വിടപറഞ്ഞത് അറബ് ലോകത്തെ ശക്തനായ ഭരണാധികാരി
ദുബൈ: 1990 കളുടെ അവസാന പാദം മുതല്‍ക്കുതന്നെ പിതാവിന്റെ പിന്‍ഗാമിയായി ആധുനിക യു.എ.ഇ യെ കൂടുതല്‍ ശക്തമാക്കാന്‍ ഖലീഫ ബിന്‍ സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ മുന്നിലുണ്ടായിരുന്നു. ലോകം ശ്രദ്ധിക്കുന്ന രാജ്യങ്ങളില്‍ ഒന്നായി യു.എ.ഇ യെമാറ്റാന്‍ കഠിനാധ്വാനം ചെയ്ത ഭരണാധികാരിയായിരുന്നു ഖലീഫ ബിന്‍ സായിദ്. രാഷ്ട്രപിതാവും പ്രഥമ യു.എ.ഇ പ്രസിഡന്റുമായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്റെ മരണത്തെ തുടര്‍ന്നാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ യുനൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ രണ്ടാമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 1971 ഡിസംബര്‍ രണ്ടിന് രൂപവല്‍കൃതമായ രാജ്യത്തെ ഏഴ് എമിറേറ്റുകളില്‍ ഏറ്റവും വലുതും തലസ്ഥാനവുമായ അബുദബി എമിറേറ്റിന്റെ പതിനാറാമത്തെ ഭരണാധികാരികൂടിയാണ് ശൈഖ് ഖലീഫ ബിന്‍ സായിദ്.അബുദബിയുടെ 16ാമത് ഭരണാധികാരിയായ ഇദ്ദേഹം രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെ മൂത്ത മകനാണ്.2004 നവംബര്‍ രണ്ടിനാണ് ശൈഖ് ഖലീഫ അബുദബി ഭരണാധികാരിയായി സ്ഥാനമേറ്റത്. അടുത്ത ദിവസം യു.എ.ഇ പ്രസിഡന്റായും ചുമതലയേറ്റു.
അബുദബി എമിറേറ്റില്‍ പ്രതിരോധ സേനയുടെ കമാന്‍ഡറായപ്പോള്‍ തന്നെ നിരവധി വികസനപ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു.രാജ്യ തലസ്ഥാനത്ത് പ്രതിരോധ സേനയെ ശക്തമാക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് ഏറെ പ്രധാനപ്പെട്ടതാണ്. 1971 ജൂലൈ ആദ്യത്തിലാണ് അബുദബി എമിറേറ്റിലെ പ്രാദേശിക മന്ത്രിസഭയുടെ പ്രഥമ പ്രധാനമന്ത്രിയായി അദ്ദേഹം വരുന്നത്. ഇതോടൊപ്പം തന്നെയായിരുന്നു പ്രതിരോധം, ധനകാര്യം മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചതും. 1973 ഡിസംബറില്‍ ഫെഡറല്‍ ഗവണ്‍മെന്റില്‍ ഉപപ്രധാനമന്ത്രിയായി. 1974 ഫെബ്രുവരിയില്‍ പ്രാദേശിക മന്ത്രിസഭ നിര്‍ത്തലാക്കിയശേഷം അബൂദബി എമിറേറ്റിലെ പ്രാദേശിക മന്ത്രിസഭക്കു പകരം രൂപവത്കരിച്ച അബൂദബി എക്‌സിക്യൂട്ടിവ് കൗണ്‍സിലിന്റെ ആദ്യ തലവനായും ശൈഖ് ഖലീഫ തിളങ്ങി. 1976ല്‍ അബുദബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി സ്ഥാപിക്കുന്നതിനുള്ള നേതൃത്വം അദ്ദേഹത്തിന്റെതായിരുന്നു.
യു.എ.ഇയുടെ പ്രസിഡന്റായ ശേഷം നവീനമായ പല പദ്ധതികളും അദ്ദേഹം കൊണ്ടുവന്നു. ഫെഡറല്‍ നാഷനല്‍ കൗണ്‍സിലില്‍ അംഗങ്ങളെ ജനാധിപത്യപരമായി തെരഞ്ഞെടുക്കുകയെന്നതായിരുന്നു ഇതില്‍ ശ്രദ്ധേയം. പാര്‍ലമെന്റില്‍ വനിതകള്‍ക്ക് 50 ശതമാനം പ്രാതിനിധ്യം എന്ന സവിശേഷത യു.എ.ഇ ഫെഡറല്‍ നാഷനല്‍ കൗണ്‍സിലില്‍ നടപ്പാക്കിയതും അദ്ദേഹത്തിന്റെ ആശിര്‍വാദത്തോടെയായിരുന്നു.വനിതകള്‍ക്കും തുല്യ ജോലിക്ക് തുല്യവേതന നയം നടപ്പാക്കിയെന്നതും എടുത്തുപറയേണ്ടതാണ്. ലോകത്തിലെ ഏറ്റവും ധനികരായ ഭരണാധികാരികളില്‍ ഒരാളുകൂടിയാണ് ശൈഖ് ഖലീഫ. അബൂദബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ചെയര്‍മാനെന്ന നിലയില്‍ 575 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് അദ്ദേഹം കൈകാര്യം ചെയ്തത്.
73ാം വയസില്‍ തന്റെ പിതാവ് സ്വപനം കണ്ട് ഒരു രാജ്യത്തെ ലോകത്തിന് കാഴ്ചവെച്ചുകൊണ്ടാണ് ശൈഖ് ഖലീഫ വിടവാങ്ങിയത്. തങ്ങളുടെ പ്രഥമ പൗരന്റെ വേര്‍പാടില്‍ 40 ദിവസത്തെ ദുഃഖാചരണമാണ് യു.എ.ഇ പ്രഖ്യാപിച്ചത്.
പതാകകള്‍ പകുതി താഴ്ത്തിക്കെട്ടിയും, മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, ഫെഡറല്‍, പ്രാദേശിക സ്ഥാപനങ്ങള്‍ എന്നിവക്ക് അവധി നല്‍കിയുമാണ് രാജ്യം വേര്‍പാടില്‍ ദുഖമാചരിക്കുന്നത്. രണ്ട് വര്‍ഷത്തോളമായി ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹം പൊതു വേദികളില്‍ ഉണ്ടായിരുന്നില്ല.വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് ശൈഖ് ഖലീഫ നിര്യാതനായ വിവരം ഔദ്യോഗികമായി പുറത്തു വന്നത്. ഖബറടക്കചടങ്ങുകള്‍ അടക്കമുള്ള വിവരങ്ങള്‍ ഇനിയും പുറത്തുവരേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."