കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം മെയ് 31ന് മടക്ക സർവിസുകൾ ജൂലൈ 14 മുതൽ
അശ്‌റഫ് കൊണ്ടോട്ടി
മലപ്പുറം
കേരളത്തിൽ നിന്നടക്കം ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാന സർവിസുകൾ മെയ് 31ന് ആരംഭിക്കും. നെടുമ്പാശേരി ഉൾപ്പടെ 10 വിമാനത്താവളങ്ങളിൽ നിന്ന് ഹജ്ജ് വിമാന സർവിസുകൾ നടത്തുന്നതിന് വിമാന കമ്പനികളിൽ നിന്ന് വ്യോമയാന മന്ത്രാലയം ടെർഡർ ക്ഷണിച്ചു. മെയ് അഞ്ചിനകം കുറഞ്ഞ നിരക്കിൽ ഡി.ജി.സി.എയുടെ നിബന്ധനകൾ പാലിച്ച് ടെൻഡർ നൽകുന്ന വിമാന കമ്പനികൾക്കാണ് ഈ വർഷം ഹജ്ജ് സർവ്വിസിന് അനുമതി നൽകുക. 56,601 പേർക്കാണ് ഹജ്ജ് സീറ്റുകൾ വിമനങ്ങളിൽ ബുക്ക് ചെയ്യുന്നത്.
രണ്ടുഘട്ടങ്ങളിലാണ് ഇത്തവണ ഹജ്ജ് സർവിസുകൾ ക്രമീകരിക്കുന്നത്.10 വിമാനത്താവളങ്ങളിൽ ആറിടങ്ങളിൽ നിന്ന് മെയ് 31 മുതൽ സർവിസ് തുടങ്ങും. ഇവ മദീനയിലേക്കാണ് പറക്കുക. നെടുമ്പാശേരി,ബംഗ്ലൂരു,ഡൽഹി,ഗോഹട്ടി,ലക്‌നൗ,ശ്രീനഗർ എന്നിവടങ്ങളിൽ നിന്നാണ് മദീനയിലേക്ക് സർവിസ്.ഇവർ ഹജ്ജ് കർമത്തിന് മുമ്പ് തന്നെ മദീന സന്ദർശനം പൂർത്തിയാക്കും. തുടർന്ന് മക്കയിലെത്തി ഹജ്ജ് കർമത്തിന് ശേഷം ജിദ്ദ വഴി നാട്ടിലേക്ക് മടങ്ങും.33,143 പേരാണ് മദീന വഴി യാത്രയാവുക. ഇതിൽ നെടുമ്പാശേരിയിൽ നിന്ന് 7,783 പേർക്കാണ് സീറ്റുണ്ടാവുക. കേരളത്തിന് പുറമെ ലക്ഷദ്വീപ്,തമിഴ്‌നാട് തീർഥാടകരും നെടുമ്പാശേരി വഴിയാണ് യാത്രയാവുക.
അഹമ്മദാബാദ്,ഹൈദരാബാദ്,കൊൽക്കത്ത,മുംബൈ എന്നിവടങ്ങളിൽ നിന്നുള്ള തീർഥാടകർ രണ്ടാംഘട്ടത്തിലാണ് പുറപ്പെടുക. ജൂൺ 16 മുതലാണ് രണ്ടാം ഘട്ട സർവിസ് തുടങ്ങുക. ഇവിടെ നിന്നുള്ള വിമാനങ്ങൾ നേരിട്ട് ജിദ്ദയിലേക്കായിരിക്കും പുറപ്പെടുക. ഹജ്ജ് കർമത്തിന് ശേഷം മദീന വഴി നാട്ടിലേക്ക് മടങ്ങും.23,459 പേരാണ് ജിദ്ദവഴി ഹജ്ജിന് പോവുക. ഹാജിമാരുടെ മടക്കം ജൂലൈ 14ന് ആരംഭിച്ച് ഓഗസ്റ്റ് 13ന് അവസാനിക്കും.
തീർഥാടകരുടെ ലഗേജുകളിൽ നിയന്ത്രണം
കൊണ്ടോട്ടി
ഹജ്ജ് തീർഥാടകർക്ക് ഇത്തവണ ലഗേജ് കൊണ്ടുപോവുന്ന തൂക്കത്തിൽ നിയന്ത്രണം. ഈവർഷം 40 കിലോ ലഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജുമാണ് അനുവദിക്കുക. മുൻകാലങ്ങളിൽ 55 കിലോ ലഗേജും പത്ത് കിലോ ഹാൻഡ് ബാഗേജും അനുവദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."