HOME
DETAILS

അന്നദാനം മുക്തിമാര്‍ഗം

  
backup
March 24 2023 | 19:03 PM

ramadan-2023-food-donation

ജലീല്‍ ഹുദവി ബാലയില്‍

സ്രഷ്ടാവായ അല്ലാഹുവിനു സര്‍വാത്മനാ കീഴ്‌പ്പെടുകയും അവന്റെ സമ്പൂര്‍ണാധികാരത്തിന് അധീനപ്പെടുകയും ചെയ്യാന്‍ എല്ലാ നിലക്കും സൃഷ്ടികള്‍ ബാധ്യസ്ഥരാണ്. മനുഷ്യന്‍ അവന്റെ മനസും ശരീരവും ഈ നിലക്ക് ഉപയോഗിക്കുന്നതു പോലെ തന്നെ അവന്റെ സമ്പത്തും ചെലവഴിക്കേണ്ടതുണ്ട്. ഇസ്‌ലാമിന്റെ അടിസ്ഥാന അഞ്ച് ഘടകങ്ങളില്‍പെട്ട സകാത് സമ്പത്ത് വ്യയം ചെയ്യലാണെങ്കില്‍ ഹജ്ജില്‍ അതു വളരെ പ്രകടവുമാണ്. അതിനു പുറമെ ദാനധര്‍മങ്ങളെ ഇസ്‌ലാം വളരെയേറെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
സകാത്, ആശ്രിതരുടെ ചെലവുകള്‍, പരിസരത്തും പ്രദേശത്തുമുള്ള നിരാശ്രിതരെയും അഗതികളെയും സഹായിക്കുക, സമൂഹത്തിന്റെ പൊതുവായ അത്യാവശ്യങ്ങളില്‍ പങ്കുകൊള്ളുക തുടങ്ങി നിര്‍ബന്ധമായും സമ്പത്ത് വിനിയോഗിക്കേണ്ട ഘട്ടങ്ങളുണ്ട്. സ്വദഖകളും ഹിബതുകളും സുന്നത്തുമാകുന്നു.

 


