ലോക്‌സഭാ തെരഞ്ഞെടുപ്പ്; ഡൽഹി പിടിക്കാന്‍ കനയ്യ; പത്ത് സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പത്ത് സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഡല്‍ഹിയിലെ മൂന്ന് സീറ്റിനൊപ്പം പഞ്ചാബിലെ ആറ് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്ന് കനയ്യ കുമാര്‍ മത്സരിക്കും. ചാന്ദ്‌നി ചൗക്ക് സീറ്റില്‍ നിന്ന് ജെ.പി അഗര്‍വാളും, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ നിന്ന് ഉദിത് രാജും ജനവിധി തേടും.
കഴിഞ്ഞ തവണ ബിഹാറിലെ ബഗുസരായിയിലാണ് കനയ്യ മത്സരിച്ചത്. എന്നാല്‍ പിന്നീട് സി പി ഐ വിട്ട് യുവ നേതാവ് കോണ്‍ഗ്രസിലെത്തിയിരുന്നു. ഇക്കുറി ബിഹാറിലെ മഹാസഖ്യത്തിന്റെ ഭാഗമായ സി പി ഐ ബഗുസരായി ചോദിച്ചുവാങ്ങിയിരുന്നു. ഇതോടെ ഇക്കുറി കനയ്യക്ക് മത്സരിക്കാന്‍ അവസരമുണ്ടാകുമോ എന്ന സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കനയ്യയെ ദില്ലിയില്‍ മത്സരിപ്പിച്ചേക്കുമെന്ന വാര്‍ത്തകള്‍ ഇതിന് പിന്നാലെ വന്നു. ഒടുവില്‍ ഇന്ന് രാത്രി ഒമ്പത് മണിയോടെ എ ഐ സി സി സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വാര്‍ത്താക്കുറിപ്പില്‍ കനയ്യയുടെ സീറ്റിന്റെ പ്രഖ്യാപനവും എത്തുകയായിരുന്നു.
അതേസമയം പഞ്ചാബിലെ ജലന്ദറില്‍ മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയെയാണ് കോണ്‍ഗ്രസ് കളത്തിലിറക്കിയിരിക്കുന്നത്. പട്യാല സീറ്റില്‍ ധരംവീര്‍ ഗാന്ധിയും സ്ഥാനാര്‍ഥിയാകും.
കഴിഞ്ഞ ദിവസം 16 സ്ഥാനാര്‍ഥികളുടെ പട്ടികയും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. ഹിമാചലിലെ മാണ്ഡിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി കങ്കണ റണാവത്തിനെതിരെ മന്ത്രി വിക്രമാദിത്യസിംഗിനെയാണ് കോണ്‍ഗ്രസ് നിരത്തിലിറക്കിയത്. കൂടാതെ ഛണ്ഡീഗഡിലെ മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായ മനീഷ് തിവാരിയും ജനവിധി തേടും. ഛണ്ഡീഗഡിലെ ഒരു സ്ഥാനാര്‍ഥിക്ക് പുറമെ ഗുജറാത്തില്‍ നാലും ഹിമാചല്‍ പ്രദേശില്‍ രണ്ടും ഒഡിഷയില്‍ ഒമ്പതും സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് ഇന്നലെ പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."