HOME
DETAILS
MAL
അധ്വാനവര്‍ഗത്തിന്റെ അധികാരം
backup
May 16 2021 | 19:05 PM
അധ്വാനിക്കുന്ന വര്‍ഗത്തിന്റെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കൊക്കെ ഒരു പ്രത്യേകതയുണ്ട്. അധികാരം കിട്ടിയാല്‍ അതിന്റെ ചുമതലയും പാര്‍ട്ടി നേതൃത്വവും ഒരാള്‍ തന്നെ വഹിക്കുന്നതാണ് അവരുടെ രീതി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കു ഭരണമുണ്ടായിരുന്ന മുന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ പലതിലും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും രാജ്യത്തിന്റെ പ്രസിഡന്റും ഒരാള്‍ തന്നെയായിരുന്നു. ചൈനയിലും സ്ഥിതി പലപ്പോഴും അങ്ങനെയാണ്. മറ്റു ചില പാര്‍ട്ടികളിലുമുണ്ട് ഈ ഏര്‍പ്പാട്. അധികമൊന്നും അധ്വാനിക്കാത്തവരുടെ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിമാരില്‍ പലരും പാര്‍ട്ടി പ്രസിഡന്റുമാര്‍ കൂടിയായിരുന്നു.
കേരളത്തില്‍ അധ്വാനിക്കുന്ന വര്‍ഗത്തിന്റെ പ്രസ്ഥാനമാണല്ലോ കേരള കോണ്‍ഗ്രസ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും അങ്ങനെ അവകാശപ്പെടുന്നുണ്ടെങ്കിലും മലയാളികള്‍ അതു വകവച്ചുകൊടുത്തിട്ടില്ല. ഏതൊരു മലയാളിയും അധ്വാനി
ക്കാന്‍ ഇറങ്ങുന്നത് കേരള കോണ്‍ഗ്രസിനെയും അധ്വാനവര്‍ഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് മാണിസാറിനെയുമൊക്കെ ഓര്‍ത്തുകൊണ്ടാണ്. കേരളത്തിലെ തൊഴിലാളിവര്‍ഗത്തിന് അധ്വാനവര്‍ഗ സിദ്ധാന്തത്തോടുള്ള പ്രതിബദ്ധതകൊണ്ടാണ് കേരള കോണ്‍ഗ്രസുകളുടെ എണ്ണം കൂടുകയല്ലാതെ കുറയാത്തത്. ശരിയായ അധ്വാനവര്‍ഗപ്പാര്‍ട്ടി തന്റേതാണെന്ന് മാണിസാര്‍ അവകാശപ്പെട്ടിരുന്നെങ്കിലും മലയാളികള്‍ എല്ലാ കേരള കോണ്‍ഗ്രസുകളെയും അധ്വാനവര്‍ഗപ്പാര്‍ട്ടികളായി തന്നെയാണ് കാണുന്നത്.
കേരള കോണ്‍ഗ്രസുകളിലും പാര്‍ട്ടി നേതാവിന് അധികാരം നിര്‍ബന്ധമാണ്. ഏതു മുന്നണിയിലായാലും അധികാരം കിട്ടുമ്പോള്‍ ആ പതിവ് ഇതുവരെ തുടര്‍ന്നിരുന്നു. അതിനു കാരണമുണ്ട്. ഭരണാധികാരമുള്ള നേതാവിനോടൊപ്പം നിന്ന് ശീലിച്ചവരാണ് കേരള കോണ്‍ഗ്രസിന്റെ ചെറുകിട-ഇടത്തരം നേതാക്കളും അണികളും. പ്രധാന നേതാവ് മന്ത്രിയല്ലാതിരിക്കുകയും പാര്‍ട്ടിയിലെ മറ്റൊരു നേതാവ് മന്ത്രിയായിരിക്കുകയുമാണെങ്കില്‍ വൈകാതെ ആ മന്ത്രി പാര്‍ട്ടിയിലെ അവസാനവാക്കായി മാറും. പ്രധാന നേതാവ് അപ്രധാനിയാകും. അധ്വാനവര്‍ഗ പ്രത്യയശാസ്ത്രത്തിന് അതു ചേരില്ല.
അതൊഴിവാക്കാനാണ് കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ള എം.എല്‍.എ അല്ലാതിരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് എല്‍.ഡി.എഫ് സര്‍ക്കാര്‍ കാബിനറ്റ് റാങ്കോടെ മുന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ അധ്യക്ഷപദവി നല്‍കി അഡ്ജസ്റ്റ് ചെയ്തത്. അദ്ദേഹം അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടന്നയാളായിട്ടും അതു കാര്യമാക്കാതെ അദ്ദേഹത്തെ ആ പദവിയില്‍ വാഴിച്ചത് അധ്വാനവര്‍ഗ രാഷ്ട്രീയത്തിനു ക്ഷീണം തട്ടാതിരിക്കാനാണ്.
