ബി.ഡി.ജെ.എസ് സംസ്ഥാന കൗണ്‍സിലില്‍ ബി.ജെ.പിക്ക് വിമര്‍ശനം
കൊല്ലം: തെരഞ്ഞെടുപ്പ് അവലോകനത്തിന് ഓണ്‍ലൈനായി ചേര്‍ന്ന ബി.ഡി.ജെ.എസ് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ബി.ജെ.പിക്ക് വിമര്‍ശനം. എന്‍.ഡി.എയുടെ മുഖ്യ സംയോജകനും മണ്ഡലം സംയോജകന്‍മാരും ഗുരുതരമായ കൃത്യവിലോപം കാട്ടിയെന്നും തെരഞ്ഞെടുപ്പില്‍ ഏകോപനവുമുണ്ടായില്ലെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
പ്രകടനപത്രിക തയാറാക്കുന്നതില്‍ പാര്‍ട്ടിയെ പൂര്‍ണമായും അവഗണിച്ചു. എല്‍.ഡി.എഫും യു.ഡി.എഫും ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കുകയും അവരുടെ നേതാക്കളുടെ ചിത്രങ്ങളടക്കം തെരഞ്ഞെടുപ്പില്‍ പരസ്യം ചെയ്യുകയുമുണ്ടായിട്ടും ബി.ഡി.ജെ.എസിനെ ബോധപൂര്‍വം ഒഴിവാക്കി. ചിത്രങ്ങള്‍ ഒഴിവാക്കിയതില്‍ മുഖ്യ സംയോജകന്റെ ഇടപെടലുണ്ടായതായും കൗണ്‍സിലില്‍ വിമര്‍ശനമുയര്‍ന്നു. ബി.ഡി.ജെ.എസ് മത്സരിച്ച മണ്ഡലങ്ങളില്‍ താരപ്രചാരകരെ നല്‍കാത്തതിലും മുഖ്യ സംയോജകന്റെ ഇടപെടലാണുണ്ടായത്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരേ സംഘടനാ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ സമീപിക്കാന്‍ യോഗം തീരുമാനിച്ചു. എന്നാല്‍ മുന്നണി മാറ്റം സംബന്ധിച്ച് തിടുക്കപ്പെട്ട് തീരുമാനം കൈക്കൊള്ളരുതെന്ന ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ അഭ്യര്‍ത്ഥനയെ മാനിച്ച് തല്‍ക്കാലം മുന്നണി വിടേണ്ടെന്നും യോഗം തീരുമാനിച്ചു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."