അത്യുച്ചത്തില്‍ ഡി.ജെ പാട്ട് വെച്ചു; വരമാല ചടങ്ങിനിടെ വരന്‍ കുഴഞ്ഞു വീണ് മരിച്ചു, പാട്ട് നിര്‍ത്താന്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും നിര്‍ത്തിയില്ല
സീതാമര്‍ഹി (ബിഹാര്‍): വരണമാല ചാര്‍ത്തുന്ന ചടങ്ങിനിടെ അത്യുച്ചത്തില്‍ ഡി.ജെ പാട്ടുവെച്ചതിനെ തുടര്‍ന്ന് അസ്വസ്ഥത തോന്നിയ വരന്‍ വിവാഹവേദിയില്‍ കുഴഞ്ഞു വീണു മരിച്ചു. ബിഹാറിലെ സീതാമര്‍ഹി ജില്ലയിലാണ് സംഭവം.
വരന്‍ സുരേന്ദ്രകുമാറിനെ ഉടന്‍ തന്നെ പ്രാദേശിക ആശുപത്രിയില്‍ എത്തിച്ചിരുന്നു. അവിടെ നിന്ന് വിദഗ്ധ ചികിത്സക്കായി സീതാമര്‍ഹിയിലുള്ള ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണത്തിന് കീഴടങ്ങിയത്.
ബുധനാഴ്ചയായിരുന്നു സംഭവം. ദമ്പതികള്‍ പരസ്പരം മാല അണിയിക്കുന്നതിനിടെ ഉച്ചത്തില്‍ ഡി.ജെ സംഗീതം വെച്ചിരുന്നു. വിവാഹ ഘോഷയാത്രക്കിടെ അമിതശബ്ദത്തില്‍ ഡി.ജെ പാട്ട് വെച്ചപ്പോള്‍ തന്നെ വരന്‍ പലതവണ അസ്വസ്ഥത പ്രകടിപ്പിക്കുകയും പാട്ട് നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പക്ഷേ ഫലമുണ്ടായില്ല. പിന്നീട് വരമാല ചടങ്ങ് കഴിഞ്ഞ് നിമിഷങ്ങള്‍ക്ക് ശേഷം സുരേന്ദ്ര വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഭോപ്പാലിലും സമാനസംഭവം ഉണ്ടായിട്ടുണ്ട്. വിവാഹ സത്കാരത്തില്‍ നൃത്തം ചെയ്യുന്നതിനിടെ 18കാരന്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ഉച്ചത്തിലുള്ള സംഗീതമാണ് പ്രശ്‌നമായതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. അമിത ശബ്ദത്തിലുള്ള ഡി.ജെ സംഗീതം മൂലം തന്റെ ഫാമിലെ 63 കോഴികള്‍ ചത്തുവെന്ന പരാതിയുമായി ഒഡിഷയിലെ ബാലസോറിലുള്ള പൗള്‍ട്രി ഫാം ഉടമയും നേരത്തെ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."