ലക്ഷ്യം പി.ടിയുടെ സ്വപ്നം മാത്രം
ഉമ തോമസ് / സുനി അൽഹാദി
തൃക്കാക്കരയിൽ വിജയിച്ചാൽ പി.ടി തോമസ് മുന്നോട്ടുവച്ച സ്വപ്നങ്ങൾ പൂർത്തിയാക്കുകയായിരിക്കും തന്റെ ലക്ഷ്യമെന്ന് യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ്. മണ്ഡലത്തിൽ എന്തെല്ലാം ചെയ്യണമെന്ന കാര്യങ്ങൾ പി.ടി തോമസ് ഡയറിയിൽ കുറിച്ചുവച്ചിട്ടുണ്ടെന്നും അതെല്ലാം താൻ സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നും അവർ പറയുന്നു. ജനനന്മയ്ക്കും സ്ത്രീസുരക്ഷയ്ക്കുമായിരിക്കും മുൻതൂക്കം നൽകുകയെന്നും ഉമ വ്യക്തമാക്കി. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ.
? താങ്കൾ വിജയിച്ചാൽ തൃക്കാക്കരയ്ക്കുവേണ്ടി എന്തായിരിക്കും ആദ്യം ചെയ്യുക
= മണ്ഡലത്തിനുവേണ്ടി ചെയ്തുതീർക്കാൻ പി.ടിയ്ക്ക് നിരവധി പദ്ധതികളുണ്ടായിരുന്നു. ഓരോ സ്ഥലങ്ങളിൽ പോകുമ്പോഴും അവിടുത്തെ ആവശ്യങ്ങളും എന്തെല്ലാം ചെയ്യണമെന്നുമുള്ള കാര്യങ്ങൾ ഡയറിയിൽ കുത്തിക്കുറിക്കാറുണ്ട്. ആ ഡയറിയെല്ലാം വളരെ കൃത്യമായി സൂക്ഷിച്ചു വച്ചിട്ടുണ്ട്. അതിൽ എന്തിനൊക്കെയാണ് പ്രാധാന്യം നൽകേണ്ടതെന്ന് നോക്കിയായിരിക്കും പ്രവർത്തിക്കുക. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു നടന്ന ജനസമ്പർക്ക പരിപാടിയിൽ വൃക്കരോഗികളുടെ ആവശ്യമായിരുന്നു ഏറ്റവും കൂടുതൽ ഉയർന്നിരുന്നത്. അതിനെ തുടർന്ന് തൃക്കാക്കരയിൽ ഒരു ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കണമെന്ന് പി.ടി ആഗ്രഹിച്ചിരുന്നു. അതു യാഥാർഥ്യമാക്കും. പി.ടി ഡയറിയിൽ എഴുതിവച്ചിരിക്കുന്ന തൃക്കാക്കരക്കാരുടെ ആവശ്യങ്ങൾ വായിച്ചുപഠിച്ച് പുതിയ ആവശ്യങ്ങളും ഉൾപ്പെടുത്തി വികസന പ്രവർത്തനങ്ങൾ നടത്തും.
? ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പുതിയ നിയോഗത്തെ എങ്ങനെ കാണുന്നു
= നല്ല ശുഭാപ്തി വിശ്വാസത്തോടെയാണ് നോക്കിക്കാണുന്നത്. ഞാൻ ഈ സ്ഥാനത്തേക്ക് വരുമെന്ന് സ്വപ്‌നേപി പോലും കരുതിയിട്ടില്ല. പി.ടി തോമസിന്റെ വിയോഗത്തിനുശേഷം യു.ഡി.എഫ് നേതൃത്വം എന്നെ ഏൽപ്പിച്ചിരിക്കുന്ന ഇത്രയും വലിയ ചുമതല ഏറ്റവും ഭംഗിയായി, നൂറു ശതമാനം ആത്മാർഥമായി ജനനന്മയ്ക്കും സ്ത്രീസുരക്ഷയ്ക്കും വേണ്ടി നിറവേറ്റും. പി.ടി എന്ന മാർഗദീപത്തെ മുന്നിൽക്കണ്ട് നിലപാടുകളിൽ ഉറച്ച് മുന്നോട്ടുനീങ്ങാനാണ് ആഗ്രഹം.
? ക്രൈസ്തവരുടെ വോട്ട് ലക്ഷ്യമിട്ടാണ് എൽ.ഡി.എഫ് ഡോ. ജോ ജോസഫിനെ സ്ഥാനാർഥിയാക്കിയതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ടല്ലോ
= മതപരമായ കാര്യങ്ങളിൽ ഞാൻ ആരെയും തള്ളാനും കൊള്ളാനുമില്ല. ഞാൻ എല്ലാവരെയും മനുഷ്യനായി സ്‌നേഹിക്കാനാണ് ആഗ്രഹിക്കുന്നത്. എനിക്ക് അങ്ങനെ മാത്രമെ മുന്നോട്ടുപോകാൻ കഴിയൂ.
