10ാം ദിവസം മാസ്‌ക് ധരിക്കണമെന്ന് ഉപദേശിച്ച മന്ത്രിയാണ്, നല്ല ബെസ്റ്റ് ആരോഗ്യമന്ത്രിയെന്ന് വി.ഡി സതീശന്‍;പ്രതിപക്ഷ നേതാവ് വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന് വീണ
തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിഷപ്പുക നിറഞ്ഞ് പത്താംദിവസം കൊച്ചിയിലെ ജനങ്ങളോട് മാസ്‌ക് ധരിക്കണമെന്ന് പറഞ്ഞ ആരോഗ്യമന്ത്രിയാണ് കേരളത്തിനുള്ളത്. നല്ല ബെസ്റ്റ് ആരോഗ്യമന്ത്രിയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.
പ്ലാന്റ് കത്തി മൂന്നാംദിവസംതന്നെ കൊച്ചിയില്‍ ഒരാരോഗ്യ പ്രശ്‌നവുമില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് ഇക്കാര്യം പറഞ്ഞത്? ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സ്ഥലമായിരുന്നു കൊച്ചിയെന്നും സതീശന്‍ സഭയില്‍ പറഞ്ഞു. ആരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്ലാന്റ് കത്തി മൂന്നാംദിവസം തന്നെ കൊച്ചിയില്‍ ഒരാരോഗ്യ പ്രശ്‌നവുമില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞത്? കൊച്ചിയിലെ നിരവധി വരുന്ന വൃദ്ധരും കുഞ്ഞുങ്ങളും ഉള്‍പ്പെടെയുള്ള ആളുകള്‍ ഡോക്ടര്‍മാരെ സമീപിക്കുമ്പോള്‍ കൊച്ചിയില്‍നിന്ന് മാറിത്താമസിക്കാനാണ് പറയുന്നത്. ജനങ്ങളുടെ പ്രതിഷേധം ഭയന്ന് നിസ്സാരവത്കരിക്കാന്‍ ശ്രമിച്ചതാണ് ബ്രഹ്മപുരം തീപിടിത്തം ഇത്രമേല്‍ വഷളാവാന്‍ കാരണമെന്നും സതീശന്‍ വ്യക്തമാക്കി.
ബ്രഹ്മപുരത്ത് മാലിന്യ നീക്കത്തിന് കരാര്‍ ഏറ്റെടുത്ത കമ്പനി പെട്രോള്‍ ഒഴിച്ചാണ് മാലിന്യം കത്തിച്ചതെന്നും തീ പിടിപ്പിച്ച കമ്പനിയെ തദ്ദേശമന്ത്രി ന്യായീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്മപുരത്ത് തീ ഇപ്പോഴും അണഞ്ഞിട്ടില്ല. 12 ദിവസമായി കത്തിക്കൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
തീ കത്തിയ രണ്ടാം തിയ്യതിയിലെ അതേ ആക്ഷന്‍ പ്ലാനാണ് സര്‍ക്കാരിന് ഇന്നുമുള്ളത്. വായുവും വെള്ളവും മുഴുവന്‍ മലിനമായി. പരിസ്ഥിതി മലിനീകരണം മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പാണ്. അദ്ദേഹം ഇക്കാര്യത്തില്‍ എന്തുചെയ്തു? ഇത്രയും ഗുരുതരമായ വിഷവാതകങ്ങള്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എത്രമേല്‍ ഗുരുതരമാണെന്ന് കണ്ടെത്താന്‍ ഏതെങ്കിലും ഏജന്‍സിയെ വെച്ച് അന്വേഷിക്കാന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞോ എന്നും സതീശന്‍ ചോദിച്ചു.
അതേസമയം, ബ്രഹ്മപുരം വിഷയത്തില്‍ പ്രതിപക്ഷ നേതാവ് തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോപിച്ചു. ബ്രഹ്മപുരത്ത് തീപ്പിടിത്തമുണ്ടായി പത്തുദിവസത്തിനു ശേഷം, പത്താംതീയതി കൊച്ചിയിലെത്തി മാസ്‌ക് ധരിക്കണമെന്ന് പറഞ്ഞുവെന്നാണ് അദ്ദേഹം പറഞ്ഞത്. താന്‍ അദ്ദേഹത്തെ ചലഞ്ച് ചെയ്യുകയാണ്. അഞ്ചാം തിയ്യതി കൊച്ചിയിലെത്തി അന്നത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നു. പ്രതിപക്ഷ എം.എല്‍.എമാരായ ടി.ജെ. വിനോദും ഉമാ തോമസും അന്നത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നു. പ്രതിപക്ഷ നേതാവ് അന്നത്തെ യോഗത്തില്‍ ഉണ്ടായിരുന്നില്ല. ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിച്ച പ്രതിരോധമാണ് എന്‍95 മാസ്‌ക് ധരിക്കുക എന്നതെന്നും വീണ ജോര്‍ജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."