കണ്ണൂരില്‍ ബോംബ് സ്ഫോടനത്തില്‍ ആര്.എസ്.എസ് പ്രവര്ത്തകന് മരിച്ചു
കൂത്തുപറമ്പ്: കതിരൂര്‍ പൊലിസ് സ്റ്റേഷന് പരിധിയിലെ കോട്ടയം പൊയില്‍ കോലാക്കാവ് ക്ഷേത്രത്തിനു സമീപത്തെ വീട്ടിലുണ്ടായ സ്ഫോടനത്തില്‍ ആര്.എസ്.എസ്. പ്രവര്ത്തകന് മരിച്ചു.
പൊന്നമ്പത്ത് ഹൗസില്‍ പ്രദീപന്റെ മകന് ദീക്ഷിത്താ(24) ണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. വീടിനകത്ത് ബോംബ് നിര്‍മാണത്തിനിടെയാണ് അപകടമുണ്ടായതെന്നാണു പൊലിസ് നിഗമനം. വീടിന്റെ ഒന്നാം നിലയിലെ മുറിയിലായിരുന്നു സ്ഫോടനം.
സ്ഫോടനത്തില്‍ വീടിന്റെ ഓടുമേഞ്ഞ മേല്‍ക്കൂര തകര്‍ന്നു. ഗുരുതരമായി പരുക്കേറ്റ ദീക്ഷിത്തിനെ ഉടന്‍ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വഴിമധ്യേ മരിച്ചിരുന്നു. ദീക്ഷിത്തും പിതാവും മാത്രമാണ് ഈ വീട്ടില്‍ താമസം.
സംഭവം നടക്കുമ്പോള്‍ പിതാവ് വീട്ടില്‍ ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞ് ജില്ലാ പൊലിസ്മേധാവി സഞ്ജയ്കുമാര്‍ ഗരുഡിന്, തലശേരി ഡിവൈ.എസ്.പി പ്രിന്‍സ് എബ്രഹാം, കൂത്തുപറമ്പ് സി.ഐ കെ.സുരേഷ്ബാബു എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വിരലടയളായ വിദഗ്ധരും സ്ഥലത്തെത്തി. ടൈല്‍സ് ജോലിക്കാരനാണ് ദീക്ഷിത്. സഹോദരന്: അഖില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."