HOME
DETAILS
MAL
മന്ത്രിസഭയിലേക്ക് പി.ടി.എ റഹീം സജീവ പരിഗണനയില്‍
backup
May 05 2021 | 12:05 PM
കോഴിക്കോട്: പിണറായി വിജയന്റെ രണ്ടാം മന്ത്രിസഭയില്‍ അഡ്വ. പി.ടി.എ റഹീം അംഗമാകാന്‍ സാധ്യതയേറി. കുന്ദമംഗലത്തുനിന്ന് മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ട റഹീമിനെ മന്ത്രിസ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നുണ്ട്.
ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത പരാമര്‍ശത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച കെ.ടി ജലീലിനെ പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന അഭിപ്രായമുയര്‍ന്ന സാഹചര്യത്തിലാണ് റഹീമിന്റെ പേര് ഉയര്‍ന്നുവന്നത്.
കഴിഞ്ഞ സര്‍ക്കാരില്‍ ജലീല്‍ കൈകാര്യം ചെയ്ത ന്യൂനപക്ഷ കാര്യം, ഹജ്ജ്, വഖ്ഫ് എന്നീ വകുപ്പുകള്‍ റഹീമിനെ ഏല്‍പ്പിക്കാനാണ് സി.പി.എം സംസ്ഥാന നേതൃത്വത്തില്‍ ആലോചനകള്‍ നടക്കുന്നത്.
മുസ്‌ലിം സമുദായവുമായി സര്‍ക്കാരിനെ അടുപ്പിക്കാന്‍ സമുദായത്തിനുകൂടി താല്‍പര്യമുള്ളയാളെ മന്ത്രിയാക്കുന്നതാണ് ഉചിതമെന്ന് സി.പി.എം വലയിരുത്തുന്നു. മുസ്‌ലിം സംഘടനകളുമായുള്ള അടുത്ത ബന്ധവും റഹീമിനെ പരിഗണിക്കാനുള്ള പ്രധാന ഘടകമായി.
2006ല്‍ കൊടുവള്ളിയില്‍നിന്ന് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റഹീം ഇതു നാലാം തവണയാണ് എം.എല്‍.എയാകുന്നത്. 2011 മുതല്‍ കുന്ദമംഗലത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഇത്തവണ 10,276 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. മുസ്‌ലിം ലീഗിലൂടെ രാഷ്ട്രീയത്തിലെത്തിയ റഹീം പിന്നീട് ഇടതുമുന്നണിയിലെത്തുകയായിരുന്നു. കൊടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."