? മൂന്ന് പതിറ്റാണ്ടിലേറെയായല്ലോ തൃക്കാക്കരയിൽ താമസമാക്കിയിട്ട്. തൃക്കാക്കരയിലെ ജനങ്ങളുമായുള്ള ബന്ധം
= തൃക്കാക്കര മണ്ഡലമായി രൂപപ്പെട്ടിട്ട് അധിക നാളായിട്ടില്ലെങ്കിലും ഞങ്ങൾ ഏകദേശം 34 വർഷമായി തൃക്കാക്കരയിൽ സ്ഥിരതാമസമാക്കിയിട്ട്. വിവാഹശേഷം തൃക്കാക്കരയിൽ ആദ്യം വാടകയ്ക്കായിരുന്നു താമസിച്ചത്. പിന്നെ സാവധാനം എം.എൽ.എമാർക്കു ലഭിക്കുന്ന ലോൺ എടുത്ത് ഒരു വീടുവയ്ക്കുകയായിരുന്നു. ഇപ്പോൾ 25 വർഷമായി പാലാരിവട്ടത്തെ വീട്ടിലാണ് താമസം. ഞാൻ പി.ടിയുടെ പിറകിൽ ഒരു നിഴലായി നിന്നിട്ടേയുള്ളൂ. പി.ടിയുടെ ഐശ്വര്യത്തിനും വളർച്ചയ്ക്കും വേണ്ടി ഞാനെന്നും പിറകിൽനിന്ന് പ്രവർത്തിച്ചിട്ടേയുള്ളൂ. അവിടെ ഞാൻ കണ്ടത് എല്ലാവരും പി.ടിയെ സ്‌നേഹിക്കുന്നതും പി.ടി അവരെ സ്‌നേഹിക്കുന്നതുമാണ്. മൂന്നു പതിറ്റാണ്ടിലേറെക്കാലത്തെ ബന്ധമാണ് തൃക്കാക്കരയിലെ ജനങ്ങളുമായുള്ളത്. പി.ടിക്ക് അവർ നൽകിയ സ്‌നേഹവും അംഗീകാരവും എനിക്കും നൽകുമെന്നു തന്നെയാണ് പ്രതീക്ഷ.
? പി.ടി തോമസ് തൃക്കാക്കരയിൽ മത്സരിച്ചപ്പോൾ പ്രചാരണത്തിനും സ്‌ക്വാഡ് വർക്കിനുമൊക്കെ ഇറങ്ങിയിരുന്നല്ലോ. ഈ അനുഭവങ്ങൾ ഉപതെരഞ്ഞെടുപ്പിൽ മുതൽക്കൂട്ടാകുമോ?
= തൃക്കാക്കരയിൽ സ്ഥിരതാമസമാണെങ്കിലും മുഴുവൻ സമയവും പി.ടി ഇവിടെയുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് തൊടുപുഴയിലായിരുന്നു. തൃക്കാക്കര മണ്ഡലത്തിൽ മത്സരിക്കാൻ നിയോഗിക്കപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ആറുവർഷമായിട്ടാണ് പി.ടി ഇവിടെ സ്ഥിരമായി ഉണ്ടായിരുന്നത്. പി.ടി രണ്ടുതവണ ഇവിടെ മത്സരിച്ചപ്പോഴും പാരലലായി സ്‌ക്വാഡ് രൂപീകരിച്ച് എല്ലാ സ്ഥലങ്ങളിലും പി.ടിയ്ക്കായി വോട്ട് അഭ്യർഥിച്ച് ജനങ്ങളെ സമീപിച്ചിട്ടുണ്ട്. പ്രവർത്തകരുമായി അടുത്ത ബന്ധമുണ്ട്. ജനങ്ങളുമായി കൂടുതൽ അടുക്കാനും സൗഹൃദം സ്ഥാപിക്കാനുമൊക്കെ സാധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ബന്ധങ്ങൾ മുതൽക്കൂട്ടായി മാറുമെന്നു തന്നെയാണ് പ്രതീക്ഷ.
? സിൽവർ ലൈൻ അടക്കമുള്ള വിഷയങ്ങൾ കത്തിനിൽക്കുമ്പോഴാണ് ഉപതെരഞ്ഞെടുപ്പ്. ഇത്തരം വിഷയങ്ങളിൽ എന്താണ് നിലപാട്
= ജനദ്രോഹപരമായ കാര്യങ്ങൾ വേണോ വേണ്ടയോ എന്ന് തൃക്കാക്കരയിലെ പ്രബുദ്ധരായ വോട്ടർമാർ തീരുമാനിക്കും.
?പി.ടി തോമസിന്റെ ഇടപെടലിനെ തുടർന്നാണല്ലോ നടിയെ ആക്രമിച്ച കേസന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായത്. ഇത് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമോ
= നടിയെ ആക്രമിച്ച കേസും തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തേണ്ട കാര്യമൊന്നുമില്ല. പി.ടി സ്ത്രീകൾക്കുവേണ്ടി എന്നും പിതൃതുല്യനായി കൂടെ ഉണ്ടായിരുന്നു എന്നതിനു തെളിവാണ് നടിയെ ആക്രമിച്ച കേസ് ചർച്ചയാകാൻ കാരണം. അടഞ്ഞുപോകേണ്ട ഒരു അധ്യായം ഇത്രത്തോളമെത്താൻ ഒരു കാരണവും പി.ടിയായിരുന്നു. സ്ത്രീകളുടെ നന്മയും ജനക്ഷേമവും തന്നെയാണ് എന്റെയും ആഗ്രഹം.
? വർഷങ്ങൾക്കുമുമ്പുള്ള കോളജ് യൂനിയൻ തെരഞ്ഞെടുപ്പിലാണല്ലോ നിങ്ങൾ അവസാനമായി മത്സരിച്ചത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലേക്കുള്ള ദൂരത്തെ എങ്ങനെ കാണുന്നു
= മനുഷ്യരും മനുഷ്യരും ഹൃദയവും ഹൃദയവും തമ്മിലുള്ള ബന്ധമാണ് എല്ലാം. അത്തരത്തിൽ ആലോചിച്ചാൽ ഇതൊന്നും വലിയ ദൂരമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."