ആന്ധ്ര മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിക്കുനേരെ കല്ലേറ്; പരിക്ക്
വിജയവാഡ: വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ജഗന് മോഹന്‍ റെഡ്ഡിക്കു കല്ലേറില്‍ പരുക്ക്. വിജയവാഡയിലെ അജിത് സിങ് നഗറില്‍ ശനിയാഴ്ച രാത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അജ്ഞാതര്‍ ജഗനു നേരെ കല്ലേറു നടത്തിയത്. ഇടതു കണ്ണിന്റെ മുകളിലായിട്ടാണ് കല്ലു കൊണ്ടത്. ജഗനൊപ്പം ഉണ്ടായിരുന്ന വിജയവാഡ-വെസ്റ്റ് എംഎല്‍എ വെള്ളമ്പള്ളി ശ്രീനിവാസിന്റെ ഇടതു കണ്ണിന് പരുക്കേറ്റു.
പ്രചാരണത്തിന്റെ ഭാഗമായി ജഗന് നടത്തുന്ന 'മേമന്ത സിദ്ധം' ബസ് യാത്രയ്ക്കിടെയാണ് സംഭവം. പ്രവര്‍ത്തകര്‍ ക്രെയിന്‍ ഉപയോഗിച്ച് കൂറ്റന്‍ മാലയിട്ട് ജഗനെ സ്വീകരിക്കുന്ന തിരക്കിനിടെയാണ് ആള്‍ക്കൂട്ടത്തില്‍ ആരോ കല്ലെറിഞ്ഞത്. നേരിയ വ്യത്യാസത്തിലാണ് ജഗന്റെ കണ്ണില്‍ കല്ല് കൊള്ളാതിരുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടം നടന്ന ഉടന്‍ ബസിനുള്ളില്‍ കയറ്റി ഡോക്ടര്‍മാര്‍ ഇരുവര്‍ക്കും ചികിത്സ നല്കി.പ്രാഥമിക ചികിത്സക്ക് ശേഷം ജഗന് മോഹന്‍ റെഡ്ഡി യാത്ര പുനരാരംഭിച്ചു. ടിഡിപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് വിജയവാഡയിലെ വൈഎസ്ആര്‍സിപി നേതാക്കള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."