'പത്തുകാശിന് ആത്മാവിനെ വില്‍ക്കുന്ന പോലുള്ള നടപടി'; റബര്‍ വില കൂട്ടിയാല്‍ ബി.ജെ.പിക്ക് വോട്ടെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ ഫാ.പോള്‍ തേലക്കാടന്‍
കണ്ണൂര്‍: റബര്‍ വില 300 രൂപയാക്കി നിശ്ചയിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കുമെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനക്കെതിരെ ഫാ. പോള്‍ ജോസഫ് തെലക്കാടന്‍. റബ്ബര്‍ വിലയെ അടിസ്ഥാനമാക്കി തീരുമാനമെടുക്കുന്നത് ആത്മഹത്യാപരമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേവലം പണത്തിന്റെ ഇടപാടായി മാത്രം ഇതിനെ കാണാനാവില്ല. പത്തുകാശിന് ആത്മാവിനെ വില്‍ക്കുന്ന പോലുള്ള നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
റബര്‍ വില 300 രൂപയാക്കി നിശ്ചയിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കുമെന്നായിരുന്നു തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രതികരണം. കേരളത്തില്‍ ഒരു എം.പി പോലുമില്ലെന്ന ബി.ജെ.പിയുടെ സങ്കടം കുടിയേറ്റ ജനത പരിഹരിക്കും. ജനാധിപത്യത്തില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന ജനങ്ങള്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
'കേന്ദ്രം റബ്ബറിന് 300 രൂപയാക്കിയാല്‍ തെരഞ്ഞെടുപ്പില്‍ സഹായിക്കും. കേരളത്തില്‍ ഒരു എം.പി പോലുമില്ലെന്ന ബി.ജെ.പിയുടെ വിഷമം പരിഹരിച്ചു തരും. അതിജീവനം വേണമെങ്കില്‍ കുടിയേറ്റ ജനത രാഷ്ട്രീയമായി പ്രതികരിക്കണം. വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന കുടിയേറ്റ ജനത തിരിച്ചറിയണം'പാംപ്ലാനി പറഞ്ഞു.
കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷകറാലിയിലായിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ പ്രതികരണം. നിയമം അനുവദിക്കാത്തതിനാല്‍ തന്നെ കര്‍ഷകന്റെ വീടും ഭൂമിയും സ്വത്തും ജപ്തിചെയ്യാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് കാലത്ത് കര്‍ഷകരുടെ വായ്പാത്തുകകള്‍ക്ക് മൊറൊട്ടോറിയം പ്രഖ്യാപിച്ച് ആശ്വാസവാഗ്ദാനം നല്‍കിയ സര്‍ക്കാര്‍ ഇപ്പോള്‍ കാര്‍ഷിക വായ്പാകുടിശ്ശികകള്‍ തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ക്ക് ജപ്തി അനുമതി നല്‍കിയാല്‍ കൈയുംകെട്ടിയിരിക്കാന്‍ കത്തോലിക്കാ കോണ്‍ഗ്രസ് തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."