കൊച്ചി ഗ്യാസ് ചേംബറില്‍ അകപ്പെട്ട അവസ്ഥയില്‍; ഉത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ബ്രഹ്മപുരം മാലിന്യസംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തെത്തുടര്‍ന്ന് വിഷപ്പുക വ്യാപിച്ച വിഷയത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ഗ്യാസ് ചേംബറില്‍ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാരെന്ന് കോടതി നിരീക്ഷിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടണമെന്നും വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
വിഷയത്തില്‍ കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിയോടും ബോര്‍ഡ് ചെയര്‍മാനോടും ഇന്ന് ഉച്ചയ്ക്ക് 1.45 ന് നേരിട്ട് കോടതിയില്‍ ഹാജരാവാന്‍ നിര്‍ദ്ദേശിച്ചു. രേഖകളും ഹാജരാക്കണം.
കേരളം മാതൃകാ സംസ്ഥാനമെന്നാണ് പറയുന്നത്. ഇവിടെ വ്യവസായ ശാലകള്‍ പോലുമില്ല. എന്നിട്ടാണ് ഈ സ്ഥിതി. ഹൈദരാബാദിലും സെക്കന്തരാബാദിലും വ്യവസായ ശാലകള്‍ ഉണ്ടായിട്ട് പോലും ഈ പ്രശ്‌നങ്ങളില്ലെന്നും കോടതി വിമര്‍ശിച്ചു.
ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരാജയപ്പെട്ടു. ഭാവിയില്‍ ഇത്തരം അപടകടങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് കോടതി ശ്രമിക്കുന്നത്. മാലിന്യ നിര്‍മാര്‍ജനത്തില്‍ മാതൃകയാക്കണമെന്നും ഒരോ ദിവസവും നിര്‍ണായകമാണെന്നും ഇതിനായി എല്ലാവരും കൂട്ടായ പ്രവര്‍ത്തനം വേണമെന്നും കോടതി ആവശ്യപ്പെട്ടു.
അതേസമയം, തീപിടിത്തത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പൂര്‍ണമായും അണച്ചെന്ന് ജില്ലാ കളക്ടര്‍ രേണുരാജും വ്യക്തമാക്കിയിരുന്നു.
കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് കത്ത് നല്‍കിയതിനെ തുടര്‍ന്ന് ബ്രഹ്മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."