ആത്മവിചാരണ നടത്തുക
റമദാനിലെ ഏറ്റവും മൂല്യമേറിയ ദിനങ്ങളാണ് നമ്മോട് വിടചൊല്ലുന്നത്. റമദാന്റെ അമൂല്യമായ നിധിയാണ് അവ. പൂര്‍വസൂരികള്‍ ഓരോ ദിനവും എണ്ണിയെണ്ണി കാത്തിരിക്കാറുണ്ടായിരുന്നു. അവസാനത്തെ പത്തിലെ ഏറ്റവും പ്രധാനരാവ് ലൈലതുല്‍ ഖദ്ര്‍ തന്നെയാണ്. അനസ് ബിന്‍ മാലിക്(റ) പറയുന്നു: റമദാന്‍ ആഗതമായപ്പോള്‍ നബി(സ്വ) പറഞ്ഞു: 'ഈ മാസം നിങ്ങള്‍ക്കെത്തിയിരിക്കുന്നു. ആയിരം മാസങ്ങളേക്കാള്‍ പുണ്യകരമായ ഒരു രാവുണ്ട് അതില്‍. അത് തടയപ്പെട്ടവന് സകല നന്മകളും തടയപ്പെട്ടിരിക്കുന്നു'.
അല്ലാഹു വിശ്വാസികള്‍ക്കായി ഒരുക്കിയ അവസരമാണ് അവ. അല്ലാഹുവിന്റെ അടുക്കല്‍ മഹത്തായ പദവി നേടിയെടുക്കാന്‍ അവ മുഖേന വിശ്വാസിക്ക് സാധിക്കുന്നതാണ്. പാപങ്ങളില്ലാത്ത നബി(സ്വ) പോലും ഈ ദിനങ്ങളില്‍ കഠിനാധ്വാനം ചെയ്തതിനുള്ള കാരണവും മറ്റൊന്നല്ല. ആഇശ(റ) പറയുന്നു: 'അവസാന പത്തില്‍ പ്രവേശിച്ചാല്‍ തിരുമേനി(സ്വ) രാത്രിയില്‍ ഉറക്കമൊഴിക്കുകയും കുടുംബത്തെ ഉണര്‍ത്തുകയും മുണ്ട് മുറുക്കിയുടുത്ത് തയാറാവുകയും ചെയ്യാറുണ്ടായിരുന്നു'.
ആയിരം മാസങ്ങളേക്കാള്‍ പുണ്യം നിറഞ്ഞ ലൈലതുല്‍ ഖദ്ര്‍ നല്‍കി മുഹമ്മദ് നബി(സ്വ)യുടെ സമുദായത്തെ അല്ലാഹു ആദരിച്ചതാണ്. മുന്‍കാല സമൂഹത്തിന് ഈ സൗഭാഗ്യം ലഭിച്ചിരുന്നില്ല. ഖദ്ര്‍ സൂറത്തിന്റെ അവതരണ പശ്ചാത്തലത്തില്‍ ഇങ്ങനെ കാണാം: മുജാഹിദ് (റ) പറയുന്നു: ബനൂ ഇസ്‌റാഈല്‍ സമൂഹത്തില്‍ പകല്‍ മുഴുവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സായുധസമരം നയിക്കുകയും രാത്രി മുഴുവന്‍ ആരാധന നിര്‍വഹിക്കുകയും ചെയ്ത് ആയിരം മാസം ജീവിച്ച ഒരു മഹാനുണ്ടായിരുന്നു. അദ്ദേഹത്തെക്കുറിച്ചു കേട്ട നബി(സ്വ)യും അനുയായികളും ആശ്ചര്യപ്പെടുകയും തങ്ങളുടെ നന്മകള്‍ എത്ര തുച്ഛമാണെന്ന് വ്യസനിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് പ്രസ്തുത സൂറത്ത് അവതരിച്ചത്(ത്വബ്‌രി). അനസ് (റ) പറയുന്നു: പൂര്‍വകാല സമുദായത്തിന്റെ ആയുസിനെ കുറിച്ച് ചിന്തിച്ചപ്പോള്‍ അവരുടെ അടുത്തെത്താന്‍ പറ്റാത്ത അവസ്ഥയിലാണല്ലോ തന്റെ സമുദായത്തിന്റെ ആയുസ് എന്ന് തിരുനബി(സ്വ) വ്യസനിച്ചു. ഇതിനു പരിഹാരമായിട്ടാണു ലൈലതുല്‍ ഖദ്ര്‍ വിളംബരം ചെയ്യുന്ന അധ്യായം ഇറങ്ങിയത്(മുവത്വ, ബൈഹഖി).
