ജനാധിപത്യത്തെ രുചിക്കാൻ കഴിഞ്ഞിട്ടുണ്ടോ ഇന്ത്യക്ക്?
ആനന്ദ് തെൽതുംബ്‌ഡെ
ഒരിക്കൽ ഇന്ത്യ ജനാധിപത്യ രാജ്യമായിരുന്നുവെന്നും നരേന്ദ്രമോദി ഭരണത്തിനു കീഴിൽ ജനാധിപത്യം ഇല്ലാതാവുകയും സ്വേച്ഛാധിപത്യംസ്ഥാപിക്കപ്പെട്ടതുമാണെന്നൊരു അർഥത്തെ ദ്യോതിപ്പിക്കുന്നതാണ് ദേബശിഷ് റോയി ചൗധരിയും ജോൺ കീൻസും ചേർന്നെഴുതിയ 'ടു കിൽ എ ഡെമോക്രസി; ഇന്ത്യാസ് പാസേജ് ടു ഡെസ്‌പോട്ടിസം' എന്ന പുസ്തകത്തിന്റെ ശീർഷകം. എന്നാൽ വാസ്തവത്തിൽ അതങ്ങനെയല്ല. ധനികഭരണവർഗത്തിന്റെ ലിബറൽ വാഗ്‌വിലാസങ്ങൾ കൂടിക്കലർന്ന അപചയാവസ്ഥ കൊണ്ടുവന്നത് ഇന്ന് കാണുന്ന ഹിന്ദുത്വസംഘടനകളല്ലെന്നും അതിന്റെ വിത്തുകൾ സ്വാതന്ത്ര്യാനന്തരം തന്നെ ഇവിടെ പാകിക്കഴിഞ്ഞിരുന്നു എന്നുമാണ് ഈ പുസ്തകം മുന്നോട്ടുവയ്ക്കുന്ന ആശയം. ചുരുങ്ങിയ കാലങ്ങൾക്കകം ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കണമെന്ന ചിരകാല സ്വപ്നം നിറവേറ്റുന്നതിനായി മോദിഭരണകൂടം സ്വേച്ഛാധിപത്യത്തിലേക്ക് അതിവേഗം കുതിക്കുകയാണെന്നതും ജനാധിപത്യം 2014 തൊട്ട് ദ്രുതഗതിയിൽ അധഃപതിച്ചു കൊണ്ടിരിക്കുകയാണെന്നതും വാസ്തവം തന്നെയാണ്. എന്നാൽ ഈ പുസ്തകം തുറന്നുകാണിക്കുന്ന മറ്റൊരു സത്യം നമ്മെ തുടരെത്തുടരെ ഞെട്ടിപ്പിക്കുന്നുണ്ട്. അഥവാ, ഈ ഹിന്ദുത്വ ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്ന ദുഷ്‌ചെയ്തികളിൽ ഒന്നുപോലും കോൺഗ്രസ് ഭരണകൂടങ്ങളുടെ ചരിത്രത്തിൽ ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ അവർ ചെയ്യാതിരുന്നിട്ടില്ല എന്നു തറപ്പിച്ചുപറയാൻ സാധിക്കില്ല. മോദിയും കൂട്ടരും ജനാധിപത്യപരമായല്ല പ്രവർത്തിക്കുന്നതെന്നത് പകൽപോലെ സത്യം. അല്ലെങ്കിലും ഒട്ടനവധി ഫാസിസ്റ്റ് ആശയങ്ങൾക്കും ആളുകൾക്കും പേരുകേട്ട ആർ.എസ്.എസിനെ പ്രത്യയശാസ്ത്രമായി സ്വീകരിച്ച മോദിയിൽനിന്ന് ജനാധിപത്യമൂല്യങ്ങൾ പ്രതീക്ഷിക്കുന്നതിൽ എന്തർഥമാണുള്ളത്.
