സി.പി.ഐയുടെ എതിർപ്പ് തള്ളി ദുരന്തനിവാരണ അതോറിറ്റി മുഖ്യമന്ത്രി ഏറ്റെടുക്കും
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
റവന്യൂ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുഖ്യമന്ത്രി ഏറ്റെടുക്കുന്നു. സി.പി.ഐയുടെ എതിർപ്പ് തള്ളിയാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവർത്തനത്തിന് വിവിധ വകുപ്പുകളുടെ ഏകോപനം വേണ്ടിവരുന്നതു ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഏറ്റെടുക്കാൻ തീരുമാനിച്ചത്.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ഉടൻ തന്നെ അതോറിറ്റി ഏറ്റെടുക്കാൻ തീരുമാനിച്ചുവെങ്കിലും സി.പി.ഐ ശക്തമായ എതിർപ്പ് അറിയിച്ചു. പിന്നീട് ഇടതുമുന്നണിയിൽ ചർച്ച ചെയ്ത് തീരുമാനിക്കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും മുന്നണിയിൽ ചർച്ച ചെയ്യാതെയാണ് സി.പി.ഐയുടെ കൈവശമുള്ള വകുപ്പ് പിടിച്ചെടുക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചത്.
കഴിഞ്ഞ ദിവസത്തെ സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലും അധികാരം വിട്ടുകൊടുക്കുന്നതിനെതിരേ രൂക്ഷ വിമർശനം ഉയർന്നിരുന്നു. എന്നാൽ മുഖ്യമന്ത്രി അമേരിക്കയിൽനിന്ന് തിരിച്ചെത്തിയ ശേഷം ഒന്നുകൂടി ചർച്ച നടത്താമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉറപ്പു നൽകി.
കൊവിഡ് കാലത്ത് ആരോഗ്യവകുപ്പ് അടക്കമുള്ള പ്രധാന വകുപ്പുകളുടെ ഏകോപനം ദുരന്ത നിവാരണ അതോറിറ്റിക്ക് അനിവാര്യമാണ്. വിവിധ വകുപ്പുകളെ ഒന്നിപ്പിക്കുന്ന ചുമതല ഏതെങ്കിലും ഒരു വകുപ്പിന് ചെയ്യാനാകില്ലെന്നും ഇതു മുഖ്യമന്ത്രിക്കുമാത്രമേ സാധിക്കുവെന്നു ചൂണ്ടിക്കാട്ടിയാണ് മാറ്റം കൊണ്ടുവരുന്നത്.
മുഖ്യമന്ത്രി ചെയർമാനും റവന്യൂ മന്ത്രി വൈസ്‌ചെയർമാനുമായ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ദുരന്തനിവാരണ അതോറിറ്റിയുടെ ഭരണ നിർവഹണസമിതി. മുഖ്യമന്ത്രിയുടെ കീഴിൽ വരുന്നതോടെ കലക്ടർമാരുടെമേൽ കൂടുതൽ സ്വാധീനം ഉറപ്പിക്കാനാകും. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കലക്ടറാണ്.
കേരളത്തിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും റവന്യൂ വകുപ്പിനു കീഴിലാണ് ദുരന്ത നിവാരണ അതോറിറ്റി പ്രവർത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."