സാമ്പത്തിക വ്യയങ്ങളുടെ യുക്തിയും ലക്ഷ്യവും
തന്റേതെന്ന തോന്നലിന്റെ സുഖവും തന്റെ സുഖസൗകര്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്നതും വേണ്ടന്നുവയ്ക്കുന്ന ഒരു ത്യാഗമാണ് സമ്പത്ത് ചെലവഴിച്ചുള്ള ആരാധനകളുടെ മുഖ്യഘടകം. അതാണവയുടെ മര്‍മ്മവും. മനുഷ്യന്‍ അവന്റെ മനസും മെയ്യും സമ്പത്തും ശരീരവും ത്യാഗം ചെയ്യുമ്പോള്‍ അല്ലാഹുവിന്റെ പ്രീതി മാത്രമായിരിക്കണം ലക്ഷ്യം. അല്ലെങ്കില്‍ എല്ലാം വൃഥാവിലാകും.
സാമ്പത്തിക വിനിയോഗങ്ങള്‍ ആത്മത്യാഗത്തോളം ചേര്‍ത്തുവയ്ക്കാവുന്നതാണല്ലോ. സൂറത്തു തൗബയിലെ 41ാം വചനത്തില്‍ 'നിങ്ങളുടെ സമ്പത്തും ശരീരവുമുപയോഗിച്ച് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുവീന്‍' എന്ന കല്‍പന ഇതാണല്ലോ സൂചിപ്പിക്കുന്നതും. അതിനാല്‍ ഉദ്ധൃത ദാനങ്ങള്‍ക്കു പുറമെ, വേറെയും ചിലത് നിയമമാക്കിയിരിക്കുന്നു. അവ കഫ്ഫാറതുകളും ഫിദ്‌യകളുമാണ്. ചില പ്രത്യേക തെറ്റുകള്‍ക്കു പ്രായശ്ചിത്തവും ശിക്ഷാ നടപടികളുമാണ് കഫ്ഫാറത്തെങ്കില്‍ ചില ആരാധനകള്‍ക്ക് പകരമോ അവയില്‍ സംഭവിച്ച ന്യൂനതകള്‍ക്ക് പരിഹാരമോ ആയി നിര്‍ദേശിക്കപ്പെട്ട ആരാധനയാണ് ഫിദ്‌യ എന്നു പൊതുവെ വിശദീകരിക്കാം.
ഈ ത്യാഗങ്ങളെ സമൂഹത്തിന്റെ ഉന്നമനത്തിനും സാമ്പത്തിക ഭദ്രതയ്ക്കുമുള്ള ഒരു മാര്‍ഗമായി ശരീഅത്ത് ഉപയോഗപ്പെടുത്തുന്നു. കഫ്ഫാറതുകളിലും ഫിദ്‌യകളിലും പ്രധാനമായും ആഹാര വിതരണങ്ങളാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ശാരീരിക ത്യാഗങ്ങള്‍ക്കും നിര്‍ദേശങ്ങളുണ്ട്. സകാതുല്‍ ഫിത്‌റിലും വലിയ പെരുന്നാളിലെ ബലിദാനങ്ങളിലും ആഹാര വിതരണങ്ങളാണ് നടക്കുന്നത്. മുന്‍പുള്ള ചില പ്രവാചകന്മാരുടെ ശരീഅത്തില്‍ സാമ്പത്തിക ത്യാഗങ്ങളെ ദാരിദ്ര്യനിര്‍മാര്‍ജന ഉപാധികളാക്കിയിരുന്നില്ലെന്ന് മനസിലാക്കാം. അന്നത്തെ സാമൂഹികാവസ്ഥയില്‍ അവ അപ്രധാനങ്ങളായിരുന്നുവെന്നതാണു കാരണം. ആദം നബി (അ)മിന്റെ മകന്‍ ഹാബീല്‍ നേര്‍ന്ന നേര്‍ച്ചകള്‍ സ്വീകരിക്കുന്നത് ആകാശത്തില്‍നിന്ന് ഇറങ്ങിവന്ന അഗ്‌നി അവയെ ഇരയാക്കുന്നതിലൂടെയാണെന്ന് ഹാബീല്‍-ഖാബീല്‍ ചരിത്രങ്ങള്‍ വിശദീകരിക്കുന്ന ചില തഫ്‌സീറുകളില്‍ കാണാം. യുദ്ധമുതലുകള്‍ കൂട്ടിയിടുകയും അഗ്‌നി നശിപ്പിക്കുകയുമായിരുന്നുവത്രെ നമുക്ക് മുന്‍പുള്ള ഉമ്മത്തിലെ രീതി. എന്നാല്‍ മുഹമ്മദീയ ശരീഅത്തില്‍ അവ ദാരിദ്ര്യനിര്‍മാര്‍ജനത്തിനും രാഷ്ട്രനിര്‍മിതിക്കും പോരാളികളുടെ ക്ഷേമത്തിനും വിനിയോഗിക്കാനാണ് വിധി.

 