ജനാധിപത്യത്തിന്റെ അധഃപതനത്തെ അന്വേഷിക്കുമ്പോൾ ചരിത്രം പുറകോട്ട് വായിക്കണം. അങ്ങനെ വായിക്കുമ്പോഴാവട്ടെ, കോളനിയാനന്തര ഇന്ത്യൻ രാഷ്ട്രത്തിന്റെ അടിത്തറയത്രക്ക് ബലവത്തെന്ന് പറയാവതുമല്ല. ഇന്ത്യൻ രാഷ്ട്രത്തിന്റെ രൂപീകരണത്തിൽ ഏറെ മൂല്യവത്തായ ഭരണഘടനയുടെ ആമുഖത്തിൽ പ്രഖ്യാപിക്കുന്നത് വിഭജനാനന്തര ഇന്ത്യ പരമാധികാര ജനാധിപത്യ രാഷ്ട്രമായിരിക്കുമെന്നും പൗരന്മാർക്ക് നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഉറപ്പുവരുത്തുമെന്നുമാണ്. എന്നാൽ ഈ ഭരണഘടനക്ക് ജന്മം നൽകിയ ഭരണഘടനാ അസംബ്ലി പ്രതിനിധീകരിച്ചതാവട്ടെ ഇന്ത്യൻ ജനസംഖ്യയുടെ നാലിലൊന്നു മാത്രം വരുന്ന വിദ്യാഭ്യാസവും സ്വത്തവകാശവുമുള്ള വിപുലമായ സമ്മതിദാനാവകാശമുള്ള ജനങ്ങളെ മാത്രമാണ്. അതുകൊണ്ടുതന്നെ ഭരണഘടനാ ആമുഖം ആരംഭിക്കുന്ന 'നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ' എന്ന വാചകം പ്രതിനിധീകരിക്കുന്നത് യഥാർഥ ജനങ്ങളിൽനിന്നു വേറിട്ടുനിൽക്കുന്നതും കാലക്രമേണ മേൽപ്പറഞ്ഞതിൽനിന്ന് എതിർദിശയിലേക്ക് സഞ്ചരിക്കുന്നതുമായ ഒരു സങ്കൽപ്പ രാഷ്ട്രീയത്തെയും അമൂർത്തതയേയുമാണ്. മേൽപ്പറഞ്ഞ ആരംഭവാചകത്തെ പ്രത്യക്ഷമായും നിരർഥകമാക്കുന്നതിനെന്നോണം നാൽപ്പത്തിരണ്ടാം ഭേദഗതിയോടെ ഭരണഘടനാ ആമുഖത്തിൽ രണ്ടു വാക്കുകൾ കൂടെ കൂട്ടിച്ചേർത്തു മതേതരമെന്നും സാമൂഹികസമത്വമെന്നും. അനന്തരം 1975ലെ അടിയന്തരാവസ്ഥയോടെ ഭരണഘടനക്കുതന്നെ നിർമിക്കാവുന്ന സ്വേച്ഛാധിപത്യത്തെയും ഈ രാഷ്ട്രം രുചിച്ചറിഞ്ഞു. അങ്ങനെ ഭരണഘടനാ ആമുഖം ഇന്ത്യൻ രാഷ്ട്രീയത്തിലെ ആദ്യത്തെ പൊള്ളത്തരവും ഇന്ത്യൻ ജനാധിപത്യത്തിന്റെ ആദ്യ അസത്യവുമായി മാറി. ഈ അസത്യം വളർന്ന് വളർന്ന് 'അമൃതകാല'ത്തിലേക്കു പ്രവേശിച്ചതോടെ യാഥാർഥ്യത്തെയും കവച്ചുവച്ചു. ഇന്ത്യയെ 'ജനാധിപത്യത്തിന്റെ മാതാവാ'ക്കി ചിത്രീകരിക്കുന്ന ഈ 'അമൃതകാലത്തിൽ' അതിനകത്തെ ജനങ്ങളുടെ അവസ്ഥയെ നിരീക്ഷിക്കുകയാണ് വാസ്തവത്തിൽ ഈ പുസ്തകം ചെയ്യുന്നത്. 'രാഷ്ട്രീയപാർട്ടികൾ, തെരഞ്ഞെടുപ്പുകൾ, നിയമസഭകൾ, ഗവൺമെന്റുകൾ, പ്രധാനമന്ത്രിമാർ എന്നിവയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ചലനാത്മകതക്കും അപ്പുറമുള്ളതാണ് ജനാധിപത്യം' എന്നാണ് ഈ എഴുത്തുകാരുടെ വാദം.
