനും ദിവസങ്ങൾക്ക് മുമ്പ് 1952 ഏപ്രിൽ മൂന്നിന് പിറക്കുകയായിരുന്നു. ജനസഭ എന്നറിയപ്പെട്ട ലോക്‌സഭയ്ക്കു മുൻപെ തന്നെ പ്രഭുസഭ എന്നറിയപ്പെട്ടിരുന്ന രാജ്യസഭയും രൂപവൽക്കരിക്കപ്പെടുകയായിരുന്നു. ഇന്ത്യൻ പാർലമെന്റ് വ്യവസ്ഥയ്ക്ക് ഇപ്പോൾ ഏഴുപതാണ്ടിന്റെ തിളക്കം.
പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു മുതൽ മോദി വരെ 15 പ്രധാനമന്ത്രിമാർ ഭരിച്ച നാടാണ് ഇന്ത്യ. മിക്കവരും ലോക്‌സഭാംഗങ്ങളായിരുന്നെങ്കിൽ 2004-2014 കാലഘട്ടത്തിൽ ഇന്ദ്രപ്രസ്ഥം വാണ ഡോ. മൻമോഹൻസിങ് രാജ്യസഭയുടെ പ്രതിനിധിയായിരുന്നു.
ന്യൂഡൽഹിയിൽ ചരിത്രപ്രസിദ്ധമായ സൻസാദ് മാർഗ്ഗിൽ ആർക്കിടെക്റ്റ് എഡ്‌വിൻ ലുട്‌വൻ രൂപകൽപന ചെയ്ത മനോഹരമായ പാർലമെന്റ് മന്ദിരത്തിലാണ് ഇരുസഭകളും പ്രവർത്തിക്കുന്നത്. കൂടുതൽ വിശാലമായ ഒരു കെട്ടിടനിർമാണത്തിന്റെ വഴിയിലാണ് ഇപ്പോൾ മോദി ഗവൺമെന്റ്. എഴുപതാം വാർഷികത്തിൽ വന്നുകയറുന്ന ദൗത്യം പതിനഞ്ചാമത് രാഷ്ട്രപതിയെ ഏതാനും മാസങ്ങൾക്കകം തന്നെ തെരഞ്ഞെടുക്കുക എന്നതാണ്. ആറുവർഷമായി പ്രസ്തുത പദവിയിൽ ഇരിക്കുന്ന രാംനാഥ് ഗോവിന്ദ് 76 വയസ് പിന്നിട്ടിരിക്കുന്നു. തൽസ്ഥാനത്ത് വീണ്ടും തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത നന്നെ കുറവാണ്. ഈ അർഥത്തിൽ ഇപ്പോൾ ഉപരാഷ്ട്രപതി സ്ഥാനത്തുള്ള ആന്ധ്രക്കാരനായ എം. വെങ്കയ്യനായിഡു അടുത്ത രാഷ്ട്രപതിയാകാനുള്ള സാധ്യത ഏറെയാണ്. മുൻ കേന്ദ്രമന്ത്രിയായ ഇദ്ദേഹം ഭാരതീയ ജനതാപാർട്ടിയുടെ മുൻ ദേശീയ പ്രസിഡൻ്റ് കൂടിയാണല്ലോ. പ്രതിപക്ഷ കക്ഷികൾക്ക് വിജയസാധ്യത ഒന്നുമില്ലെങ്കിലും അവരും ഒരു സ്ഥാനാർഥിയെ അന്വേഷിച്ചുനടക്കുന്നുണ്ട്.