കഫ്ഫാറത്തുകള്‍
കഫ്ഫാറതുകളെ പൂര്‍ണമായും ശിക്ഷകളെന്നു പറയാനാവില്ല. അവ ഇബാദത്തുകളുമാണ്. മാത്രമല്ല, അവ പ്രായശ്ചിത്തവും കുറ്റം പൊറുക്കപ്പെടാനുള്ള ഹേതുവും കൂടിയാണ്. 'അത് ജാബിറും (പരിഹാരവും) സാജിറും (പിന്തിരിപ്പിക്കുന്നതും) ആണ്' എന്നാണ് ഇമാം സുബ്കി (റ) അല്‍ അശ്ബാഹി വന്നളാഇറില്‍ പറഞ്ഞത്. കഫ്ഫാറതുകളായി പൊതുവായി നിശ്ചയിക്കപ്പെടുന്നത് താഴെ കൊടുത്തവയാണ്:
1) അടിമയെ മോചിപ്പിക്കുക
2) നോമ്പ് നോല്‍ക്കുക
3) പാവങ്ങള്‍ക്ക് ആഹാരം നല്‍കുക
സത്യം ചെയ്‌തെടുത്ത തീരുമാനത്തിന് എതിരു പ്രവര്‍ത്തിക്കുന്നതിന് പാവങ്ങള്‍ക്കു വസ്ത്രം നല്‍കുകയെന്നതുമുണ്ട്. അബദ്ധത്തില്‍ കൊല ചെയ്തതിനു കഫ്ഫാറത്തിനു പുറമെ ദിയതും നല്‍കണം. ഹജ്ജുമായ ബന്ധപ്പെട്ട മിക്ക പരിഹാര ക്രിയകളിലും പ്രായശ്ചിത്തങ്ങളിലും അടിമയെ മോചിപ്പിക്കുന്നതിനു പകരം ബലിമൃഗത്തെ അറവു നടത്തലാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
പ്രായശ്ചിത്തമായി ഇവയിലേതെങ്കിലുമൊന്നാണ് ചെയ്യേണ്ടത്. ചില കഫ്ഫാറതുകളില്‍ ഇവ മുകളില്‍ പറഞ്ഞവയില്‍ ക്രമം പാലിക്കേണ്ടതുണ്ട്. അഥവാ, അടിമയെ മോചിപ്പിക്കാന്‍ സാധ്യമായില്ലെങ്കിലേ നോമ്പ് നോല്‍ക്കുന്നത് തിരഞ്ഞെടുക്കാവൂ. നോമ്പ് നോല്‍ക്കാനും കഴിയില്ലെങ്കിലേ പാവങ്ങള്‍ക്ക് ആഹാരം നല്‍കുന്നതിലേക്ക് നീങ്ങാവൂ. മറ്റുള്ളവയില്‍ ഇങ്ങനെ ക്രമങ്ങള്‍ ശ്രദ്ധിക്കേണ്ടതില്ല. ക്രമങ്ങള്‍ ഭാഗികമായി പരിഗണിക്കേണ്ടവയുമുണ്ട്.
പ്രധാനമായും താഴെ പറയുന്നവയാണ് കഫ്ഫാറതുകള്‍:
1) സത്യം ലംഘിച്ചതിനുള്ളത് - പത്തു പാവങ്ങള്‍ക്ക് ഭക്ഷണമോ വസ്ത്രമോ നല്‍കുകയോ, അടിമയെ മോചിപ്പിക്കുകയോ ചെയ്യുക. അതിനു കഴിയില്ലെങ്കില്‍ മൂന്നു ദിവസം തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കുക. (ഭാഗികമായി ക്രമം പരിഗണിക്കണം)
2) ളിഹാര്‍ (തന്റെ ഭാര്യ തനിക്ക് മാതാവിനെ (അല്ലെങ്കില്‍ മറ്റു മഹ്‌റമുകളെ) പോലെയാണെന്ന് പറയുക)-തന്മൂലം ഭാര്യയുമായുള്ള സംസര്‍ഗം കഫ്ഫാറത് നിര്‍വഹിക്കുന്നതു വരെ അനുവദനീയമല്ല. അടിമയെ മോചിപ്പിക്കുക, അതിനു കഴിയില്ലെങ്കില്‍ തുടര്‍ച്ചയായ രണ്ടു മാസങ്ങള്‍ നോമ്പനുഷ്ഠിക്കുക, അതിനും കഴിയില്ലെങ്കില്‍ അറുപത് പാവങ്ങള്‍ക്ക് ആഹാരം നല്‍കുകയെന്നതാണ് കഫ്ഫാറത്.
3) റമദാന്‍ നോമ്പ് ലൈംഗിക വേഴ്ചയിലൂടെ പാഴാക്കിയതിന് - അടിമയെ മോചിപ്പിക്കുക. അതിനു കഴിയില്ലെങ്കില്‍ അറുപത് ദിവസം തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കുക. അതിനും കഴിയില്ലെങ്കില്‍ അറുപത് പാവങ്ങള്‍ക്ക് ആഹാരം നല്‍കുക.
4) അബദ്ധത്തില്‍ കൊല നടത്തിയതിന് - അടിമയെ മോചിപ്പിക്കുക. അതിനു കഴിയില്ലെങ്കില്‍ അറുപത് ദിവസത്തെ തുടര്‍ച്ചയായ നോമ്പ്.
5) ഹജ്ജ്-ഉംറ ഇഹ്‌റാമിലായിരിക്കെ വേട്ടയാടിയാല്‍- ആ വേട്ടയാടപ്പെട്ട ജീവിയുടെ വിലയ്ക്കുള്ള ആഹാരം പാവങ്ങള്‍ക്ക് വിതരണം ചെയ്യുക, അല്ലെങ്കില്‍ ഓരോ മുദ്ദിനു പകരം നോമ്പനുഷ്ഠിക്കുക എന്നതാണ് കഫ്ഫാറത്.
6) ഹജ്ജ്-ഉംറ ലൈംഗിക വേഴ്ചയിലൂടെ അസാധുവാക്കിയാല്‍- ഒട്ടകം, അതിനു കഴിയില്ലെങ്കില്‍ മാട്, അതിനു കഴിയില്ലെങ്കില്‍ ഏഴ് ആട്, അതിനും കഴിയില്ലെങ്കില്‍ ഒട്ടകത്തിന്റെ വിലയ്ക്കനുസരിച്ച് ആഹാരം നല്‍കണം. അതിനൊന്നും കഴിയില്ലെങ്കില്‍ മുദ്ദിനനുസരിച്ച് നോമ്പ് നോല്‍ക്കണം.

