തെരുവുനായ്ക്കളെ പിടികൂടാമെന്ന് കോടതി ഉത്തരവുണ്ടെങ്കിലും നടപടികളില്ല
തൃശൂര്‍: പൊതുജനങ്ങള്‍ക്ക് ഭീഷണിയായ തെരുവുനായ്ക്കളെ പിടികൂടാമെന്നും പേവിഷബാധയേറ്റവയെ കൊല്ലാമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ട് ഒന്‍പത് മാസമായെങ്കിലും നടപടികളാരംഭിച്ചിട്ടില്ല. ജനങ്ങള്‍ക്ക് ഭീഷണിയായ തെരുവുനായ പ്രശ്‌നം പരിഹരിക്കാന്‍ ഹൈക്കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് 2011 മുതല്‍ സമര്‍പ്പിച്ച വിവിധ ഹരജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എം. എം ഷഫീഖും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് 2015 നവംബര്‍ 4ന് ഇത്തരത്തില്‍ ഉത്തരവിട്ടത്.സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ ശല്യം അവസാനിപ്പിക്കാന്‍ സര്‍ക്കാരും മൃഗസംരക്ഷണവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അടിയന്തര നടപടി കൈക്കൊള്ളണമെന്നാണ് കോടതി ഉത്തരവിലുള്ളത്. നായ്ക്കളെ പിടികൂടുമ്പോള്‍ മൃഗസംരക്ഷണത്തിനായുള്ള ചട്ടങ്ങളും നിബന്ധനകളും സര്‍ക്കാരും സ്ഥാപനങ്ങളും കര്‍ശനമായി പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
നായ്ക്കളുടെ പ്രജനനവും നിയന്ത്രണവും സംബന്ധിച്ച 2001 ലെ ചട്ടപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഡോഗ് കണ്‍ട്രോള്‍ സെല്ലുകള്‍ സ്ഥാപിക്കണമെന്നും പൊതുജനങ്ങള്‍ക്ക് ഈ സെല്ല് സംബന്ധിച്ച് അറിയിപ്പ് നല്‍കുകയും നായ്ക്കളെ സംബന്ധിച്ച് പരാതിയുയര്‍ന്നാല്‍ പേവിഷബാധയേറ്റവയെ നശിപ്പിക്കുകയും ഉപദ്രവകാരികളായ നായ്ക്കളെ പിടികൂടി കൂടുകളില്‍ അടച്ച് വന്ധീകരണം ചെയ്ത് ശരിയായ സ്ഥലത്ത് തുറന്നുവിടണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായകളെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിയമാനുസൃതം പിടികൂടുന്നതിനായി ഹൈക്കോടതി എട്ട് മാര്‍ഗനിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
1. 2001 ലെ ചട്ടപ്രകാരം കിട്ടുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണം. മൃഗസംരക്ഷണ ബോര്‍ഡിന്റെ നിയമപ്രകാരം അവലോകന കമ്മിറ്റി രൂപീകരിക്കണം. 2. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഡോഗ് കണ്‍ട്രോള്‍ സെല്‍ അവലോകന കമ്മിറ്റിയുമായി ആശയവിനിമയം നടത്തണം. 3. സെല്‍ സംബന്ധിച്ച് പൊതുജനത്തിനെ അറിയിക്കണം. 4, പട്ടികളെ താമസിപ്പിക്കുന്നതിന് കൂടുകള്‍, ഷെല്‍ട്ടറുകള്‍,ഡ്രൈവറോടുകൂടി പ്രത്യേക വാഹനങ്ങള്‍, നായകളെ പിടികൂടാന്‍ പ്രത്യേക ജീവനക്കാര്‍, ആംബുലന്‍സ് സൗകര്യം തുടങ്ങിയവ ഏറ്റവും പെട്ടെന്ന് നടപ്പാക്കണം, 5. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കണം, സാമ്പത്തിക സഹായം നല്‍കണം.6. മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാക്‌സിനേഷനും വന്ധീകരണത്തിനുമുള്ള നടപടികള്‍ സ്വീകരിക്കണം. 7.പിടികൂടുന്ന തെരുവു നായകളെ സംരക്ഷിക്കാനായി ജില്ലാതലത്തില്‍ റസ്‌ക്യൂ ഹോമുകള്‍ സ്ഥാപിക്കണം. എല്ലാ ജില്ലകളിലും വെറ്ററിനറി ആശുപത്രികള്‍ സ്ഥാപിക്കണം എല്ലാ താലൂക്കുകളിലും ക്ലിനിക്കുകള്‍ സ്ഥാപിക്കണം. 8. 1960 ലെ നിയമപ്രകാരം കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ ധനസഹായം നല്‍കണമെന്നുമാണ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവിലുള്ളത്. നായ്ക്കളെ കൊല്ലണമെന്നാവശ്യപ്പെട്ടുള്ള ഒന്‍പത് ഹരജികളും മൃഗസ്‌നേഹികളുടെ സംഘടനകള്‍ നല്‍കിയ മൂന്നു ഹരജികളുമാണ് അന്ന് കോടതി പരിഗണിച്ചത്.
എന്നാല്‍ തെരുവുനായ അക്രമണത്തില്‍ പരുക്കേറ്റയാള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കിയില്ലെന്നാരോപിച്ച് കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചപ്പോള്‍ ഹരജിക്കാരന് നഷ്ടപരിഹാരം നല്‍കേണ്ട ചുമതല തദ്ദേശസ്വയംഭരണ വകുപ്പിനാണെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."