അതിനെക്കുറിച്ച് വ്യക്തമാക്കാതിരുന്നത് ഉമ്മത്തിന്റെ സല്‍കര്‍മങ്ങള്‍ വര്‍ധിക്കാനാണ്. ഏതെങ്കിലും ഒരു പ്രത്യേകദിനത്തില്‍ മാത്രം ഇബാദത്തുകള്‍ ചെയ്ത് ബാക്കി ദിനങ്ങളില്‍ അലസരാകുന്നത് അല്ലാഹു ഇഷ്ടപ്പെട്ടില്ല. നിശ്ചിത രാവാണെന്ന് വ്യക്തമായാല്‍ മറ്റ് രാവുകള്‍ വൃഥാ പാഴാക്കാന്‍ കാരണമാകുന്നു. നിരന്തരം പാപങ്ങളില്‍ മുഴുകുന്നവര്‍ ഈ രാത്രി കൃത്യമായി അറിഞ്ഞിട്ടും തിന്മയില്‍ വ്യാപൃതരാകുമ്പോള്‍ അവര്‍ക്കുള്ള ശിക്ഷ കഠിനമാകുന്നതാണ്. ക്ലിപ്തമായതിന് ശേഷം യാദൃച്ഛികമായി ആ രാവ് നഷ്ടപ്പെട്ടാല്‍ വിശ്വാസിക്കുണ്ടാകുന്ന താങ്ങാനാവാത്ത മനഃപ്രയാസം മറ്റു ഇബാദത്തുകളില്‍ വ്യാപൃതനാകുന്നതിന് തടസമാകാന്‍ കാരണമാകും. അന്ത്യനാളില്‍ വിശ്വാസികളുടെ നന്മകള്‍ക്ക് എങ്ങനെയെങ്കിലും വര്‍ധനവ് ഉണ്ടാകണമെന്നാണ് കാരുണ്യവാനായ അല്ലാഹു ഉദ്ദേശിക്കുന്നത്. മലക്കുകളുടെ മുന്‍പില്‍ അല്ലാഹു അഭിമാനത്തോടെ ഇങ്ങനെ പറയും: ലൈലതുല്‍ ഖദ്ര്‍ കൃത്യമായി അറിയാതിരിന്നിട്ടുപോലും എന്റെ അടിമകള്‍ രാത്രിയില്‍ ഇബാദത്തിലാണ്. ഇത് അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ എത്രമാത്രം ഇബാദത്ത് ചെയ്യുമായിരുന്നു.
റമദാന്‍ സമാഗതമായിട്ടും പാപങ്ങള്‍ പൊറുക്കപ്പെടുവാന്‍ അതിനെ ഫലപ്രദമായി പ്രയോജനപ്പെടുത്താത്തവര്‍ക്ക് അല്ലാഹുവിന്റെ ശാപമുണ്ടാവട്ടെയെന്ന് ജിബ്‌രീല്‍ പ്രാര്‍ഥിക്കുകയും പ്രവാചകന്‍ തിരുമേനി ആമീന്‍ ചൊല്ലുകയും ചെയ്തതായി ഹദീസുകള്‍ പഠിപ്പിക്കുന്നു.
നരകത്തില്‍ നിന്ന് മോചിതരാവുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നവരാണ് വിജയികളെന്നാണ് ഖുര്‍ആനിക അധ്യാപനം. നമ്മുടെ വിജയത്തിലേക്കുള്ള വഴി നിര്‍ണയിക്കുന്ന സുപ്രധാന നാളുകളാണ് നമ്മോട് വിടപറയുന്നത്. അടുത്ത റമദാനില്‍ നാം ഉണ്ടാവുമെന്ന് ഒരു ഉറപ്പുമില്ല. ഇനിയൊരവസരം ലഭിക്കുമെന്നതിന് യാതൊരു നിശ്ചയവും ആര്‍ക്കും നല്‍കാനാവാത്തതിനാല്‍ മുന്നിലുള്ള അവസരം പാഴാക്കാതിരിക്കുകയെന്നത് മാത്രമാണ് മാര്‍ഗം.
നാളെ മഹ്ശറയില്‍ നേരിടേണ്ടി വരുന്ന വിചാരണ ഭയാനകമാണെന്നും അതിനായി നാം തയാറാകണമെന്നും നിരന്തരം ആത്മാവിനെയും ശരീരത്തെയും നാം ഓര്‍മപ്പെടുത്തണം. പരലോക വിചാരണ ഖുര്‍ആന്‍ വ്യക്തമാക്കുന്നു.'അന്ന് നാമവരുടെ വായ അടച്ചു മുദ്രവയ്ക്കും. അവരുടെ കൈകള്‍ നമ്മോട് സംസാരിക്കും. കാലുകള്‍ സാക്ഷ്യം വഹിക്കും. അവര്‍ ചെയ്തുകൊണ്ടിരുന്നത് എന്തായിരുന്നുവെന്ന് '(യാസീന്‍: 65).
ഉമര്‍ (റ) വ്യക്തമാക്കുന്നു: 'കാഠിന്യമുള്ള വിചാരണയ്ക്ക് മുന്‍പ് നീ സ്വയം വിചാരണ നടത്തുക. അതാണ് ഉത്തമഭാവിക്ക് നല്ലത്. ആത്മവിചാരണക്ക് സന്നദ്ധനല്ലെങ്കില്‍ പരലോകം ദുഃഖത്തിലും നഷ്ടത്തിലുമായിരിക്കും.'സ്വയം വിചാരണയുടെ മഹത്വമറിഞ്ഞ ഉമര്‍(റ) ഏകാന്തനായിരുന്ന് സ്വന്തത്തോട് പറയുമായിരുന്നു: 'അല്ലാഹുവില്‍ സത്യം, ഖത്താബിന്റെ പുത്രന്‍ ഉമറേ, നീ അല്ലാഹുവിനെ സൂക്ഷിക്കുക. ഇല്ലെങ്കില്‍ അവന്‍ നിന്നെ കഠിനമായി ശിക്ഷിക്കുക തന്നെ ചെയ്യും'.