 


ഫിദ്‌യകള്‍
ഹജ്ജുമായും നോമ്പുമായും ബന്ധപ്പെട്ടാണ് ഫിദ്‌യകളുള്ളത്. ഹജ്ജില്‍ അറവ് നടത്തുക, ആറു പാവപ്പെട്ടവര്‍ക്ക് ആഹാരം നല്‍കുക, മൂന്ന് ദിവസം നോമ്പനുഷ്ഠിക്കുക എന്നിവയില്‍ ഏതെങ്കിലുമൊന്ന് ചെയ്യലാണ് ഇഹ്‌റാമില്‍ വിലക്കുള്ളത് ചെയ്താലുള്ള ഫിദ്‌യ. തമത്തുഇന്റെ ഫിദ്‌യ അറവോ പത്ത് ദിവസത്തെ നോമ്പോ ആണ്.
റമദാന്‍ മാസവുമായി ബന്ധ പ്പെട്ട് ഫിദ്‌യകള്‍ മൂന്നു വിധത്തിലാണ്. (ജിമാഉമായി ബന്ധപ്പെട്ട് മുകളില്‍ പരാമര്‍ശിച്ചിരുന്നു.)
1) വര്‍ധക്യമോ നിത്യരോഗമോ കാരണത്താല്‍ നോമ്പ് നോല്‍ക്കാന്‍ കഴിയാത്തവര്‍ ഓരോ നോമ്പിനും ഓരോ മുദ്ദ് വീതം പാവപ്പെട്ടവര്‍ക്ക് ആഹാരം നല്‍കണം.
2) മറ്റുള്ളവര്‍ക്ക് വേണ്ടി (ഉദാഹരണത്തിന് മാതാവ് കുട്ടിയുടെ ആരോഗ്യത്തിനു വേണ്ടി) നോമ്പ് ഒഴിവാക്കുന്നവര്‍ ഒരു നോമ്പിന് ഒരു മുദ്ദ് ആഹാരം എന്ന നിലക്ക് വിതരണം ചെയ്യണം.
3) ഒഴിവായ നോമ്പുകള്‍ അകാരണമായി അടുത്ത റമദാനിനു മുന്‍പ് നോറ്റുവീട്ടാന്‍ കഴിയാത്തവര്‍ ഒരു നോമ്പിന് ഒരു മുദ്ദ് ആഹാരം എന്ന നിലക്ക് പാവങ്ങള്‍ക്ക് വിതരണം ചെയ്യേണ്ടതാണ്. നോറ്റു വീട്ടാതെ പോകുന്ന ഓരോ വര്‍ഷത്തിനനുസരിച്ച് മുദ്ദുകളുടെ എണ്ണവും വര്‍ധിക്കും.

 


സാമൂഹിക മതകീയ പ്രാധാന്യങ്ങള്‍
മുകളില്‍ പറഞ്ഞ അടിമമോചനം, നോമ്പ്, ആഹാരം നല്‍കല്‍ എന്നിവയുടെ സാമൂഹികവും മതകീയവുമായ പ്രാധാന്യങ്ങള്‍ വിചിന്തനീയമാക്കേണ്ടതാണ്.


