കഫീലിന്റെ ഇഫ്താര്‍
അഞ്ചോ ആറോ വയസുള്ളപ്പോള്‍ നോമ്പ് പിടിച്ച് പൂര്‍ത്തീകരിക്കുന്നതായിരുന്നു എവറസ്റ്റാരോഹണത്തെക്കാള്‍ പ്രയാസകരമായ കാര്യം. അരദിവസത്തെ നോമ്പും പിന്നെ അര ദിവസത്തെ നോമ്പും ചേര്‍ത്ത് ഒന്നാക്കി കൂട്ടുന്ന ആ പരിശീലന കാലം മറക്കാനാവില്ല. ബാപ്പയ്ക്ക് എല്ലാവരും ചെറുപ്പത്തിലേ തന്നെ വ്രതം അനുഷ്ടിക്കണമെന്ന് നിര്‍ബന്ധമായിരുന്നു. വിശപ്പും ദാഹവും കൊണ്ട് ഞങ്ങള്‍ കുട്ടികള്‍ തളരുന്നത് കാണുമ്പോള്‍ പാവം ഉമ്മ വെള്ളമെടുത്തു തരും. എങ്കിലും അങ്ങനെ അര നോമ്പ് പിടിച്ചു പിടിച്ചാണ് പിന്നെ ഏതു ചൂടിലും മുപ്പതു ദിവസവും വ്രതം അനുഷ്ടിക്കാനുള്ള പരിശീലനം കിട്ടിയത്. ബാപ്പ മരിച്ചുപോയെങ്കിലും ഇപ്പോഴും ഉമ്മയെ കാണാന്‍ പോകുമ്പോള്‍ അക്കാര്യം പറഞ്ഞു ചിരിക്കാറുണ്ട്. പ്രായം കൂടുന്തോറും നോമ്പ് ആത്മീയമായ അനുഭൂതിയായി മാറി. ഒരുമാസം കഴിയുമ്പോള്‍ നോമ്പ് തീര്‍ന്നുപോയല്ലോ എന്നതായി പിന്നത്തെ സങ്കടം. ഇങ്ങനെ പ്രായവ്യത്യാസമനുസരിച്ചും കാലവ്യത്യാസമനുസരിച്ചും ഓരോര്‍ത്തര്‍ക്കും നോമ്പനുഭവങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു.
നാട്ടില്‍ നിന്നും അഞ്ചു വര്‍ഷങ്ങള്‍ ഗള്‍ഫ് വാസവുമായി സഊദിയിലെ ഷറൂറ എന്ന സ്ഥലത്തായിരുന്ന കാലത്തെ നോമ്പനുഭവങ്ങളും മറക്കാന്‍ കഴിയില്ല. യമന്‍സഊദി അതിര്‍ത്തിയായ ഷറൂറയും നജ്‌റാനുമൊക്കെ ഇന്ന് സംഘര്‍ഷഭൂമി ആയിരിക്കുന്നു. അറബി ആദിവാസികളായ ബദുക്കളുടെ ആവാസകേന്ദ്രമായ അവിടെ വെച്ച് പരിചപ്പെടാനിടയായ സാലിം അലി ഹുജ്‌റാനെപ്പോലെയുള്ള നിഷ്‌കളങ്കരായ കുറെ നല്ല മനുഷ്യരുടെ ഓര്‍മകള്‍ ഇപ്പോഴും മനസിലുണ്ട്.
നോമ്പ് വരെ ഞങ്ങള്‍ തന്നെ ഭക്ഷണം ഉണ്ടാക്കിക്കഴിക്കുകയായിരുന്നു. എന്നാല്‍ ആ ഒരുമാസം നോമ്പുതുറ അറബി മുതലാളിയുടെ വകയായിരുന്നു. നോമ്പിന് രാത്രിയുള്ള ഇടയത്താഴം കുബ്ബൂസെന്ന അറബികളുടെ ദേശീയ ഭക്ഷണവും. ഞങ്ങളുടെ യഥാര്‍ഥ കഫീല്‍ സ്‌പോണ്‍സര്‍ ആയിരുന്നില്ല അയാള്‍. സഊദി പൗരത്വം നേടിയ അനേകരെപ്പോലെ ഒരു യമനി. അവിടെ നിന്നും പിന്നെയും ദൂരെ ഖമീസ് മുഷ്ത്തയാത്ത് എന്ന സ്ഥലത്തായിരുന്നു ഞങ്ങളുടെ യഥാര്‍ഥ സ്‌പോണ്‍സര്‍. ഞങ്ങളെ അയാളുടെ ഷറൂറയിലെ സൂപ്പര്‍ മാര്‍ക്കറ്റിനും പെട്രോള്‍ പമ്പിനുമൊപ്പം വാടകയ്ക്ക് കൊടുത്തിരിക്കുകയായിരുന്നു.
നാളുകള്‍ കറങ്ങിത്തിരിഞ്ഞ് വീണ്ടും നാട്ടിലെത്തിയപ്പോള്‍ ദൈവാനുഗ്രഹത്താല്‍ സര്‍ക്കാര്‍ സര്‍വിസില്‍ കയറാന്‍ കഴിഞ്ഞു. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലെ ലേബര്‍ ഓഫിസില്‍ ആയിരുന്നു ആദ്യ നിയമനം. രണ്ടു വര്‍ഷമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ആ സമയത്തേത് അവിസ്മരണീയമായ ഒരു നോമ്പനുഭവമായിരുന്നു. നോമ്പുമായി വെളുപ്പിന് എറണാകുളംആലപ്പുഴ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ തിക്കും തിരക്കും ചായ...കാപ്പി...വട എന്നിങ്ങനെയുള്ള മൂന്ന് മണിക്കൂറോളമുള്ള നിരന്തര വിളികള്‍ക്കുമിടയിലെ ആ നോമ്പായിരുന്നു ശരിക്കും നോമ്പ്.
