താജ്മഹലിലെ മുറികൾ തുറക്കണമെന്ന ഹരജി ബി.ജെ.പി നേതാവിന് അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
ലഖ്‌നൗ
താജ്മഹലിന്റെ 22 മുറികൾ തുറന്ന് പരിശോധിക്കണമെന്നും അവിടെ ഹൈന്ദവ വിഗ്രഹങ്ങളുണ്ടോയെന്ന് അറിയണമെന്നുമുള്ള ബി.ജെ.പി നേതാവിന്റെ ഹരജി അലഹബാദ് ഹൈക്കോടതി രൂക്ഷവിമർശനത്തോടെ തള്ളി.
ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹരജിക്കാരൻ ഈ വിഷയത്തിൽ ചരിത്രകാരന്മാരിൽനിന്ന് അറിവ് നേടണമെന്നും ബിരുദാനന്തര ബിരുദമോ പിഎച്ച്.ഡിയോ എടുക്കട്ടെയെന്നും കോടതി പറഞ്ഞു. ഏതെങ്കിലും സർവകലാശാല ഗവേഷണത്തിനു തടസം നിന്നാൽ കോടതിയെ സമീപിക്കാം.
നാളെ ജഡ്ജിമാരുടെ ചേംബറും പരിശോധിക്കണമെന്ന ഹരജിയുമായി എത്തുമല്ലോയെന്നും കോടതി ചോദിച്ചു.
പൊതുതാൽപര്യ ഹരജി സംവിധാനത്തെ കൊഞ്ഞനംകുത്തരുതെന്നും ജസ്റ്റിസുമാരായ ഡി.കെ ഉപാധ്യായ, സുഭാഷ് വിദ്യാർഥി എന്നിവർ ഹരജി തള്ളിക്കൊണ്ട് പറഞ്ഞു. ബി.ജെ.പി യൂത്ത് മീഡിയ ഇൻ ചാർജ് രജനീഷ് സിങ്ങാണ് ഹരജി ഫയൽ ചെയ്തത്.
മുറികൾ തുറന്ന് വിഗ്രഹങ്ങളുണ്ടോയെന്ന് പരിശോധിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നിർദേശം നൽകണമെന്നായിരുന്നു ഹരജി. താജ്മഹൽ പഴയ ശിവക്ഷേത്രമാണെന്ന് ചില ചരിത്രകാരന്മാരും ഹിന്ദു ഗ്രൂപ്പുകളും അവകാശപ്പെടുന്ന കാര്യവും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."