'സന്തോഷ' കപ്പടിക്കാന്‍
മഞ്ചേരി; ആക്രമണ ഫുട്‌ബോളിന്റെ ചാരുതയുമായി കേരളം ബംഗാള്‍ സ്വപ്ന ഫൈനല്‍ പന്താട്ടം. പയ്യനാട് മൈതാനത്തെ പച്ചപ്പുല്‍ തകിടിയില്‍ ഇന്ന് രാത്രി എട്ടിന് പന്തുരുളും. കാറ്റുനിറച്ച തുകല്‍ പന്തിന് പിന്നാലെ കിരീടം തേടി 22 പോരാളികള്‍ പായും. സന്തോഷ് ട്രോഫി 75ാമത് പതിപ്പില്‍ ചരിത്രത്തിന്റെ കൈയൊപ്പു ചാര്‍ത്തി ആരാവും ഇന്ത്യന്‍ ഫുട്‌ബോളിലെ രാജാക്കന്മാരെന്നറിയാന്‍ രാജ്യമൊന്നാകെ കാത്തിരിക്കുന്നു. കേരളത്തിന്റെ 15ാം ഫൈനല്‍. ബംഗാളിനിത് 46ാം ഫൈനലും. കേരളം ലക്ഷ്യം വെയ്ക്കുന്നത് ഏഴാം കിരീടം നേട്ടത്തിലേക്ക്. ബംഗാളിന്റെ ലക്ഷ്യം 33ാം കിരീടവും. നാലാം ഫൈനലിലാണ് കേരളവും ബംഗാളും ഏറ്റുമുട്ടുന്നത്. മൂന്നില്‍ രണ്ട് ജയത്തിന്റെ മുന്‍തൂക്കം ബംഗാളിന് സ്വന്തം.
ആക്രമണം തന്നെ കരുത്ത്
മുന്നേറ്റ നിരയുടെ കരുത്തില്‍ തുല്യരാണ് കേരളവും ബംഗാളും. ഇതുവരെ ലക്ഷ്യത്തിലേക്ക് പന്തെത്തിക്കാനായിട്ടില്ലെങ്കിലും എം. വിഘ്‌നേഷില്‍ നിന്നും അത്ഭുതം പ്രതീക്ഷിക്കുന്നു കേരളം. വിഘ്‌നേഷ് തന്നെയാവും ആക്രമണം നയിക്കുക. വേഗതയും കൃത്യതയും കൊണ്ട് കളിയുടെ ഗതിതന്നെ മാറ്റുന്ന
ടി.കെ ജെസിന്‍ സൂപ്പര്‍ സബ്ബാവാനാണ് സാധ്യത. തന്റെ വജ്രായുധത്തെ ആദ്യ ഇലവനില്‍ ഇതുവരെ ബിനോ ജോര്‍ജ് ഇറക്കിയിട്ടില്ല. ആറ് ഗോളിന്റെ നേട്ടവുമായി ജെസിന്‍ ടോപ്പിലാണ്. മുഹമ്മദ് ഫര്‍ദിന്‍ അലി മൊല്ലയാണ് ബംഗാളിന്റെ കുന്തമുന. അഞ്ച് ഗോള്‍ സ്വന്തമാക്കിയ ഫര്‍ദിന്‍ അര്‍ധാവസരങ്ങളും വലയിലാക്കുന്ന ആക്രമണകാരിയാണ്. സ്‌ട്രൈക്കറായ ശുഭം ഭൗമിക് ആദ്യ ഇലവനില്‍ ഉണ്ടാവില്ല. പകരം ദിലിപ് ഒറാന്‍ എത്തിയേക്കും.
മിഡ്ഫീല്‍ഡ് ഭദ്രം
ക്യാപ്റ്റന്‍ ജിജോ ജോസഫ് നയിക്കുന്ന മധ്യനിര തന്ത്രങ്ങളില്‍ ബംഗാളിനും മുന്നിലാണ്. അവസരങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതില്‍ മാത്രമല്ല ഗോളടിക്കുന്നതിലും കരുത്തരാണ് മധ്യനിര. നായകന്‍ ജിജോ വീഴ്ത്തിയത് അഞ്ചു ഗോളുകളാണ്.
