ആരോഗ്യം വീണയ്ക്ക് ബാലഗോപാലിന് ധനം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സ്ഥാനാര്‍ഥിനിര്‍ണയത്തിലും മന്ത്രിമാരെ തെരഞ്ഞെടുത്തതിലും നല്‍കിയ സര്‍പ്രൈസുകള്‍ വകുപ്പ് വിഭജനത്തിലും ആവര്‍ത്തിച്ച് സി.പി.എം. ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പാര്‍ട്ടി മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു.
യുവാക്കള്‍ക്ക് പ്രധാന വകുപ്പുകള്‍ നല്‍കിക്കൊണ്ടും ആരോഗ്യ വകുപ്പില്‍ പെണ്‍തുടര്‍ച്ച ഉറപ്പാക്കിയും സുപ്രധാനമായ നീക്കമാണ് രണ്ടാമൂഴത്തില്‍ വകുപ്പ് വിഭജനത്തില്‍ സി.പി.എം സ്വീകരിച്ചത്. മുന്നണിയിലെ മറ്റു ഘടകകക്ഷികളോട് ഉദാരമായ സമീപനവും സി.പി.എം കാണിച്ചു. മന്ത്രിസ്ഥാനമുള്ള ചെറിയ പാര്‍ട്ടികള്‍ക്കെല്ലാം മികച്ച വകുപ്പുകള്‍ നല്‍കാനാണ് തീരുമാനം. കെ.കെ ശൈലജയുടെ പിന്‍ഗാമിയായി വീണ ജോര്‍ജിന് ആരോഗ്യ വകുപ്പും കെ.എന്‍ ബാലഗോപാലിന് ധനകാര്യവും പി. രാജീവിന് വ്യവസായ വകുപ്പും നല്‍കാന്‍ തീരുമാനിച്ചു. മന്ത്രിസഭയിലെ രണ്ടാമനായ എം.വി ഗോവിന്ദന് എക്‌സൈസും തദ്ദേശ സ്വയംഭരണവും ലഭിക്കും. മന്ത്രിമാരുടെ കൂട്ടത്തില്‍ ഭരണപരിചയമുള്ള കെ. രാധാകൃഷ്ണനു പാര്‍ലമെന്ററി കാര്യവും ദേവസ്വവും നല്‍കുന്നതും പുതുമയുള്ള തീരുമാനമായി. ആദ്യ തവണ ജയിച്ച് മന്ത്രിയാകുന്ന പി.എ മുഹമ്മദ് റിയാസിനു പൊതുമരാമത്ത്, ടൂറിസം എന്നീ പ്രധാന വകുപ്പുകള്‍ ലഭിക്കും. കഴിഞ്ഞ മന്ത്രിസഭയില്‍ മുതിര്‍ന്ന നേതാവായ ജി. സുധാകരനാണ് പൊതുമരാമത്ത് കൈകാര്യം ചെയ്തത്. വി. ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കിയതും അവിചാരിതമായി. സി.പി.എം സ്വതന്ത്രന്‍ വി. അബ്ദുറഹ്മാനു കൂടുതല്‍ പരിഗണന നല്‍കിയത് മലപ്പുറം ജില്ലയ്ക്കു സി.പി.എം നല്‍കുന്ന പ്രാധാന്യത്തിനു തെളിവായി. ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം, കായികം, യുവജനക്ഷേമം വകുപ്പുകളാണ് നല്‍കുന്നത്.
സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം മറ്റു ഘടകകക്ഷികളുമായി സി.പി.എം നടത്തിയ ചര്‍ച്ചയില്‍ അവരുടെ വകുപ്പുകളും തീരുമാനിച്ചു. സി.പി.ഐ വിട്ടുകൊടുത്ത വനം വകുപ്പ് എന്‍.സി.പിക്കു നല്‍കി. സി.പി.എം കൈവശംവച്ചിരുന്ന വൈദ്യുതി വകുപ്പ് ജനതാദളി(എസ്)നു നല്‍കി. കഴിഞ്ഞ തവണ എന്‍.സി.പിയുടെ വകുപ്പായിരുന്ന ഗതാഗതം ഇക്കുറി ജനാധിപത്യ കേരള കോണ്‍ഗ്രസിനു നല്‍കി. ജനതാദള്‍ (എസ്) കൈകാര്യം ചെയ്തിരുന്ന ജലവിഭവ വകുപ്പ് കേരള കോണ്‍ഗ്രസി(എം)നും നല്‍കി. കേരള കോണ്‍ഗ്രസു(ബി)മായി ജനാധിപത്യ കേരള കോണ്‍ഗ്രസ് മന്ത്രിസ്ഥാനം പങ്കിടും. ആദ്യമായി മന്ത്രിസ്ഥാനം ലഭിച്ച ഐ.എന്‍.എല്ലിനു തുറമുഖം, മ്യൂസിയം വകുപ്പുകള്‍ ലഭിച്ചു. കോണ്‍ഗ്രസു(എസ്)മായാണ് ഐ.എന്‍.എല്‍ മന്ത്രിസ്ഥാനം പങ്കിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."