പ്രതിപക്ഷ പാർട്ടികളേക്കാൾ എത്രയോ ഇരട്ടി ധനികരാണ് ഭരണത്തിലിരിക്കുന്ന ബി.ജെ.പി. ലോകത്തിലെ തന്നെ ഏറ്റവും വലുതും ആസ്തിയുമുള്ള പാർട്ടിയെന്നതോടൊപ്പം ഒരിക്കലും നിഷേധിക്കാൻ സാധിക്കാത്തവിധം ജനപിന്തുണയുള്ളതും തങ്ങളുടെ ഫാസിസ്റ്റ് ചായ്‌വുകൾ പ്രത്യക്ഷമായും പ്രകടിപ്പിക്കുന്ന ഒരു പൗരസംഘടനയും ഇവർക്കു പുറകിലുണ്ട്. ഇന്നാവട്ടെ മിക്കവാറും ഭരണഘടനാസ്ഥാപനങ്ങളും മാധ്യമസ്ഥാപനങ്ങളും ഇവരുടെ വരുതിയിലാണ്. ഭരണകൂടാതിക്രമങ്ങൾക്കെതിരേ ശബ്ദമുയർത്തിയ നിരവധി പൗരന്മാരും ബുദ്ധിജീവികളും മനുഷ്യാവകാശ പ്രവർത്തകരും കിരാതനിയമങ്ങൾ ചുമത്തപ്പെട്ട് തടവിലാണ്. അതുകൂടാതെ യാതൊരു ചർച്ചകളുമില്ലാതെ പല നിയമങ്ങളും പാസാക്കുന്നതു വഴി പാർലമെന്റിന്റെ പ്രാധാന്യത്തെയും ഈ ഭരണകൂടം വെല്ലുവിളിച്ചു കഴിഞ്ഞു. സർവകലാശാലകൾക്കും അവരുടെ അക്കാദമികവും അല്ലാത്തതുമായുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. കാരണം, ഭരണകൂടത്തിന്റെ ആളുകളെ മാത്രമാണ് ഓരോ സർവകലാശാലകളിലും ഇവർ തിരുകിക്കയറ്റിക്കൊണ്ടിരിക്കുന്നത്. കർശനമായ സാമ്പത്തിക നിയമങ്ങൾ നടപ്പിലാക്കിയതോടെ ഇന്ത്യയിൽ ഉത്സാഹത്തോടെ പ്രവർത്തിച്ചിരുന്ന പല സാമൂഹികസംഘടനകൾക്കും പ്രവർത്തനം അവസാനിപ്പിക്കേണ്ടിവന്നു. ഇവ്വിധത്തിൽ കഴിഞ്ഞ ഏഴു വർഷത്തിനകം ഇവിടെ പ്രവർത്തിച്ചിരുന്ന എൻ.ജി.ഒകളുടെ മൂന്നിൽ രണ്ടും അപ്രത്യക്ഷമായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ എട്ടു വർഷമായി ഭരണഘടനാ വിരുദ്ധമായാണ് ഈ രാജ്യത്ത് പലതും നടക്കുന്നതെന്നതാണ് വാസ്തവം.
എങ്കിലും, ഡോ. അംബേദ്കറുടെ ആശയങ്ങൾ പ്രതിധ്വനിക്കുന്ന നിർവചനമാണ് ഈ ഗ്രന്ഥകാരന്മാർ ജനാധിപത്യത്തിനു നൽകുന്നത്. അഭിമാനകരമായ സമഗ്രജീവിതം ഏവർക്കും ഉണ്ടാവുമ്പോൾ മാത്രമേ ജനാധിപത്യം സാധ്യമാവൂ എന്നാണ് ഇവർ നിരീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെയാവണം, ഇന്ത്യൻ ജനാധിപത്യത്തിന്റെ ദ്രവിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക അസ്തിവാരത്തെക്കുറിച്ച് ഈ പുസ്തകത്തിൽ ഇവർ ഏറെ ശ്രദ്ധചെലുത്തുന്നത്. സാധാരണക്കാരന്റെ നിത്യജീവിതത്തിലെ യാതനകളെയും രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള പെടാപ്പാടുകളെയും വിശദമാക്കുന്നതോടൊപ്പം ഈ യാതനകളെങ്ങനെയാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമായ തെരഞ്ഞെടുപ്പുകളുടെ അന്തഃസത്തയെ മോഷ്ടിക്കുന്നതെന്നും ഈ എഴുത്തുകാർ സസൂക്ഷ്മം നിരീക്ഷിക്കുന്നു. ഇത്രയൊക്കെ കഷ്ടപ്പാടുകൾക്കിടയിലും വ്യർഥവാഗ്ദാനങ്ങൾക്കിടയിലും ഇന്ത്യയിലെ സാധാരണക്കാരൻ തന്റെ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നത് ജനാധിപത്യം എന്നതൊരു രാഷ്ട്രീയ ഉപചാരമായി മാറിയതുകൊണ്ടാവാമെന്നും അല്ലെങ്കിൽ രാഷ്ട്രീയ പാർട്ടികളുടെ വാഗ്ദാനങ്ങളിൽ മയങ്ങിയാവാമെന്നുമുള്ള അഭിപ്രായം കാണാം.