അടിമ മോചനം
ജീവന്‍ കഴിഞ്ഞാല്‍ പിന്നീട് ഏറ്റവും പ്രധാനപ്പെട്ടതാണ് സ്വതന്ത്ര്യം. അത് അമൂല്യമാണ്. ഇസ്‌ലാം അടിമസമ്പ്രദായം പൂര്‍ണമായും ഒറ്റയടിക്ക് നിര്‍ത്തലാക്കിയിട്ടില്ല. പക്ഷേ, അടിമകളെ മനുഷ്യരായി കാണാനും ഉടമയെ പോലെ ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും കിടന്നുറങ്ങാനും അടിമക്കും അവകാശമുണ്ടെന്ന് പഠിപ്പിച്ചതിനു പുറമെ, അടിമമോചനം മഹത്തായ ഒരു നന്മയായി ഉദ്‌ഘോഷിക്കുകയും ചെയ്തു. നബി (സ)യും സ്വഹാബത്തും അടിമകളെ മോചിപ്പിച്ച് ഉത്തമ മാതൃകകളാവുകയും ചെയ്തു. അക്കാലത്ത്, അടിമസമ്പ്രദായം സാമ്പത്തിക സാമൂഹ്യ രംഗങ്ങളില്‍ വളരെ ആഴത്തില്‍ വേരൂന്നിയതിനാല്‍ ഒരു സുപ്രഭാതത്തില്‍ അവയെ അപ്പാടെ തുടച്ചുമാറ്റുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നതും മോചിതരായ അടിമകളുടെ സംരക്ഷണവും പുനരധിവാസവും ഏറ്റെടുക്കാന്‍ മാത്രം രാഷ്ട്രം സാമ്പത്തികമായി പ്രര്യാപ്തതയിലെത്തിയില്ലെന്നതും ഇതിനു കാരണമായി ചൂണ്ടിക്കാട്ടാറുണ്ട്. ഇതിന്റെ പിന്നില്‍ അല്ലാഹുവിന്റെ ഒരു യുക്തിയും ദിവ്യ രഹസ്യങ്ങളുമുണ്ടെന്നതാണു യാഥാര്‍ഥ്യം.
ഏറെ വിലയുള്ള സമ്പത്തും അതുമൂലമുള്ള സൗകര്യവും വേണ്ടെന്നുവയ്ക്കുന്ന ഈ ത്യാഗത്തിലൂടെ സമൂഹത്തിലെ ഒരു വിഭാഗത്തിന് അമൂല്യമായ സ്വാതന്ത്ര്യം ലഭ്യമാകുന്നുവെന്നതാണ് ഈ കഫ്ഫാറത്തുകളുടെ പാര്‍ശ്വഫലങ്ങളും സാമൂഹിക പ്രതിഫലനങ്ങളും.

 


നോമ്പ്
ശാരീരിക ആഗ്രഹങ്ങള്‍ക്ക് കുറച്ച് നേരത്തേക്ക് കടിഞ്ഞാണിടുന്ന ഒരു വലിയ ത്യാഗമാണല്ലോ നോമ്പ്. അതും തീരെ പരിചിതമല്ലാത്ത രണ്ടു മാസം.