തിരിച്ചു വരുമ്പോള്‍ കരുനാഗപ്പള്ളി എത്തുമ്പോഴേക്കും നോമ്പുകാരെല്ലാം ട്രെയിനിലെ കാന്റീനില്‍ എത്തും. ആ സമയമാകുമ്പോഴാണ് ബാങ്ക് വിളിക്കുക. ഒരു മസാല ദോശയും ചായയും കുടിച്ച് നോമ്പ് തുറന്ന് തിരിച്ച് സീറ്റില്‍. വീട്ടിലെത്തി വിശാലമായി നോമ്പ് തുറക്കുമ്പോഴേക്കും രാത്രി ഒന്‍പത് മണിയെങ്കിലുമാകും.
രണ്ടു വര്‍ഷത്തെ നോമ്പേ ഇന്റര്‍സിറ്റിയിലേതായി ഉണ്ടായിരുന്നുള്ളൂവെങ്കിലും എപ്പോഴും ഓര്‍ത്തിരിക്കുന്ന നോമ്പായിരുന്നു അത്. പിന്നെ നാട്ടിലേക്ക് സ്ഥലംമാറ്റമായി. പിന്നെ കൊല്ലത്തേക്ക് പ്രമോഷന്‍. അവിടെയും ബസ്സിലും ട്രെയിനിലുമായി ഒരു വര്‍ഷത്തെ അവിസ്മരണീയമായ നോമ്പ്. ആ സമയത്തായിരുന്നു മഹാ പ്രളയം. അത് ഒരിക്കലും മറക്കാന്‍ കഴിയില്ലല്ലോ.
അത് വല്ലാത്ത അനുഭവം തന്നെയായിരുന്നു. ചൈനയിലെ വുഹാനില്‍ നിന്ന് ലോകമാകെ നാശം വിതറി പരന്ന കൊവിഡ് കാലത്തെ രണ്ട് നോമ്പുകളും ആളും ആരവവും ഒഴിഞ്ഞ പെരുന്നാളുകളും. പള്ളികള്‍ നിറഞ്ഞുകവിയുന്ന റമദാന്‍ മാസം ആരുമില്ലാതെ പള്ളികള്‍ അടഞ്ഞുകിടന്നു. പകലും രാവും പള്ളികളില്‍ പ്രാര്‍ത്ഥനയിലും ആരാധനയിലും മുഴുകുന്ന കാലം ഇമാമിനും മുഅദ്ദിനുമായി പരിമിതപ്പെട്ടു. തറാവീഹും വിത്‌റും നിസ്‌കാരവും വീടുകളില്‍ ഒതുങ്ങി.
പതിനേഴാം രാവും ഇരുപത്തേഴാം രാവും വിശ്വാസികള്‍ വീടുകളില്‍ സജീവമാക്കി. അടച്ചിട്ട പള്ളികള്‍ നോക്കി നെടുവീര്‍പ്പിടാനേ കഴിയുമായിരുന്നുള്ളൂ. അഞ്ചു നേരം ബാങ്കുവിളികള്‍ മുഴങ്ങിയിരുന്ന പള്ളികളില്‍ പുറത്തേക്ക് കേള്‍ക്കാതെ ബാങ്കു വിളിക്കേണ്ടി വന്നു. അടുത്ത വര്‍ഷമായപ്പോഴേക്കും ആദ്യഘട്ടങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് പള്ളികളില്‍ പോകാന്‍ കഴിഞ്ഞെങ്കിലും നോമ്പ് പകുതിയായപ്പോഴേക്കും പള്ളികള്‍ വീണ്ടും അടക്കപ്പെട്ടു. മുന്‍ വര്‍ഷത്തെപ്പോലെ നോമ്പും പെരുന്നാളുകളും വീട്ടിലൊതുങ്ങി. പുതു വസ്ത്രങ്ങളിലും ബന്ധു സന്ദര്‍ശനങ്ങളിലും സജീവമാകേണ്ട പെരുന്നാളുകള്‍ പുറത്തേക്കിറങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ വീടുകളില്‍ തന്നെ ആഘോഷിച്ചു.
പുതുവസ്ത്രങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും പുറത്തൊന്നിറങ്ങാന്‍ കഴിഞ്ഞെങ്കില്‍ എന്നതായിരുന്നു ആ സമയത്തെ ഏറ്റവും വലിയ ആഗ്രഹം. നിശ്ചിത സമയങ്ങളില്‍ തുറക്കുന്ന കടകളില്‍ നിന്നും സാധനങ്ങള്‍ അകലംപാലിച്ചു നിന്നു വാങ്ങേണ്ടിവന്ന കാലവും മറക്കാന്‍ കഴിയില്ല. വായിച്ചു മാത്രം പരിചയമുണ്ടായിരുന്ന ലോക്ക്ഡൗണും കര്‍ഫ്യൂ സമാനമായ അവസ്ഥയും കഴിഞ്ഞെന്ന് നമുക്ക് വിശ്വസിക്കാം. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങാനും നിയന്ത്രണങ്ങള്‍ പാലിക്കാതെ പള്ളികളില്‍ പോകാനും കഴിഞ്ഞതിന്റെ ആശ്വാസം ഒന്നു വേറെ തന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."