വിദേശ രാജ്യങ്ങളുമായുള്ള ഇടപെടലുകളില്‍ പ്രധാനി; വിശാല ലക്ഷ്യങ്ങളുമായി ഖത്തറില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി ചുമതലയേല്‍ക്കുമ്പോള്‍…
ദോഹ: ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി ചുമതലയേറ്റു. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയാണ് പുതിയ പ്രധാനമന്ത്രിയെ നിയമിച്ചത്. വിദേശരാജ്യങ്ങളിലെ ഖത്തറിന്റെ മുഖമാണ് ശൈഖ് മുഹമ്മദ്. ഇദ്ദേഹത്തെ പ്രധാനമന്ത്രിയാക്കുന്നതിലൂടെ ഖത്തര്‍ അമീറിന് വിശാലമായ ലക്ഷ്യങ്ങളുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
2017 മുതല്‍ വിദേശകാര്യ മന്ത്രിയായി തുടരുന്ന അദ്ദേഹം ഈ പദവി ഒഴിഞ്ഞിട്ടില്ല. ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ അദ്ദേഹം ഈ പദവി ഒഴിഞ്ഞു. വിദേശത്തെ ഖത്തറിന്റെ നിക്ഷേപങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിക്കുന്നത് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയാണ്. ഇനി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ശൈഖ് ബാന്ദര്‍ ബിന്‍ മുഹമ്മദ് ബിന്‍ സൗദ് അല്‍ത്താനിയാകും ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ചെയര്‍മാന്‍.
ഖാലിദ് ബിന്‍ ഖലീഫ അല്‍ത്താനിയായിരുന്നു ഖത്തറിന്റെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും. ഖാലിദ് രാജിവച്ചു. തൊട്ടുപിന്നാലെയാണ് ശൈഖ് മുഹമ്മദിനെ അമീര്‍ പ്രധാനമന്ത്രിയായി നിയമിച്ചത്. ഇന്ന് അദ്ദേഹം സത്യവാചകം ചൊല്ലി. എന്താണ് പൊടുന്നനെയുള്ള ശൈഖ് ഖാലിദിന്റെ രാജിക്ക് കാരണം എന്ന് വ്യക്തമല്ല. ശൈഖ് മുഹമ്മദ് സുപ്രധാന പദവിയിലേക്ക് ഉയര്‍ന്നത് ഘട്ടങ്ങളായിട്ടാണ്. വിദേശരാജ്യങ്ങളിലും അന്താരാഷ്ട്ര വേദികളിലും ഖത്തറിനെ പ്രതിനിധീകരിക്കുന്ന വ്യക്തി കൂടിയാണ് ശൈഖ് മുഹമ്മദ്. യൂറോപ്യന്‍ രാജ്യങ്ങളുമായും അമേരിക്കയുമായും ബന്ധം കൂടുതല്‍ ദൃഢമാക്കാനാണ് ശൈഖ് മുഹമ്മദിനെ നിയോഗിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
റഷ്യ -ഉക്രൈനെ ആക്രമിച്ച സാഹചര്യത്തില്‍ യൂറോപ്പ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്നുള്ള വാതക ഇറക്കുമതി കുറച്ചിരുന്നു. ഈ ഘട്ടത്തില്‍ വാതകത്തിന് വേണ്ടി യൂറോപ്പ് ആശ്രയിച്ചത് ഖത്തറിനെയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചത് ശൈഖ് മുഹമ്മദാണ്. സഊദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച വേളയില്‍ ചര്‍ച്ചയ്ക്ക് മുന്നില്‍ നിന്നതും ശൈഖ് മുഹമ്മദ് ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."