ഒറ്റയ്ക്കിരുന്ന് കരയുന്ന ആഇശ(റ)യോട് നബി(സ) കാരണമന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു:'നരകത്തെക്കുറിച്ച് ഓര്‍ത്ത് കരഞ്ഞതാണ് റസൂലേ. അന്ത്യനാളില്‍ അങ്ങ് അങ്ങയുടെ കുടുംബത്തെ ഓര്‍ക്കുമോ. 'നബി(സ) മറുപടി പറഞ്ഞു; ആഇശക്ക് ഒട്ടും പ്രതീക്ഷ നല്‍കാത്ത ഉത്തരം. 'ആഇശാ, മൂന്നു സന്ദര്‍ഭങ്ങളില്‍ ഒരാളും മറ്റൊരാളെ ഓര്‍ക്കില്ല. നന്മതിന്മകള്‍ തൂക്കുന്ന ത്രാസിനടുത്ത് വച്ച് തന്റെ ത്രാസിന്റെ ഭാരം കൂടുമോ കുറയുമോ എന്ന ഭയമായിരിക്കും ഓരോരുത്തര്‍ക്കും. കര്‍മപുസ്തകങ്ങള്‍ കൊണ്ടുവരുമ്പോള്‍ വലതു കൈയിലാണോ ഇടതു കൈയിലാണോ പിന്നിലൂടെയാണോ അത് നല്‍കപ്പെടുക എന്നറിയുന്നതുവരെ. നരകത്തിനഭിമുഖമായി പാലം വയ്ക്കുകയും അത് മുറിച്ചുകടക്കുകയും ചെയ്യുന്നതുവരെ'(അബൂദാവൂദ്).
നമ്മുടെ സ്വന്തം അവയവങ്ങളും നമ്മെ തള്ളിപ്പറയുന്ന വിചാരണാഘട്ടം നാളെ വരാനുണ്ടെന്ന് അല്ലാഹു മുന്നറിയിപ്പ് നല്‍കിയതാണ്. 'അവര്‍ അവിടെ എത്തിയാല്‍ അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി അവരുടെ കാതുകളും കണ്ണുകളും ചര്‍മങ്ങളും അവര്‍ക്കെതിരേ സാക്ഷ്യംവഹിക്കും. അപ്പോള്‍ അവര്‍ ചര്‍മത്തോട് ചോദിക്കും: നിങ്ങളെന്തിനാണ് ഞങ്ങള്‍ക്കെതിരേ സാക്ഷ്യംവഹിച്ചത്. അവ പറയും: സകല വസ്തുക്കള്‍ക്കും സംസാരശേഷി നല്‍കിയ അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചു. അവനാണു ആദ്യ തവണ നിങ്ങളെ സൃഷ്ടിച്ചത്. നിങ്ങള്‍ തിരിച്ചുചെല്ലേണ്ടതും അവങ്കലേക്കു തന്നെ'(ഫുസ്സ്വിലത്ത്: 2021). കഴിഞ്ഞുപോയ മഹാന്‍മാര്‍ മുഴുവന്‍ സ്വന്തത്തെ നിരന്തരം വിചാരണ നടത്തിയവരായിരുന്നു. അതുല്യമായ ഈമാനിന്റെ ശക്തിയുണ്ടായിരുന്ന സ്വഹാബികള്‍ രാത്രിയുടെ അന്ത്യയാമങ്ങളില്‍ കണ്ണീരൊലിപ്പിച്ച് പ്രാര്‍ഥിച്ചത് അല്ലാഹുവിന്റെ വിചാരണ ഓര്‍ത്തിട്ടായിരുന്നു.
റമദാനിന്റെ അവശേഷിക്കുന്ന ദിനരാത്രികള്‍ ലൈലതുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ചും പശ്ചാത്തപിച്ചും നാം അല്ലാഹുവിലേക്ക് അടുക്കണം. ഇനിയൊരു അവസരം നമുക്കില്ലെന്ന പോലെ... മഹാന്മാര്‍ പറഞ്ഞു: കര്‍മങ്ങളില്‍ ഭക്തി വേണോ, അത് തന്റെ അവസാനത്തെ ഇബാദത്താണ് എന്നും അടുത്ത ഇബാദത്തിന് മുന്‍പ് താന്‍ മരിക്കും എന്നും ഉറപ്പിച്ച് കര്‍മനിരതരാവുക. സത്യത്തില്‍ ആ ബോധമാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. ധര്‍മം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതും. നാം സ്വയംവിചാരണ നടത്തി അതിന് തയാറാവുക.
(സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷററാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."