100/100 ബിനോ ജോർജിന്റെ ആ തീരുമാനത്തിന്
ഹാറൂൻ റഷീദ്
കോഴിക്കോട്
എല്ലാ പോരാട്ടങ്ങളിലും മത്സരത്തിന്റെ ഗതിമാറ്റുന്ന നിർണായക തീരുമാനമുണ്ടാകും. അത്തരത്തിലൊരു തീരുമാനം കേരള-കർണാടക മത്സരത്തിലും കണ്ടു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ സൂചികുത്താനിടമില്ലാത്തവിധം തിങ്ങിനിറഞ്ഞ കാണികളെ നിശബ്ദമാക്കുന്നതായിരുന്നു 24ാം മിനുട്ടിലെ കർണാടകയുടെ ആദ്യ ഗോൾ. പെട്ടെന്ന് സ്റ്റേഡിയത്തിലെ ആരവം നിലച്ചു. ആഹ്ലാദം ആർത്തനാദങ്ങളായി.
ഗോൾ വീണതോടെ പരിശീലകൻ ബിനോ എടുത്ത തീരുമാനമാണ് മത്സരത്തിന്റെ ഗതിമാറ്റിയത്. 27ാം മിനുട്ടിൽ മുന്നേറ്റനിരയിലെ വിഘ്‌നേഷിനെ പിൻവലിച്ച് ജെസിനെ കളത്തിലിറക്കുന്നു. വേഗതക്കുറവുള്ള വിഘ്‌നേഷ് പോയി വേഗക്കാരനായ ജെസിൻ എത്തി. കോച്ചിന്റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു ജെസിന്റെ പ്രകടനം. കളത്തിലിറങ്ങി ഏഴാംമിനുട്ടിൽ തന്നെ ആദ്യഗോൾ. 34ാം മിനുട്ടിൽ ആദ്യ ഗോൾ, 41ാം മിനുട്ടിൽ രണ്ടാം ഗോൾ, 44ാം മിനുട്ടിൽ മൂന്നാം ഗോൾ ഒപ്പം കന്നി ഹാട്രിക്ക് പൂർത്തിയാക്കലും.
കേരളത്തിന്റെ സ്‌കോർ 3-1 എന്ന നിലയിലെത്തിച്ച് ജെസിൻ ഗാലറിയെ നോക്കി പറഞ്ഞു, ഇതാ നമ്മൾ തിരിച്ചുവന്നിരിക്കുന്നു. ആദ്യ പകുതിയിൽ തന്നെ മൂന്നുഗോളിന് മുന്നിലെത്തിയ കേരളത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. തുടരെയുള്ള ആക്രമണങ്ങൾ. വൈകിയില്ല 45ാം മിനുട്ടിൽ ശിഖിലിന്റെ നാലാം ഗോൾ.
ആദ്യ പകുതിയിൽ തന്നെ കർണാടകയുടെ ശവപ്പെട്ടിയിലെ അവസാന ആണിയും അടിച്ചു. ആദ്യ പകുതിയുടെ വിസിൽ ഉയർന്നപ്പോൾ ബിനോ ജോർജിന്റെ മുഖത്തെ ആനന്ദക്കണ്ണീർ ചാനൽ വീണ്ടും വീണ്ടും കാണിച്ചുകൊണ്ടിരുന്നു. നിർണായക നിമിഷത്തിലെ ആ തീരുമാനമത്തിനും ആ തീരുമാനം നടപ്പാക്കിയ ജെസിനുമായിരുന്നു കർണാടകക്കെതിരേയുള്ള സെമിയിലെ നൂറു മാർക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."