അധ്വാനവര്‍ഗപ്പാര്‍ട്ടികളില്‍ ഒന്നാം സ്ഥാനത്തുള്ള കേരള കോണ്‍ഗ്രസ് (എം) ഇപ്പോള്‍ ഇക്കാര്യത്തില്‍ വലിയൊരു പ്രതിസന്ധി നേരിടുകയാണ്. യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിലെത്തിയ പാര്‍ട്ടിയുടെ ഏറ്റവും പ്രധാന നേതാവായ ജോസ് കെ. മാണിയെ പാലായില്‍ മാണി സി. കാപ്പന്‍ തോല്‍പ്പിച്ചുകളഞ്ഞു. അതുപിന്നെ ഏതു നാട്ടിലും കാണുമല്ലോ അധ്വാനവര്‍ഗത്തിന് ഇങ്ങനെ പ്രതിവിപ്ലവകാരികളായ ചില ശത്രുക്കള്‍. മുന്നണിക്ക് വലിയ ഭൂരിപക്ഷത്തോടെ അധികാരം കിട്ടിയെങ്കിലും എം.എല്‍.എ അല്ലാത്ത ജോസിനു മന്ത്രിയാകാന്‍ പറ്റാത്ത അവസ്ഥ. വലംകൈയും ഇടംകൈയുമായ റോഷി അഗസ്റ്റിനെയോ എന്‍. ജയരാജിനെയോ മന്ത്രിയാക്കേണ്ടിവരും. ഏതു കൈയാണെങ്കിലും മന്ത്രിയായാല്‍ പിന്നെ കാര്യങ്ങള്‍ കൈവിടും. അതോടെ അധ്വാനിക്കുന്ന വര്‍ഗത്തിന്റെ ഐക്യം തകരും. നാട്ടില്‍ മുതലാളിത്ത ശക്തികള്‍ പിടിമുറുക്കും.
ആഗോളതലത്തില്‍ തന്നെ അധ്വാനിക്കുന്ന വര്‍ഗം കനത്ത വെല്ലുവിളി നേരിടുന്നൊരു സാഹചര്യത്തിലാണ് കേരളത്തിലും ഈ പ്രതിസന്ധി വരുന്നത്. അതൊഴിവാക്കാനുള്ള വഴി ആലോചിക്കുകയാണ് എല്‍.ഡി.എഫ് നേതാക്കള്‍. ജോസിനെ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കാര കമ്മിഷന്‍, അല്ലെങ്കില്‍ മറ്റേതെങ്കിലും കമ്മിഷന്‍ അധ്യക്ഷനാക്കാനാണ് നേതൃത്വം ആലോചിക്കുന്നത്. അതുകൊണ്ടും വലിയ ഫലമില്ല. എന്തു റാങ്കുണ്ടായാലും മന്ത്രിയോളം അധികാരമുണ്ടാവില്ല ഈ പദവികള്‍ക്കൊന്നും.
ചുരുക്കിപ്പറഞ്ഞാല്‍ അധ്വാനവര്‍ഗപ്പാര്‍ട്ടിയുടെ ഭാവി എന്തായിരിക്കുമെന്നോര്‍ത്ത് കടുത്ത ആശങ്കയിലാണ് അധ്വാനിക്കുന്ന സകലമാന ജനവിഭാഗങ്ങളും.
കോണ്‍ഗ്രസിലെ സ്ഥാനക്കയറ്റങ്ങള്‍
സംഘടനാ തെരഞ്ഞെടുപ്പൊന്നും നടക്കാറില്ലെങ്കിലും നന്നായി ജോലി ചെയ്യുന്നവര്‍ക്കു യഥാസമയം സ്ഥാനക്കയറ്റം നല്‍കുന്നതില്‍ കൃത്യത പാലിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മറ്റിടങ്ങളിലെല്ലാം എത്ര പണിയെടുത്താലും റിസള്‍ട്ട് മോശമാണെങ്കില്‍ കാര്യമായ പരിഗണന കിട്ടാതെപോവുകയാണ് പതിവ്. എന്നാല്‍ കോണ്‍ഗ്രസില്‍ അങ്ങനെയല്ല. റിസള്‍ട്ട് എന്തായാലും ചെയ്ത ജോലിക്ക് കൂലി വരമ്പത്തുതന്നെ കൊടുക്കും.