അര്‍ജുന്‍ ജയരാജും മുഹമ്മദ് റാഷിദും നിജോ ഗില്‍ബര്‍ട്ടും ഷിഗിലും പന്താട്ടത്തില്‍ ഇന്ദ്രജാലം തീര്‍ക്കുന്ന കരുത്തരാണ്. അവസരങ്ങള്‍ തുറന്നെടുക്കുന്നതില്‍ മാത്രമല്ല, ഗോള്‍ വീഴ്ത്താനും ശക്തരാണ് ബംഗാള്‍ മധ്യനിര. മഹിതോഷ് റോയ്, ബസുദേവ് മന്ദി, തന്‍മയ് ഘോഷ്, സജല്‍ ബാഗ്, ബബ്ലു ഒറാന്‍ എന്നിവരുടെ നീക്കങ്ങളെ ആശ്രയിച്ചാണ് ബംഗാളിന്റെ കളി.
തകരാത്ത
കോട്ടക്കെട്ടണം
പ്രതിരോധത്തില്‍ പിഴച്ചാല്‍ കേരളത്തിന്റെ സന്തോഷം നിലയ്ക്കും. പ്രത്യേകിച്ച് ബംഗാള്‍ എതിരാളിയാകുമ്പോള്‍. പ്രാഥമിക റൗണ്ടില്‍ തോറ്റ ബംഗാളാവില്ല ഇന്നിറങ്ങുക. സ്വന്തം വീഴ്ചകളും എതിരാളിയുടെ ദൗര്‍ബല്യങ്ങളും തിരിച്ചറിഞ്ഞാണ് ബംഗാളിന്റെ വരവ്. ബോക്‌സിലേക്കെത്തുന്ന ആക്രമണങ്ങളെ തകര്‍ക്കുന്നതില്‍ മിടുക്കരാണ്
ജി. സഞ്ജുവും സോയല്‍ ജോഷിയും മുഹമ്മദ് സഹീഫും അജയ് അലക്‌സും. പിന്നില്‍ നിന്നെത്തി എതിരാളിക്ക് ഗോള്‍ സമ്മാനിക്കാനും കരുത്തുള്ളവര്‍. മുന്നിലേക്കെത്തി തിരിച്ചു കയറുമ്പോള്‍ പ്രതിരോധം ആടിയുലയുന്നുണ്ട്. പ്രത്യാക്രമണത്തില്‍ പ്രത്യേകിച്ചും. വീഴ്ചകള്‍ തീര്‍ത്താവും ഇന്നത്തെ പ്രതിരോധക്കോട്ട തീര്‍ക്കല്‍. രണ്ട് ക്ലീന്‍ ഷീറ്റുള്ള വി. മിഥുന്‍ തന്നെയാണ് വലയ്ക്കു മുന്നില്‍ എത്തുക. 2018ല്‍ ബംഗാളിന്റെ വിജയം തട്ടിയകറ്റി കിരീടം സ്വന്തമാക്കിയ അനുഭവസമ്പത്ത് കേരളത്തിന് കരുത്താവും. ഡിഫന്‍സില്‍ ബംഗാളിന് തന്നെയാണ് മുന്‍തൂക്കം. ക്യാപ്റ്റന്‍ മൊന്ദോഷ് ചക്ലദറാണ് പ്രതിരോധ നായകന്‍.
ശുഭേന്ദു മന്ദിയും ജയ് ബാസും തുഹിന്‍ദാസും വന്‍മതില്‍ തീര്‍ക്കാന്‍ കരുത്തരാണ്. ഏത് ശക്തമായ ആക്രമണത്തെയും തട്ടിയകറ്റാന്‍ ശക്തിയുള്ള പ്രിയന്ത് കുമാര്‍ സിങ്ങാണ് വലയ്ക്കു മുന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."