ഗുണനിലവാര പരിശോധനാകേന്ദ്രം വാടകയ്ക്കുനല്‍കി തട്ടിപ്പ്
തിരുവനന്തപുരം: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന് ക്വാളിറ്റി ഇന്‍ഷ്വറന്‍സ് സെന്റര്‍ ഫോര്‍ ഇന്‍ഡസ്ട്രിയല്‍ പ്രോഡക്ട്‌സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡിപ്പോ എന്ന സ്ഥാപനം തുടങ്ങാനായി സര്‍ക്കാര്‍ അനുവദിച്ച ഭൂമിയില്‍ കെട്ടിടം നിര്‍മിച്ചശേഷം വ്യവസ്ഥകള്‍ ലംഘിച്ചു സ്വകാര്യവ്യക്തികള്‍ക്ക് വാടകയ്ക്ക് നല്‍കി തട്ടിപ്പ്. സംസ്ഥാനത്തെ രണ്ടര ലക്ഷത്തോളം വരുന്ന ചെറുകിട വ്യവസായികള്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള സ്ഥാപനം നിര്‍മിയ്ക്കാനാണ് സര്‍ക്കാര്‍ ഭൂമി അനുവദിച്ചത്.
1996ല്‍ എറണാകുളം ജില്ലയില്‍ കളമശേരി ആക്‌സിലറി ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ സര്‍ക്കാര്‍ അനുവദിച്ച 29.75 സെന്റ് ഭൂമിയില്‍ 2007ല്‍ നിര്‍മിച്ച കെട്ടിടത്തില്‍ പേരിനുമാത്രമായി ചെറിയൊരു ഭാഗം ഒഫിസിനായി മാറ്റിവച്ചശേഷം ബാക്കിഭാഗമാണു രണ്ടു സ്വകാര്യവ്യക്തികളുടെ സ്ഥാപനങ്ങള്‍ക്കായി നല്‍കിയത്.
ഒരു ലക്ഷത്തി മൂവായിരം രൂപ നിരക്കില്‍ പ്രതിമാസ വാടകയ്ക്കു നല്‍കിയാണു ഇപ്പോഴും തട്ടിപ്പു തുടരുന്നത്. പരിശോധനാ കേന്ദ്രമാകട്ടെ നാളിതുവരെ തുടങ്ങിയതുമില്ല.
വിവരം എറണാകുളം ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ 2014 ല്‍ വ്യവസായ വാണിജ്യ ഡയറക്ടറെ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. സ്വകാര്യസ്ഥാപനങ്ങളെ ഒഴിപ്പിക്കണമെന്നും വാടകയിനത്തില്‍ ലഭിച്ച തുക സര്‍ക്കാരിലേക്ക് ഈടാക്കണമെന്നും ഇതു സംബന്ധിച്ചു ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് സമര്‍പ്പിച്ചു രണ്ടു വര്‍ഷം കഴിഞ്ഞിട്ടും തുടര്‍ നടപടിയുണ്ടായില്ല.
പട്ടയം നല്‍കിയ ഭൂമി എന്ത് ആവശ്യത്തിനാണോ സര്‍ക്കാര്‍ അനുവദിച്ചത് അതിനുമാത്രമേ ഉപയോഗിക്കാവൂവെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സര്‍ക്കാരും ചെറുകിടവ്യവസായ അസോസിയേഷനും തമ്മില്‍ 1996 ലാണ് പാട്ടകരാര്‍ എഴുതിയുണ്ടാക്കിയത്. ഈ കരാറിലെ വ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണ് അസോസിയേഷന്‍ നടത്തിയത്. ഇതുകൂടാതെ അസോസിയേഷന്‍ സാമൂഹ്യസുരക്ഷാ ഫണ്ട് ട്രസ്റ്റ് മുഖേന നടപ്പാക്കുന്ന സാമൂഹ്യ സുരക്ഷാപദ്ധതിയുടെ പേരില്‍ സര്‍ക്കാര്‍ സഹായവും തട്ടിയെടുക്കുന്നു.
വ്യവസായവകുപ്പിന്റെ കണക്കനുസരിച്ചു സംസ്ഥാനത്തെ ഒരു ശതമാനത്തിനു താഴെ മാത്രം അംഗബലമുള്ള ഒരു സംഘടനയ്ക്ക് ഖജനാവില്‍ നിന്നും ഇത്രയും പണം നല്‍കിയതു ഗുരുതരമായ വീഴ്ചയാണെന്നും ധനകാര്യ പരിശോധനാവിഭാഗം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സഹായമില്ലാതെ ട്രസ്റ്റ് പ്രവര്‍ത്തിപ്പിയ്ക്കാനുള്ള സാമ്പത്തിക സ്രോതസ് സ്വന്തംനിലയില്‍ കണ്ടെത്തണമെന്നും ട്രസ്റ്റിന് സര്‍ക്കാര്‍ നല്‍കിയ ഒരുകോടി രൂപ തിരികെ അടയ്ക്കണമെന്നും ഭരണവകുപ്പിനു നല്‍കിയ ശുപാര്‍ശയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ യാതൊരു നടപടിയും ഉണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."