ആഹാരം നല്‍കല്‍
ശാരീരിക ഇച്ഛകളെ തളച്ചിടുന്ന ആ വലിയ ത്യാഗം ചെയ്യേണ്ടിടത്ത് അല്ലെങ്കില്‍ ചെയ്യാന്‍ കഴിയാത്തിടത്താണ് പാവങ്ങള്‍ക്ക് ആഹാരം നല്‍കി സമ്പത്ത് ചെലവഴിച്ചുള്ള ത്യാഗം ചെയ്യാന്‍ കല്‍പനയുണ്ടാകുന്നത്. അബ്രഹാം മാസ്ലോ വിശദീകരിച്ച മനുഷ്യന്റെ ഭൗതികാവശ്യങ്ങളുടെ മുന്‍ഗണനാ ക്രമമനുസരിച്ച് ഏറ്റവും അടിസ്ഥാന ആവശ്യമാണ് ആഹാരം. ഈ ആവശ്യങ്ങള്‍ നിര്‍വഹിക്കപ്പെടുമ്പോഴാണ് വ്യക്തിക്കും സമൂഹത്തിനും നേട്ടമുണ്ടാക്കുന്ന ഉയര്‍ന്ന ചിന്തകളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും മനുഷ്യന്‍ പ്രാപ്തനാകുന്നത്, സംസ്‌കാരങ്ങള്‍ വളരുകയും പുരോഗതകിള്‍ സംഭവിക്കുകയും ചെയ്യുന്നത്.
ഇസ്‌ലാം ആഹാരം നല്‍കുന്നത് വളരെയേറെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളുടെ പൂര്‍ത്തീകരണമാണ് സകാത്തിന്റെ പ്രധാന ലക്ഷ്യം. ദാരിദ്ര്യത്തിന്റെ ദൈന്യമായ മുഖങ്ങളില്‍ ഫിത്ര്‍ സകാതിലൂടെ വിരിയുന്ന സന്തോഷത്തിന്റെ പുഞ്ചിരികള്‍ പെരുന്നാള്‍ സുദിനങ്ങളെ പ്രഭാപൂരിതമാക്കുന്നു. ബലിപെരുന്നാളിനു നല്‍കുന്ന ബലിമാംസങ്ങളും ഇതുപോലെ ആ സുദിനങ്ങള്‍ക്ക് തെളിച്ചമേകുന്നു. നോമ്പിന്റെയും ഹജ്ജിന്റെയും ഫിദയകളും മറ്റു കഫ്ഫാറതുകളും ഈ പുഞ്ചിരികളുടെ എണ്ണം വര്‍ധിപ്പിക്കുന്നുവെന്നതാണ് അവയുടെ സാമൂഹിക സ്വാധീനം. ഈ പുഞ്ചിരികളിലൂടെ പുരോഗതികളുടെ, ഔന്ന്യത്യങ്ങളുടെ പുതിയ കവാടങ്ങള്‍ തുറക്കുകയാണ്. സമൂഹത്തിന്റെ മുന്നോട്ടുള്ള സഞ്ചാരത്തിനുള്ള സുഗമമായ പാതകള്‍ തെളിയുകയാണ്. അങ്ങനെ ഇല്ലായ്മകളാല്‍ ഒറ്റപ്പെട്ടുകിടക്കുന്നവര്‍ സമൂഹത്തിന്റെ മുഖ്യധാരയിലെത്തുകയും അതു സാമൂഹിക ഉദ്ഗ്രഥനത്തിന് ആക്കംകൂട്ടുകയും ചെയ്യും.
പ്രവാചകര്‍ (സ)യുടെ ഏറ്റവും ഉത്തമ സ്വഭാവമായി തന്റെ പ്രിയ പത്‌നി ഖദീജ (റ)വിന് പറയാനുണ്ടായത്, ഈ അഗതി-അതിഥി സല്‍ക്കാരങ്ങളായിരുന്നു. നബി (സ) മദീനയിലെത്തി, ഒരു രാഷ്ട്രവും സമൂഹവും കെട്ടുപടുക്കുന്നതിന്റെ പ്രാരംഭത്തില്‍ അനുയായികളോടു ആജ്ഞാപിച്ചത് ഇപ്രകാരമായിരുന്നു: 'ജനങ്ങളേ, നിങ്ങള്‍ സലാം വ്യാപിപ്പിക്കുക. ആഹാരം നല്‍കുക. രാത്രികളില്‍ ജനങ്ങളുറങ്ങുന്ന നേരത്ത് എഴുന്നേറ്റ് നിസ്‌കരിക്കുക. എങ്കില്‍ നിങ്ങള്‍ക്ക് സമാധാനത്തോടെ സ്വര്‍ഗത്തില്‍ പ്രവേശിക്കാനാകും.'
ഇവിടെ സലാമിന്റെ വ്യാപനം സാമൂഹിക ഇടപെടലുകള്‍ വര്‍ധിപ്പിക്കാനുള്ള പ്രേരണയാണ്. അങ്ങനെ പരിചയപ്പെടുന്ന മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വഹിക്കാനാണ് ആഹാരം നല്‍കാനുള്ള ആഹ്വാനത്തിലൂടെ നമ്മെ ഉണര്‍ത്തുന്നത്. സാമൂഹിക ഇടപെടലുകളും പൊതുപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ ആത്മീയത ഒട്ടും ചോര്‍ന്നുപോകരുതെന്നതാണ് രാത്രി നിസ്‌കാരങ്ങളിലൂടെ നമ്മെ ഓര്‍മപ്പെടുത്തുന്നത്.

