അടിക്ക് തിരിച്ചടി; വാങ്കഡെയിൽ മുംബൈക്ക് വെടിക്കെട്ട് വിജയം
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ വെടിക്കെട്ട് വിജയവുമായി മുംബൈ ഇന്ത്യൻസ്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ഏഴ് വിക്കറ്റിനാണ് മുംബൈ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. മറുപടി പറഞ്ഞ മുംബൈയ്ക്ക് മൂന്ന് വിക്കറ്റും 15.3 ഓവറും മാത്രമെ വിജയത്തിനായി വേണ്ടിവന്നുള്ളു.
നായകൻ ഫാഫ് ഡു പ്ലെസിസ്, രജത് പാട്ടിദാർ, ദിനേശ് കാർത്തിക്ക് എന്നിവരുടെ അർദ്ധ സെഞ്ച്വറികളാണ് ബെംഗളൂരുവിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഫാഫ് ഡു പ്ലെസി 61 റൺസെടുത്തു. രജത് പാട്ടിദാർ 50 റൺസുമായി പുറത്തായി. അവസാന ഓവറുകളിൽ കാർത്തിക്ക് നടത്തിയ വെടിക്കെട്ടാണ് റോയൽ ചലഞ്ചേഴ്സിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. 23 പന്തിൽ 53 റൺസുമായി താരം പുറത്താകാതെ നിന്നു. അഞ്ച് ഫോറും നാല് സിക്സും സഹിതമാണ് കാർത്തിക്കിന്റെ വെടിക്കെട്ട്.
അഞ്ച് വിക്കറ്റ് നേട്ടവുമായി ജസ്പ്രീത് ബുംറ മുംബൈ ബൗളർമാരിൽ തിളങ്ങി. മറുപടി ബാറ്റിംഗിൽ ഇഷാൻ കിഷാൻ ബാറ്റിംഗ് വെടിക്കെട്ടിന് തുടക്കമിട്ടു. 34 പന്തിൽ 69 റൺസുമായി കിഷൻ മടങ്ങിയപ്പോൾ മുംബൈ സ്കോർ 100 കടന്നിരുന്നു. ഏഴ് ഫോറും അഞ്ച് സിക്സും സഹിതമാണ് കിഷന്റെ ഇന്നിംഗ്സ്.
രോഹിത് ശർമ്മ 24 പന്തിൽ 38 റൺസെടുത്തു പുറത്തായി. മൂന്ന് ഫോറും മൂന്ന് സിക്സും രോഹിതിന്റ വകയായി ഉണ്ടായി. ഇംപാക്ട് താരമായി വന്ന സൂര്യകുമാർ യാദവ് 19 പന്തിൽ 52 റൺസെടുത്തു. അഞ്ച് ഫോറും നാല് സിക്സും സൂര്യയുടെ ബാറ്റിൽ നിന്ന് പിറന്നു. നായകൻ ഹാർദ്ദിക്ക് പാണ്ഡ്യയും പറത്തി മൂന്ന് സിക്സുകൾ. ആറ് പന്തിൽ 21 റൺസുമായി ഹാർദ്ദിക്ക് പാണ്ഡ്യയും 10 പന്തിൽ 16 റൺസുമായി തിലക് വർമ്മയും പുറത്താകാതെ നിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."