ഉക്രൈനിലെ ഭീതിവിതയ്ക്കാത്ത നോമ്പൊരുമകള്‍
തയാറാക്കിയത്: ടി. മുംതാസ്
പുലര്‍ച്ചെ രണ്ടര, മൂന്ന് മണിയോടെ സുബഹി ആവും. വൈകുന്നേരം എട്ടു മണിയൊക്കെയാവും സൂര്യാസ്തമയത്തിന്. 18 മണിക്കൂറിലേറെ നോമ്പുകാരനായിരിക്കണം. അതിനിടയിലെ കനത്ത ചൂടും... ഭീതി നിറച്ച് സൈറന്‍ മുഴങ്ങുന്ന, തീമഴയായി ഷെല്‍ വര്‍ഷിക്കുന്ന ഉക്രൈനില്‍നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ വിനിറ്റ്‌സെ നാഷല്‍ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥി അംജദ് അവിടുത്തെ നോമ്പനുഭവങ്ങള്‍ പറഞ്ഞുതുടങ്ങുകയായിരുന്നു.
ശാന്തവും സമാധാനപരവുമായിരുന്നു ഉക്രൈന്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ ധാരാളം വിദ്യാര്‍ഥികളാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു. വൈവിധ്യങ്ങളെ ചേര്‍ത്തുപിടിക്കുന്ന ജനത. വിദ്യാര്‍ഥികളില്‍ നല്ലൊരു ഭാഗവും മുസ്‌ലിംകളാണ്. കഴിഞ്ഞ വേനലില്‍ അവധിയായിരുന്നെങ്കിലും ഉക്രൈനിന്റെ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനായി അവിടെത്തന്നെ തങ്ങി. വേനലില്‍ അവിടെയും പൊള്ളുന്ന ചൂടായിരിക്കും. പകല്‍ദൈര്‍ഘ്യം വളരെ കൂടതലും. മുസ്്‌ലിം ജനസംഖ്യ തീരെ കുറവാണ്. വിദ്യാര്‍ഥികളും പ്രൊഫഷനലുകളുമായി എത്തിവരാണ് അവിടെ കാണുന്ന മുസ്്‌ലിംകളില്‍ ഭൂരിഭാഗവും. വ്യാപാരികളായ അറബികളെയും കാണാം.
വിനിറ്റ്‌സെയില്‍ ഒരു പള്ളി മാത്രമാണുള്ളത്. പള്ളിയെന്ന് വിശേഷിപ്പിക്കുന്ന കെട്ടിടത്തിന്റെ താഴെ നിലയിലാണ് പള്ളിയിലെ ഇമാമും കുടുംബവും താമസിക്കുന്നത്. മുകള്‍നിലയില്‍ വച്ചാണ് നിസ്‌കാരം. അവിടെ ഉച്ചഭാഷിണിയില്‍ വാങ്ക് വിളിക്കാന്‍ അനുവാദമില്ല. സാധാരണ വെള്ളിയാഴ്ച ജുമുഅ മാത്രമാണ് പള്ളിയില്‍ ജമാഅത്തായി നടത്തുന്നത്. റമദാനില്‍ മുസ്്‌ലിം വിദ്യാര്‍ഥികളും പ്രൊഷനലുകളുമായി ആ പ്രദേശത്തുള്ള ഭൂരിഭാഗം പേരും ഇഫ്താറിന് പള്ളിയില്‍ ഒരുമിച്ചുകൂടും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ടാവും. എല്ലാവരും ഒന്നിച്ചിരുന്ന് നോമ്പ് തുറക്കും. അറബികളുടെ മജ്‌ലിസ് സെറ്റപ്പിലാണ് ഭക്ഷണം. മജ്ബൂസ് പോലുള്ള അറബ്, ഈജിപ്ഷ്യന്‍ വിഭവങ്ങളാണ് അധികവും. അത് വലിയ തളികയില്‍ വിളമ്പി അഞ്ചുപേര്‍ ചുറ്റുംകൂടിയിരുന്നാണ് കഴിക്കുക. ദേശ, ഭാഷ വ്യത്യാസമില്ലാതെ ഒരേ മനസോടെ ഭക്ഷണത്തോടൊപ്പം സ്‌നേഹവും പകുത്തു കഴിക്കുന്ന വലിയൊരു അനുഭവമാണ് മജ്‌ലിസ്. ഇടയ്ക്ക് ആട്ടിന്‍ സൂപ്പും നോമ്പുതുറക്കായി ലഭിക്കും.
പള്ളിയില്‍ വിദ്യാര്‍ഥികളാണ് കൂടുതല്‍ ഉണ്ടായിരുന്നത്. ഈജിപ്ത്, ഫലസ്തീന്‍, ഗള്‍ഫ് രാഷ്ട്രങ്ങള്‍ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ധാരാളം മുസ്്‌ലിം കുട്ടികള്‍ അവിടെ പഠിക്കുന്നുണ്ട്.
പള്ളിയില്‍ ഇഫ്താറുള്ള ദിവസങ്ങളില്‍ അത്താഴവും പാര്‍സലായി ലഭിക്കും. അതുമായി ഹോസ്റ്റലിലെത്തി കഴിച്ചിട്ടാണ് കിടക്കാറുള്ളത്. പള്ളിയില്‍ പോകുന്നത് കാണുമ്പോ ചില ഉക്രൈനുകാര്‍ വന്ന് സലാം പറയും. ഹബീബി എന്നൊക്കെ വിളിച്ച് കുശലം പറയും. അറബ് രാജ്യങ്ങളില്‍നിന്നു വരുന്ന കുട്ടികളില്‍നിന്നും പഠിക്കുന്നതാണ് അവയൊക്കെ. അറബികള്‍ അവിടെ വളരെ ആക്ടീവാണ്.
പെണ്‍കുട്ടികള്‍ അപാര്‍ട്ട്‌മെന്റിലിരുന്നാണ്് നോമ്പ് തുറക്കുന്നത്. ഇടയ്ക്ക് അവരുടെ അപ്പാര്‍ട്ട്‌മെമെന്റുകളില്‍ ഇഫ്ത്താര്‍ സംഗമം നടത്തി ഞങ്ങളെല്ലാം ഒരുമിച്ചുകൂടും. പെരുന്നാളിന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ അവരുടെ തനത് മധുരപലഹാരങ്ങളൊക്കെ പള്ളിയില്‍ കൊണ്ടുവന്ന് നിരത്തിവയ്ക്കും. വൈവിധ്യമാര്‍ന്ന ആ ഒത്തുകൂടുതല്‍ വളരെ ആനന്ദകരമാണ്. കലുഷിതമായ അന്തരീക്ഷത്തില്‍ ഉക്രൈനില്‍നിന്ന് രക്ഷപ്പെട്ട് നാട്ടില്‍ റമദാന്‍ കാലം ചെലവഴിക്കാനായതിന്റെ ആവേശത്തിലാണ് എറണാകുളം കോതമംഗലം സ്വദേശിയായ അംജദ്.
ഖാര്‍കീവില്‍ ഉപരിപഠനത്തിനായെത്തുന്ന മുസ്്‌ലിം വിദ്യാര്‍ഥികള്‍ക്ക് പരസ്പരം കാണാനും സൗഹൃദം പങ്കുവയ്ക്കാനുമുള്ള അവസരമാണെന്ന് റമദാനും ഈദുമെന്ന് കാര്‍ഗീവില്‍ നാഷനല്‍ മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന ഫിര്‍സാന്‍. കോതമംഗം സ്വദേശിയായ ഫിര്‍സാന്‍ രണ്ടാം വര്‍ഷ മെഡിസിന് പഠിക്കുകയാണ്. മലയാളി വിദ്യാര്‍ഥികള്‍ ഏറെയുള്ള സ്ഥലമാണ് ഖാര്‍കീവ്്. മലയാളികളും മുസ്്‌ലിം വിദ്യാര്‍ഥികളും ഏറെയുള്ളതിനാല്‍ ഹോസ്റ്റലില്‍ നോമ്പിന് ഇഫ്താറിനും അത്താഴത്തിനുമായി ഭക്ഷണം ലഭിക്കും. കുറച്ച് ദൂരെയാണെങ്കിലും നോമ്പുതുറക്കാന്‍ ഞങ്ങള്‍ പള്ളിയിലേക്ക് പോവും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മുസ്്‌ലിംകളെല്ലാം പള്ളികളില്‍ നിന്നും പരസ്പരം കാണുന്നതിനാല്‍ അവര്‍ തമ്മില്‍ പുറത്തും നല്ല സഹകരണമായിരുന്നു. ഉക്രൈനി മുസ്്‌ലിംകള്‍ വളരെ കുറവാണ്. അവരില്‍ പലരും ഇസ്്‌ലാം ആശ്ലേഷിച്ചവരാണ് എന്നാണ് പറഞ്ഞുകേട്ടത്. ഉക്രൈന്‍ ജനതയ്ക്ക് മുസ്‌ലിം ലോകത്തിന്റെ നോമ്പിനെക്കുറിച്ചൊന്നും അറിയില്ലെന്നാണ് മലസിലാക്കുന്നതെന്നും ഫിര്‍സാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."