 


ദാരിദ്ര്യ നിര്‍മാര്‍ജനം
ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്ന പരിഹാരം ഫിദ്‌യകളും കഫ്ഫാറത്തുകളുമല്ല. കഫ്ഫാറതുകളിലൂടെ പ്രധാനമായും അവരെ ഇത്തരം തെറ്റുകള്‍ ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ്. അവയുടെ ഉപോല്‍പന്നം മാത്രമാണ് സമൂഹത്തിന്റെ ഈ ആവശ്യങ്ങള്‍ അഭിസംബോധനം ചെയ്യുകയെന്നത്. മാത്രമല്ല, ഇവ യാദൃച്ഛികമായി ഉണ്ടാകുന്നവ മാത്രമാണ്. ഒരിക്കലും സ്ഥിര സ്വഭാവമുള്ളതല്ല. ദാരിദ്ര്യനിര്‍മാര്‍ജനത്തിനും വ്യക്തിയുടെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും സാമ്പത്തികോന്നമനത്തിനും ഇസ്‌ലാം സ്ഥായിയായ പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടതാണ് വ്യക്തികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വഹിച്ചു നല്‍കുകയെന്നത്. അതു പരിസരത്തും പ്രദേശത്തുമുള്ള സാമ്പത്തിക ശേഷിയുള്ള എല്ലാവരുടെയും നിര്‍ബന്ധ ബാധ്യതയാണ്. ഇത് സകാത്തിനു പുറമെ വരുന്ന സാമ്പത്തിക ബാധ്യതകളാണ്. സാമ്പത്തിക ശേഷിയെന്നാല്‍, തന്റെയും ആശ്രിതരുടെയും അടിസ്ഥാന ആവശ്യങ്ങള്‍ കഴിഞ്ഞ് മിച്ചമുണ്ടാവുകയെന്നതാണ്. അത്തരം ശേഷിയില്ലാത്തവര്‍, ഇത്തരം സാഹചര്യങ്ങള്‍ക്കു പരിഹാരം കാണാനായി ശേഷിയുള്ളവരെ തേടിപ്പോകേണ്ടവരാണ്. മാത്രമല്ല, ഇത് പരിഹിക്കുകയെന്നത് സ്റ്റേറ്റിന്റെ കൂടി ഉത്തരവാദിത്തമാണ്.
അതിനു പുറമെ, സ്റ്റേറ്റ് അര്‍ഹരായ പൗരന്മാര്‍ക്കിടയില്‍ സകാത് വിതരണം ചെയ്യേണ്ട രീതിശാസ്ത്രം ശരീഅത്ത് കൃത്യമായി വിശദമാക്കിയിട്ടുണ്ട്. അതുപ്രകാരം, ജോലി ചെയ്യാന്‍ കഴുയുന്നവര്‍ക്ക് തൊഴിലായുധങ്ങള്‍ അവര്‍ക്കു ലഭ്യമാക്കുകയെന്ന സ്ഥായിയായ മാര്‍ഗമാണ് നിര്‍ദേശിക്കുന്നത്. അതിനു കഴിയാത്തവര്‍ക്ക് അറുപത് വയസു വരെയുള്ള ജീവിത ചെലവിനാവശ്യമായത് നല്‍കുകയെന്നതാണ്. ഇതോടൊപ്പം വാണിജ്യ, താമസ നികുതികളും യുദ്ധമുതലുകളും പൊതുജനക്ഷേമത്തിനായി വിനിയോഗിക്കപ്പെടണമെന്നതാണ് ഇസ്‌ലാമിന്റെ വിധി.

 


ആത്യന്തിക ലക്ഷ്യം
മനുഷ്യരുടെ ആരാധനകളുടെയും സല്‍കര്‍മങ്ങളുടെയും ആത്യന്തിക ലക്ഷ്യം അല്ലാഹുവിന്റെ പ്രീതി നേടുകയെന്നത് മാത്രമായിരിക്കണം. അതില്ലാതെ സാമൂഹികോന്നമനമോ സാമ്പത്തിക പുരോഗതിയോ രാഷ്ട്രനിര്‍മിതിയോ മാത്രം ലക്ഷ്യം വയ്ക്കുന്നതിലൂടെ അത്തരം ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിച്ചേക്കാമെങ്കിലും ആഖിറത്തിലെത്തുമ്പോള്‍ നമ്മുടെ നന്മകളുടെ ഏടില്‍ അവയ്ക്ക് സ്ഥാനമുണ്ടാവില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

Kuwait
  •  3 months ago
No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago