HOME
DETAILS
MAL
ലോക്ക്ഡൗണ്‍ കാലത്തെ ശവഘോഷയാത്രകള്‍
backup
May 15 2021 | 18:05 PM
കേരളത്തിലെ രണ്ടാം ലോക്ക്ഡൗണ്‍ ഒരാഴ്ചകൂടി നീട്ടാനും നാലു ജില്ലകളില്‍ ഏറ്റവും കടുത്ത ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്.
പുറത്തിറങ്ങുമ്പോള്‍ ഇരട്ടമാസ്‌ക് നിര്‍ബന്ധമാക്കിയിട്ടും വീട്ടില്‍പോലും മാസ്‌കിടണമെന്നു നിഷ്‌കര്‍ഷിച്ചിട്ടും ശനി, ഞായര്‍ ദിവസങ്ങളില്‍ മിനി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും കൊവിഡ് നാടുനീളെ പടര്‍ന്നുപിടിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഒരാഴ്ചത്തെ ആദ്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നിട്ടും ഫലമുണ്ടായില്ല. കൊവിഡ് രോഗികളുടെ എണ്ണവും വ്യാപനത്തോതും മരണവും ഒരു നിയന്ത്രണവുമില്ലാതെ കുതിച്ചുയര്‍ന്നു.
അതോടെ ലോക്ക്ഡൗണ്‍ നീട്ടുകയും നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുകയും ചെയ്യുകയല്ലാതെ സര്‍ക്കാരിനു മുന്നില്‍ മറ്റു മാര്‍ഗമില്ലായിരുന്നു. അതുകൊണ്ട് ലോക്ക്ഡൗണ്‍ നീട്ടിയ, അതിതീവ്ര വ്യാപനമുണ്ടായ ജില്ലകളെ വരിഞ്ഞുമുറുക്കുന്ന ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തെ കുറ്റപ്പെടുത്തുന്നില്ല, കുറ്റപ്പെടുത്താന്‍ കഴിയില്ല. തീര്‍ച്ചയായും, ജനങ്ങളുടെ ജീവനു സംരക്ഷണം കൊടുക്കല്‍ തന്നെയാണല്ലോ ഭരണകൂടത്തിന്റെ പ്രഥമകര്‍ത്തവ്യം.
ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍, ബാക്കിയുള്ള പത്തു ജില്ലകളും സമ്പൂര്‍ണമായും അടച്ചുകെട്ടാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാലും സര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൂടാ. കാരണം, മുച്ചൂടും നശിപ്പിക്കാന്‍ വരുന്ന കൊവിഡിനോട് വേദമോതിയിട്ടു കാര്യമില്ല. മരുന്നും വാക്‌സിനും പ്രാണവായുവും കിട്ടാക്കനിയായ കാലത്ത് കൊറോണ വൈറസിനു മുന്നില്‍ എല്ലാവരും നിസ്സഹായരാണ്. അതിനാല്‍, സര്‍ക്കാര്‍ കൊണ്ടുവന്ന എല്ലാ നിയന്ത്രണങ്ങളും അനുസരിക്കാന്‍ നമ്മളെല്ലാം ബാധ്യസ്ഥരാണ്.
പക്ഷേ, മനസിലാകാത്ത കാര്യം, കൊറോണ വി.ഐ.പികളോട് പ്രത്യേക പരിഗണന കാണിക്കുന്ന രോഗാണുവാണോ എന്നതാണ്. വി.ഐ.പി ചടങ്ങുകളിലും വി.ഐ.പി മരണങ്ങളിലും ഇളവു പ്രഖ്യാപിച്ചാല്‍ അതു മനസിലാക്കി കൊറോണ അടങ്ങിയിരിക്കുമോയെന്നു പറയേണ്ടത് വൈദ്യശാസ്ത്ര വിശാരദന്മാരാണ്.
സംശയിക്കേണ്ട, തീര്‍ച്ചയായും ഇവിടെ പറഞ്ഞുവരുന്നത് കെ.ആര്‍ ഗൗരിയമ്മയുടെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇളവിനെയും പിണറായി സര്‍ക്കാരിന്റെ രണ്ടാം അധികാരമേറല്‍ ചടങ്ങിന് അനുവദിച്ച ആള്‍ക്കൂട്ട ഇളവിനെയും കുറിച്ചൊക്കെ തന്നെ.
കേരള രാഷ്ട്രീയത്തില്‍ തിളങ്ങിയ, ത്യാഗോജ്വല ജീവിതം നയിച്ച ഭരണാധികാരിയെന്ന നിലയില്‍, മികവു തെളിയിച്ച നേതാവ് എന്ന നിലയില്‍ നമുക്കൊക്കെ ഏറെ ആദരവുള്ള വ്യക്തിയാണ് ഗൗരിയമ്മ. കേരം തിങ്ങും കേരളനാട്, കെ.ആര്‍ ഗൗരി ഭരിച്ചീടും എന്ന 1987ലെ തെരഞ്ഞെടുപ്പു മുദ്രാവാക്യം സാര്‍ഥകമാകണമെന്ന് ആഗ്രഹിച്ചവര്‍ തന്നെയാണ് മലയാളികളില്‍ മിക്കവരും.
അവരെ പിന്നീട്, രാഷ്ട്രീയത്തില്‍ ഒറ്റപ്പെടുത്തിയതിലോ പുറംതള്ളിയതിലോ നാട്ടുകാര്‍ക്കൊന്നും പങ്കില്ല. ആദ്യം അവരെ ഏറ്റെടുത്തവര്‍ പിന്നീട് തഴഞ്ഞതും പൊതുജനത്തോടു ചോദിച്ചല്ല. അങ്ങനെ പലരും തഴഞ്ഞതുകൊണ്ട് സാധാരണ മലയാളികള്‍ക്ക് ഗൗരിയമ്മയോടുള്ള ആദരവ് കുറഞ്ഞിട്ടുമില്ല. അവരുടെ വേര്‍പാടില്‍ അവര്‍ക്കു ദുഃഖവുമുണ്ട്, ആളെ കാണിക്കാനുള്ള ദുഃഖമല്ല, മനസിന്റെ അടിത്തട്ടില്‍ നിന്നുള്ളത്. എന്നുവച്ച്, ഗൗരിയമ്മയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും കാറ്റില്‍പറത്തി ഓടിച്ചെല്ലാന്‍ അനുവദിക്കണമെന്ന് ഇപ്പോഴത്തെ ഗുരുതരാവസ്ഥയെക്കുറിച്ചു ബോധമുള്ള ആരും പറയില്ല, പറഞ്ഞിട്ടുമില്ല.
പിന്നെന്തിന് ഗൗരിയമ്മയുടെ മരണം ഘോഷമാക്കി മാറ്റി? ഉത്തരം ഒന്നേയുള്ളൂ, നേതാക്കന്മാര്‍ക്ക് ഓടിക്കൂടാനും പതാക പുതപ്പിക്കാനും പുഷ്പചക്രം അര്‍പ്പിക്കാനും ചാനല്‍മൈക്കിനു മുന്നില്‍ നിരുദ്ധകണ്ഠരായി സങ്കടപ്പെടാനും വേണ്ടി മാത്രമായിരുന്നു ഇളവുകള്‍.
ലോകം മുഴുവന്‍ ശ്രദ്ധിച്ച ഒരു മരണം ഈയടുത്തുണ്ടായിരുന്നു, ബ്രിട്ടീഷ് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്റെ മരണം. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത അദ്ദേഹത്തിന്റെ അന്ത്യോപചാര കര്‍മങ്ങള്‍ നടന്ന ദേവാലയത്തില്‍ രാജ്ഞി എല്ലാവരില്‍നിന്നും അകന്നിരിക്കുന്ന ചിത്രം പത്രങ്ങളില്‍ വന്നിരുന്നു. മഹാമാരിക്കാലത്ത് ശവാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതില്‍നിന്നു നാമെല്ലാം മാറിനില്‍ക്കണമെന്ന സന്ദേശം പ്രവൃത്തിയിലൂടെ കാണിച്ചുതരികയായിരുന്നു രാജ്ഞിയും കുടുംബവും.
ലോക്ക്ഡൗണ്‍ കാലത്ത് മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ എന്നാണു കേരളസര്‍ക്കാര്‍ നിശ്ചയിച്ചത്. അതു ലംഘിക്കുന്നിടത്തെല്ലാം പൊലിസ് കേസ് എടുക്കുന്നുമുണ്ട്. എന്നാല്‍, ഗൗരിയമ്മയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാനും മറ്റും 300 പേരെ വരെ അനുവദിക്കാമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍, ആ കണക്കൊക്കെ കാറ്റില്‍പറത്തി തിരുവനന്തപുരത്തും ആലപ്പുഴയിലും ആള്‍ക്കൂട്ടമെത്തി. അതു സമ്മതിക്കുന്ന മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് ചോദിക്കുന്നത്, നിയന്ത്രണാതീതമായ ആള്‍ക്കൂട്ടത്തെ തടഞ്ഞാല്‍ നിങ്ങള്‍തന്നെ വിമര്‍ശിക്കില്ലേ എന്നാണ്. വിമര്‍ശിക്കുമായിരിക്കാം, പക്ഷേ, കൊറോണ വൈറസിന്റെ ചെവിയിലേയ്ക്ക് ഈ ന്യായമൊന്നും കടക്കില്ലല്ലോ സാര്‍.