അപ്പോൾ ഉപരാഷ്ട്രപതി ആരായിരിക്കും? കേരള ഗവർണറായ ആരിഫ് മുഹമ്മദ് ഖാൻ വലിയ സാധ്യത കൽപിക്കപ്പെട്ടിട്ടുള്ള ഒരു രാഷ്ട്രീയ നേതാവാണ്. കോൺഗ്രസിൽ നിന്ന് രാജിവച്ച് ജനതാപാർട്ടിയിലും തുടർന്ന് ഭാരതീയ ജനതാപാർട്ടിയിലും ചേക്കറിയ ഈ ഉത്തർപ്രദേശുകാരൻ ഉന്നത ബിരുദങ്ങൾ നേടിയ ഒരു അഭിഭാഷകൻ കൂടിയാണ്. മാത്രമല്ല, പൗരത്വബിൽ മുതൽ ഹിജാബ് വിവാദം വരെ അടക്കമുള്ള ബി.ജെ.പി ഭരണകൂടത്തിന്റെ നീക്കങ്ങളെ ശക്തമായി അനുകൂലിച്ചുവന്ന നേതാവും. മാധ്യമരംഗത്ത് ബി.ജെ.പിയുടെ ശബ്ദമായി നിന്ന ഒരാളെ അഡിഷണൽ പി.എആയി നിയമിച്ച കേന്ദ്രഭരണകൂടത്തെ സന്തോഷിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. രാജ്യസഭക്ക് നായകനായി അങ്ങനെ ഒരാളെ ഡൽഹിയിൽ കിട്ടുന്നതിൽ ഭരണമുന്നണിക്ക് വലിയ സന്തോഷം കാണുമല്ലോ.
ജനപ്രതിനിധിസഭയെന്ന നിലയിൽ പാർലമെന്റിൽ ജനസഭ വന്നപ്പോൾ മേലെക്കിടയിലുള്ളവർക്ക് ഭരണത്തിൽ പങ്കാളിത്തം നൽകാനായി. ബ്രിട്ടനിൽ തുടങ്ങിയതാണ് ഹൗസ് ഓഫ് കോമൺസിനുപുറമെ ഹൗസ് ഓഫ് ലോർഡ്‌സും. ലോക്‌സഭാംഗങ്ങളെ ജനങ്ങൾ തെരഞ്ഞെടുക്കമ്പോൾ രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുത്ത് അയക്കുന്നത് എം.എൽ.എമാരാണ്. ഇതിന് പുറമെ ഭരണമുന്നണി നിർദേശിക്കുന്ന 20 ഓളം പേരെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുകയും ചെയ്യുന്നു.
നേരത്തെ കൗൺസിൽ ഓഫ് സ്റ്റേറ്റ്‌സ് എന്നറിയപ്പെട്ടിരുന്ന ഉപരിസഭ, രാജ്യസഭയായി പുനർനാമകരണം ചെയ്യപ്പെട്ടിട്ട് 70 വർഷം തികയുകയാണ്. പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻസിങ് തുടങ്ങിയ പ്രഗത്ഭർ അംഗങ്ങൾ ആയിരുന്ന ഉപരിസഭയാണ് രാജ്യസഭ. വി.കെ കൃഷ്ണമേനോൻ, കെ.പി മാധവൻനായർ, എം.എൻ ഗോവിന്ദൻനായർ, ഇ.കെ.ഇമ്പിച്ചിബാവ, എം.പി.വീരേന്ദ്രകുമാർ തുടങ്ങിയവർ രാജ്യസഭാംഗങ്ങളായിട്ടുണ്ട്. ഇബ്രാഹിം സുലൈമാൻ സേട്ട് ലോക്‌സഭയിലേക്ക് എത്തുന്നതിനുമുമ്പ് ഈ സഭയിൽ അംഗമായിരുന്നു. ബി.വി അബ്ദുല്ല ക്കോയ, ഹമീദലി ഷംനാട്, കൊരമ്പയിൽ അഹമ്മദ്ഹാജി, അബ്ദുസമദ് സമദാനി എന്നിവരും ഇപ്പോൾ എം.പി അബ്ദുൽ വഹാബും ലീഗ് അംഗങ്ങളാണ്.
രാജ്യസഭയിൽ 1968 മുതൽ1998 വരെ അഞ്ചുതവണ മുപ്പതുവർഷക്കാലം അംഗമായിരുന്ന ലീഗ് നേതാവായ ബി.വി അബ്ദുല്ലക്കോയ ഒരു ദേശീയ റെക്കോർഡിനുടമയാണ്. അബ്ദുല്ലക്കോയ 120 സമ്മേളനത്തിൽ പങ്കെടുത്തപ്പോൾ ബംഗാളിൽ നിന്നുള്ള കമ്യൂണിസ്റ്റ് നേതാവായ ഭുപേശ് ഗുപ്തയുടെ 118 എന്ന റെക്കോർഡ് മറികടന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."