കേരളത്തില്‍ ബി.ജെ.പി ഭരണം; പ്രധാനമന്ത്രിയുടേത് അതിരുകവിഞ്ഞ മോഹമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പി സര്‍ക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിയുടേത് അതിരുകവിഞ്ഞ മോഹമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ന്യൂനപക്ഷങ്ങള്‍ എന്തൊക്കെ പ്രയാസങ്ങളനുഭവിക്കുന്നുണ്ടെന്നും അതിനു കാരണക്കാര്‍ ആരാണെന്നും തീവ്രമായ അനുഭവങ്ങളിലൂടെ ബോധ്യമുള്ളവരാണ് ഈ നാട്ടുകാര്‍. സംഘപരിവാറില്‍ നിന്ന് കൊടിയ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപി അനുകൂല നിലപാടിലെത്താനാവില്ല. ചില താല്‍ക്കാലിക ലാഭങ്ങള്‍ക്കായി ആരെങ്കിലും നടത്തുന്ന നീക്കുപോക്കുകള്‍ ന്യൂനപക്ഷത്തിന്റെ പൊതുസ്വഭാവമാണെന്ന് കരുതുന്നത് ഭീമാബദ്ധമാണ്. വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തിന്റെ മണ്ണില്‍ സ്ഥാനമുണ്ടാകില്ലെന്ന് ഈ നാട് എക്കാലത്തും വ്യക്തമാക്കിയിട്ടുണ്ട്. മതനിരപേക്ഷതയുടെ കേരളമാതൃക രാജ്യത്താകെ വേരുറപ്പിക്കുന്ന നാളുകളാണ് വരാനുള്ളതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
നരേന്ദ്രമോദിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തി. മോദിയുടെ പ്രസ്താവനയെ മലയാളികള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും. വര്‍ഗീയതയ്ക്കും മതവിദ്വേഷ രാഷ്ട്രീയത്തിനും കേരളത്തില്‍ സ്ഥാനമില്ലെന്ന് പലവട്ടം സംഘപരിവാറിനെ ഓര്‍മ്മിപ്പിച്ചവരാണ് മലയാളികള്‍. മറിച്ചു സംഭവിക്കണമെങ്കില്‍ മതനിരപേക്ഷ കേരളം മരിക്കണമെന്നും ഇടതുപക്ഷമുള്ളിടത്തോളം മതനിരപേക്ഷ കേരളത്തിന് മരണമില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
കേരളത്തിലും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്ന് ഇന്നലെയാണ് നരേന്ദ്രമോദി പറഞ്ഞത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയായിരുന്നു പരാമര്‍ശം. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പോലെ കേരളത്തിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും. സിപിഐഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് കേരളത്തെ കൊള്ളയടിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ ബിജെപിയെ ഭയക്കുന്നില്ല. ത്രിപുരയിലെ ഇടതുകോണ്‍ഗ്രസ് സഖ്യം കേരളത്തിലെ ജനങ്ങള്‍ കാണുന്നുണ്ടെന്നും ഒരിടത്ത് ഗുസ്തിയും മറ്റൊരിടത്ത് ദോസ്തിയാണെന്നും മോദി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."