മൃതദേഹത്തോട് ആദരവു കാണിക്കണമെന്നത് എല്ലാവരും അംഗീകരിക്കും. ഭരണകൂടവും അംഗീകരിക്കേണ്ടതാണ്. ഓരോരുത്തരുടെയും മതാചാരപ്രകാരം അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കണമെന്നതും മരിച്ചവരോട് കാണിക്കേണ്ട ആദരവില്‍പെട്ട കാര്യമാണ്. മൃതദേഹം കുളിപ്പിച്ചു ശുദ്ധിവരുത്തി സംസ്‌കരിക്കുകയെന്നത് മിക്ക മതവിശ്വാസികളും നിഷ്‌കര്‍ഷിക്കുന്ന കര്‍മമാണ്. എന്നാല്‍, കൊവിഡ് വ്യാപിക്കുമെന്ന കാരണം പറഞ്ഞ് അത്തരം ആചാരങ്ങള്‍ പോലും സര്‍ക്കാര്‍ കര്‍ക്കശമായി തടഞ്ഞു.
ചുമയ്ക്കുകയോ ശ്വസിക്കുകയോ ചെയ്യാത്ത മൃതദേഹത്തിന്
അടുത്തെത്തിയാല്‍ ആര്‍ക്കും കൊവിഡ് പകരില്ലെന്നു ശാസ്ത്രമറിയുന്നവര്‍ പറയുന്നു. മൃതദേഹത്തിന് അംഗശുദ്ധി വരുത്തുകയോ സംസ്‌കരിക്കുകയോ ചെയ്യുന്നവര്‍ നിര്‍ബന്ധമായും പി.പി.ഇ വസ്ത്രം അണിഞ്ഞിരിക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ആ നിഷ്‌കര്‍ഷത പാലിച്ചു തങ്ങള്‍ക്ക് മതകര്‍മങ്ങള്‍ നടത്താന്‍ അനുവദിക്കണമെന്ന അപേക്ഷ പരിഗണിക്കപ്പെടുന്നില്ലെന്നു മാത്രമല്ല, വിശ്വാസത്തിന്റെ പേരില്‍ അത്തരം കര്‍മങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരേ കേസെടുക്കുകയും സമൂഹമധ്യത്തില്‍ കരിവാരിത്തേയ്ക്കുകയുമാണ് അധികൃതര്‍.
അങ്ങനെ കാര്‍ക്കശ്യം കാണിക്കുന്നവരാണ് അന്ത്യോപചാരമെന്ന പേരില്‍ എല്ലാ നിയന്ത്രണങ്ങളും തെറ്റിച്ച് കൂട്ടംകൂടുന്നതും അതില്‍ തെറ്റു കാണാതിരിക്കുന്നതും. എതിര്‍ത്തു പറയാത്ത ജനങ്ങള്‍ക്കു മുന്നില്‍ ന്യായവാദങ്ങള്‍ ഉന്നയിക്കാന്‍ എളുപ്പമായേക്കാം. എന്നാല്‍, മഹാമാരിയിലൂടെ വ്യാപകമായി മരണം വിതയ്ക്കുന്ന സൂക്ഷ്മാണുവിനെ കബളിപ്പിക്കാനാവില്ല. അതിന്റെ തെളിവാണല്ലോ കൊവിഡ് രണ്ടാംതരംഗമായി ജനത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പു കാലത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ രാഷ്ട്രീയക്കാര്‍ മനസുവച്ചിരുന്നെങ്കില്‍ ഇന്ന് ഈ ഗതികേട് ഉണ്ടാകില്ലായിരുന്നു.
ബഹുമാനപ്പെട്ട മുഖ്യമന്ത്രീ..., താങ്കളുടെ സര്‍ക്കാരിന്റെ രണ്ടാം അധികാരാരോഹണമാണല്ലോ ആള്‍ക്കൂട്ടത്തിനു മുന്നില്‍ നടത്താന്‍ പോകുന്നത്. അതെങ്കിലും ഓണ്‍ലൈന്‍ ചടങ്ങാക്കി മാറ്റി മാതൃക കാണിക്കൂ. അതിന്റെ പേരില്‍ താങ്കള്‍ ആദരിക്കപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."