‘‘വൺ ബില്യൺ മീൽസ്’; നൂറുകോടി മനുഷ്യരുടെ വിശപ്പടക്കാൻ ഭക്ഷണവുമായി യു.എ.ഇ
ദുബൈ: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പട്ടിണി കിടക്കുന്ന മനുഷ്യർക്ക് ഭക്ഷണമെത്തിക്കുന്ന യു.എ.ഇയുടെ ‘‘വൺ ബില്യൺ മീൽസ്’ പദ്ധതി ഇത്തവണയും നടക്കും. റമദാൻ ഒന്നുമുതൽ ആരംഭിക്കുന്ന പദ്ധതി ലക്ഷ്യത്തിൽ എത്തുന്നത് വരെ തുടരും. ഒരു കോടി പേർക്ക് നൽകി 2020 ൽ തുടങ്ങിയ പദ്ധതിയാണ് ഇപ്പോൾ നൂറ് കോടിയിൽ എത്തി നിൽക്കുന്നത്.
റമദാനിൽ പാവപ്പെട്ടവർക്ക് ഭക്ഷണമെത്തിക്കുന്ന പദ്ധതി ഇത്തവണയുമുണ്ടാകുമെന്ന് യു.എ.ഇ വൈസ് പ്രസിഡന്‍റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ചു. ലോകത്ത് പത്തിലൊരാൾ പട്ടിണി നേരിടുന്നുണ്ടെന്നും മാനവികവും ധാർമികവും ഇസ്ലാമികവുമായ ദൗത്യമെന്ന നിലയിലാണ് പദ്ധതി ഇത്തവണയും തുടരുന്നതെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ വ്യക്തമാക്കി. വരും ദശകത്തിലേക്ക് സുസ്ഥിരമായ രീതിയിൽ ഭക്ഷണം ലഭ്യമാക്കുകയാണ് പദ്ധതി വഴി ഇത്തവണ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘വൺ ബില്യൺ മീൽസ്’ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം ആരംഭിച്ച പദ്ധതിയിൽ 50 രാജ്യങ്ങളിലേക്കാണ് യു.എ.ഇ. സഹായമെത്തിച്ചത്. ഫലസ്തീൻ, ബ്രസീൽ, ഇന്ത്യ, ബംഗ്ലാശേദ്, പാകിസ്താൻ, ടുണീഷ്യ, ഇറാഖ്, ഈജിപ്ത്, ലബനൻ, ജോർദൻ, സുഡാൻ, യമൻ, കൊസോവോ, നേപ്പാൾ, കെനിയ, സെനഗൽ തുടങ്ങിയ രാജ്യങ്ങളിലെല്ലാം കഴിഞ്ഞ വർഷം ഭക്ഷണപ്പൊതി എത്തിച്ചു.
2030ഓടെ പട്ടിണി തുടച്ചു നീക്കാനുള്ള യു.എന്നിന്‍റെ ലക്ഷ്യത്തെ പിന്തുണക്കുക കൂടിയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്വകാര്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പദ്ധതിയിലേക്ക് സംഭാനകൾ നൽകാനാവും. ഭക്ഷണപൊതികളായും വൗച്ചറുകളായുമാണ് ആളുകളിലേക്ക് എത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."