പണ്ട് ഐ.എസ്.ആര്‍.ഒ ചാരക്കേസ് പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കമേല്‍പ്പിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന കെ. കരുണാകരനെ പാര്‍ട്ടി വെറുതെ ഇരുത്തിയില്ല. നേരെ കൊണ്ടുപോയി കേന്ദ്രത്തില്‍ മന്ത്രിയാക്കി. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പാര്‍ട്ടി കനത്ത തോല്‍വി നേരിട്ടതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച എ.കെ ആന്റണിയെയും കേന്ദ്രത്തിലേക്കു കൊണ്ടുപോയി മികച്ച പദവികള്‍ നല്‍കി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തോറ്റപ്പോള്‍ അതുവരെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെയും ഡല്‍ഹിയില്‍ കൊണ്ടുപോയി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാക്കി.
സംസ്ഥാനത്ത് പ്രയോജനമില്ലാതാവുകയോ ഉപദ്രവമാവുകയോ ചെയ്യുന്ന ഘട്ടങ്ങളില്‍ നേതാക്കളെ ഇങ്ങനെ മാറ്റിനിര്‍ത്തുന്നതാണെന്ന് കോണ്‍ഗ്രസിന്റെ ശത്രുക്കള്‍ പറയാറുണ്ട്. അവര്‍ക്ക് പാര്‍ട്ടിയുടെ രീതി അറിയാത്തതുകൊണ്ടാണത്. ഡല്‍ഹിയിലേക്കു കൊണ്ടുപോകുന്നവര്‍ക്കു കൂടുതല്‍ മെച്ചപ്പെട്ട പദവികള്‍ നല്‍കുന്നത് കാണാതെയാണ് അവരിങ്ങനെ അപവാദം പ്രചരിപ്പിക്കുന്നത്. കെ.പി.സി.സിയുടെ മുകളിലല്ലേ എ.ഐ.സി.സി.
അടുത്ത ഊഴം രമേശ് ചെന്നിത്തലയുടേതാണ്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം പ്രതിപക്ഷനേതാവിന്റെ ചുമതലയില്‍ നന്നായി പണിയെടുത്തയാളാണ് ചെന്നിത്തല. എന്നിട്ടും പാര്‍ട്ടിയും മുന്നണിയും ഈ നിയമസഭാ തെരഞ്ഞടുപ്പില്‍ ദയനീയമായി തോറ്റു. അതിനു ചെന്നിത്തലയെ കുറ്റം പറഞ്ഞിട്ടൊന്നും കാര്യമില്ല. ചില അന്തര്‍ധാരകള്‍ സജീവമായതിന് അദ്ദേഹം ഉത്തരവാദിയല്ലല്ലോ.
ചെന്നിത്തലയെ ഡല്‍ഹിക്കു കൊണ്ടുപോയി ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറിയോ അല്ലെങ്കില്‍ പ്രവര്‍ത്തകസമിതി അംഗമോ ആക്കാനും പ്രതിപക്ഷനേതാവിന്റെ പണി മറ്റാരെയെങ്കിലും ഏല്‍പ്പിക്കാനും പാര്‍ട്ടി ആലോചിക്കുന്നതായി ഡല്‍ഹിയില്‍നിന്ന് വാര്‍ത്തകളുണ്ട്. ചെന്നിത്തലയ്ക്ക് അതില്‍ വലിയ താല്‍പര്യമില്ലെന്ന വാര്‍ത്തയുമുണ്ട്. വലിയ പദവികള്‍ ഒട്ടും ആഗ്രഹിക്കാത്തയാളാണദ്ദേഹം. പിന്നെ ഓരോ ചുമതലകള്‍ പാര്‍ട്ടി നിര്‍ബന്ധിച്ച് ഏല്‍പ്പിക്കുന്നതുകൊണ്ടാണ് അദ്ദേഹം പ്രതിപക്ഷനേതാവിന്റെ പദവിയില്‍ വരെ എത്തിയെന്നു മാത്രം.
ദേശീയ നേതാവാക്കി ഏതെങ്കിലും സംസ്ഥാനങ്ങളുടെ ചുമതല അദ്ദേഹത്തെ ഏല്‍പ്പിക്കാനും പദ്ധതിയുണ്ടെന്നു കേള്‍ക്കുന്നു. അതും നല്ലതാണ്. കേരളത്തില്‍ പാര്‍ട്ടിക്ക് അദ്ദേഹം നല്‍കിയ സേവനം മറ്റു സംസ്ഥാനങ്ങളിലും ലഭിച്ചാല്‍ അവിടങ്ങളിലും പാര്‍ട്ടി പടര്‍ന്നുപന്തലിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."