ഈ പുസ്തകം ചർച്ചചെയ്യുന്നത് ജനാധിപത്യം എങ്ങനെ കൊലചെയ്യപ്പെടുന്നു എന്നതിനെ പറ്റിയാണ്. അതിനപ്പുറം ജനാധിപത്യത്തിന്റെ എല്ലാ സ്ഥാപനങ്ങളെയും വിലക്കെടുത്തുകഴിഞ്ഞാൽ ഏതു ജനാധിപത്യത്തിനും സംഭവിക്കുന്ന മന്ദഗതിയിലുള്ള മരണത്തെക്കുറിച്ച് പുസ്തകത്തിൽ ചർച്ച ചെയ്യുന്നില്ല. യഥാർഥത്തിൽ ഇന്ത്യയിൽ നടക്കുന്നത് അതായതിനാൽ ജനാധിപത്യത്തിന്റെ അത്തരമൊരു മരണത്തിലേക്കായിരിക്കണം ഈ പുസ്തകം കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടിയിരുന്നത്. ഒന്നാമതായി, ജനാധിപത്യത്തെ കുറിച്ചുള്ള വാചാടോപം മാറ്റിനിർത്തിയാൽ ഇവിടെ ജനാധിപത്യം വേരാഴ്ത്തിയിട്ടുണ്ടോ എന്നതുതന്നെ സംശയമാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ പല കറുത്ത അധ്യായങ്ങളെയും തുറന്നുകാണിച്ചതിനാലാവണം ശുഭപ്രതീക്ഷ നൽകുന്ന കുറിപ്പുകളോടെയാണ് പുസ്തകം അവസാനിക്കുന്നത്. ബി.ജെ.പിയുടെ വോട്ടുകൾ കാര്യമാത്ര പ്രസക്തമായി വർധിച്ചിട്ടില്ല എന്നുള്ളതിലാണ് ഇവർ പ്രതീക്ഷയർപ്പിക്കുന്നത്. എന്നാൽ ഈ ജനാധിപത്യ വ്യവസ്ഥയിൽ ആർക്ക് എത്ര വോട്ടു കിട്ടിയെന്നതല്ല ജയത്തെ നിർണയിക്കുന്നത്. പകരം ആര് കൂടുതൽ വോട്ട് തങ്ങളുടെ പെട്ടിയിലാക്കിയെന്നതാണ്. ഈ ജനാധിപത്യ പ്രകാരം ജനപ്രീതിയല്ല പകരം രാഷ്ട്രീയതന്ത്രമാണ് വിജയത്തെ നിർണയിക്കുന്നത്. ജയം നിർണയിക്കുന്നതിൽ ചുരുങ്ങിയ വോട്ടുകൾ എന്നത് മാനദണ്ഡമല്ലാത്തതിനാൽ വോട്ടു നേടുന്നതിൽ ശ്രദ്ധ പുലർത്തിയില്ലെങ്കിലും വോട്ടുകൾ വിഘടിപ്പിക്കുന്നതിൽ ശ്രദ്ധവച്ചാൽ തന്നെ തെരഞ്ഞെടുപ്പ് വിജയം നേടാൻ സാധിക്കും. ഇതുതന്നെയാണ് ബി.ജെ.പി കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമെല്ലാം പ്രയോഗിക്കുന്ന അടവുനയം എന്നത് ഈ ഗ്രന്ഥകാരന്മാർ മനസ്സിലാക്കേണ്ടതുണ്ട്. കൂടാതെ, മോദി അധികാരത്തിലേറിയതിനുമാത്രം കോൺഗ്രസിനെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല. മോദി ഭരണകൂടം ഇന്നും അധികാരത്തിൽ തുടരുന്നുണ്ടെങ്കിൽ അതിന്റെ കാരണക്കാരും ഇതേ കോൺഗ്രസ് തന്നെയാണ്. ചില വീക്ഷണങ്ങളിലുള്ള ആശയ അപര്യാപ്തതകളുണ്ടെങ്കിലും 1947 മുതലിങ്ങോട്ടുള്ള ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തെ സൂക്ഷ്മമായി വിശകലന വിധേയമാക്കുന്ന ഈ പുസ്തകം ഈ ഏകാധിപത്യ ഭരണകൂട കാലഘട്ടത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്നുണ്ട്.
(പൗരാവകാശ പ്രവർത്തകനും എഴുത്തുകാരനുമായ ലേഖകൻ ദ വയറിൽ എഴുതിയതിൻ്റെ സംക്ഷിപ്ത വിവർത്തനം)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."