മലയാളത്തിലെ ക്ലാസിക് സിനിമകളുടെ സഹയാത്രികൻ
എം. ഷഹീർ
കൊച്ചി
മലയാള സിനിമയുടെ ക്ലാസിക് കാലഘട്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 1980കളിൽ രചനാ വൈഭവം കൊണ്ട് തൻ്റേതായ സ്ഥാനമുറപ്പിച്ച പ്രതിഭാശാലിയായിരുന്നു ജോൺ പോൾ.
മധ്യവർത്തി സിനിമകൾക്കായി പേന ചലിപ്പിക്കുന്നതിനൊപ്പം വാണിജ്യ സിനിമകൾക്ക് കലാമേന്മയേകുന്നതിനും അദ്ദേഹം അതുല്യമായ സംഭാവനകൾ നൽകി. ഭരതൻ, കെ.എസ് സേതുമാധവൻ, ബാലു മഹേന്ദ്ര എന്നിവർക്കായി ജോൺ പോൾ രചിച്ചത് മലയാളസിനിമ കണ്ട എക്കാലത്തേയും മികച്ച സിനിമകൾ.
എറണാകുളം മഹാരാജാസിലെ സൗഹൃദക്കൂട്ടായ്മയിലെ കണ്ണിയായിരുന്ന ഭരതന് വേണ്ടി ചാമരം, മർമരം, പാളങ്ങൾ, ഇത്തിരി പൂവേ ചുവന്ന പൂവേ തുടങ്ങിയവ മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകൾക്ക് തൂലിക ചലിപ്പിച്ചു. കെ.എസ് സേതുമാധവനോടൊത്ത് ചേർന്നപ്പോൾ അറിയാത്ത വീഥികൾ, ആരോരുമറിയാതെ, തുടങ്ങിയ സിനിമകൾ പിറന്നു. ബാലു മഹേന്ദ്ര സംവിധാനം ചെയ്ത യാത്ര ഇന്നും മലയാളി പ്രേക്ഷകരുടെ മനസിൽ നിറഞ്ഞുനിൽക്കുന്ന സിനിമയാണ്.
ഈ സിനിമകൾക്ക് കൂടുതൽ മികവേകിയത് ജോൺ പോളിൻ്റെ രചനാ വൈഭവം തന്നെയായിരുന്നു. ഇതേ കാലയളവിൽ തന്നെ ഐ.വി ശശിയുമായി ചേർന്ന് അതിരാത്രം പോലുള്ള ആക്ഷൻ ത്രില്ലറുകളും സത്യൻ അന്തിക്കാട്, പി.ജി വിശ്വംഭരൻ പോലുള്ളവരോടൊപ്പം ചേർന്ന് കുടുംബ-ഹാസ്യചിത്രങ്ങൾക്കും ജോൺ പോൾ രചന നിർവഹിച്ചപ്പോൾ തനിക്ക് എല്ലാ സങ്കേതങ്ങളും വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. എന്നാൽ 90കളിലെത്തിയപ്പോൾ ആത്മമിത്രം ഭരതനോടൊപ്പം ചെയ്ത ചമയവും ജേസിയോടൊപ്പം ചെയ്ത പുറപ്പാടും ഒഴിച്ചാൽ 80കളിലെ ജോൺ പോളിൻ്റെ മികവ് കാണാനായിരുന്നില്ല.
കുട്ടിക്കാലം മുതലേയുണ്ടായിരുന്ന വായനാശീലം അദ്ദേഹത്തിൻ്റെ രചനകൾക്ക് സാഹിത്യഭംഗി നൽകി. ഫിലിം സൊസൈറ്റികളിലും സിനിമാ പത്രപ്രവർത്തനത്തിലുമുള്ള സജീവ സാന്നിധ്യമാണ് അദ്ദേഹത്തിൻ്റെ സിനിമാ ലോകത്തേക്കുള്ള പ്രവേശനം എളുപ്പമാക്കിയത്. എം.എ പൂർത്തിയായ ശേഷം ലഭിച്ച ബാങ്ക് ജോലി തിരക്കഥാ രചനയിൽ സജീവമായതോടെ ഉപേക്ഷിക്കാനും അദ്ദേഹത്തെ പ്രേരിപ്പിച്ചത് സിനിമയോടുള്ള അഭിനിവേശമാണ്. മലയാള സിനിമാ താരങ്ങളുടെ സംഘടനയായി 'അമ്മ' രൂപം കൊണ്ടപ്പോൾ ജോൺ പോളിൻ്റെ നേതൃത്വത്തിലാണ് സാങ്കേതിക വിദഗ്ധരുടെ സംഘടനയായ 'മാക്ട'യെ രംഗത്തിറക്കിയത്. പിന്നീട് മാക്ടയുടെ കീഴിൽ സിനിമാ സാങ്കേതിക വിദ്യ അഭ്യസിപ്പിക്കുന്ന ചലച്ചിത്ര അക്കാദമി തുടങ്ങിയതിലും ജോൺ പോൾ നേതൃത്വപരമായ പങ്ക് വഹിച്ചു. രചനാ മേഖലയിൽ നിന്ന് സജീവമായി വിട്ടുനിന്നതിന് ശേഷം ഗാങ്സ്റ്റർ, കെയർ ഓഫ് സൈറാഭാനു എന്നീ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിരുന്നു. സഫാരി ചാനലിൽ അവതാരകനായും നിറസാന്നിധ്യമായി.
ജോൺ പോളിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മന്ത്രിമാരായ ആന്റണി രാജു, പി. രാജീവ്, സജി ചെറിയാൻ, വി. ശിവൻകുട്ടി, സ്പീക്കർ എം.ബി രാജേഷ്, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, നടൻമാരായ മമ്മൂട്ടി, മോഹൻലാൽ, സംവിധായകരായ ബി. ഉണ്ണികൃഷ്ണൻ, കമൽ, വിജി തമ്പി, തിരക്കഥാകൃത്ത് എസ്.എൻ സ്വാമി, നിർമാതാവ് ആന്റോ ജോസഫ്, തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ നിരവധി പേർ അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."