ഫെല്ലോഷിപ്പ് നിഷേധത്തിലെ ന്യൂനപക്ഷവിരുദ്ധത
സഫർ ആഫാഖ്
ഇരുപത്തിയഞ്ചുകാരനായ ആസ് മുഹമ്മദിന്റെ ഉപ്പ ഡൽഹിയിലെ ബസ് ഡ്രൈവറായിരുന്നു. മഹാമാരി പിതാവിന്റെ തൊഴിൽ ഇല്ലാതാക്കിയെങ്കിലും ദുരിതകാലത്തും ബിരുദാനന്തര പഠനം പൂർത്തിയാക്കാൻ സഹായിച്ചത് സ്‌കൂളിലും കോളജിലും തനിക്ക് ലഭിച്ചിരുന്ന സ്‌കോളർഷിപ്പുകളാണ് എന്നാണ് മുഹമ്മദ് പറയുന്നത്. കോളജ് പ്രൊഫസർ ആകണമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഗവേഷണ കാലയളവിലും സ്‌കോളർഷിപ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു മുഹമ്മദ്.
യു.ജി.സി നൽകുന്ന ജൂനിയർ റിസർച്ച് ഫെലോഷിപ്പിനു വേണ്ടി നെറ്റ് മത്സരപരീക്ഷക്കു പരിശീലിക്കുന്നുണ്ട് ഇദ്ദേഹം. ലക്ഷക്കണക്കിനു വിദ്യാർഥികൾ പങ്കെടുക്കുന്ന പരീക്ഷയിൽ 25,000 പേർക്കു മാത്രമാണ് യു.ജി.സിയുടെ ഫെലോഷിപ്പ് ലഭിക്കുക. എന്നാൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ലഭിക്കുന്ന മൗലാനാ ആസാദ് നാഷണൽ ഫെല്ലോഷിപ്പ് ലഭിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു മുഹമ്മദ്. എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ഈ ഫെല്ലോഷിപ്പ് മോദി സർക്കാർ നിർത്തലാക്കിയതായിപ്രഖ്യാപിക്കുന്നത്. ഇതോടെ ഗവേഷണ സ്വപ്നങ്ങൾക്ക് വലിയ തിരിച്ചടി നേരിട്ടതായും മുഹമ്മദ് പറയുന്നു. മുഹമ്മദിനെ പോലെ ആയിരക്കണക്കിനു വിദ്യാർഥികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്കാണ് മോദി സർക്കാരിന്റെ ഈ നടപടിയോടെ തകർത്തത്.
മുസ്‌ലിംകൾക്കും ഇതര വിഭാഗങ്ങൾക്കും ഇടയിലുള്ള വിദ്യാഭ്യാസ വിടവ് നികത്തുന്നതിനായി പ്രത്യേക ഉന്നതതല കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് 2009ൽ മൗലാനാ ആസാദ് നാഷണൽ ഫെല്ലോഷിപ്പ് ആരംഭിക്കുന്നത്. ഇന്ത്യൻ ജനസംഖ്യയിൽ 14.2 ശതമാനവും മുസ് ലിംകളാണ്. എന്നാൽ ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 5.5 ശതമാനം മാത്രമാണ് മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ള വിദ്യാർഥികൾ എന്നാണ് 2019ൽ നടത്തിയ ഉന്നതവിദ്യാഭ്യാസ കണക്കെടുപ്പുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ എല്ലാ മതന്യൂനപക്ഷങ്ങൾക്കുമായി നൽകുന്ന ഈ ഫെല്ലോഷിപ്പിന് ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാനാ അബുൽ കലാം ആസാദിന്റെ പേരാണ് നൽകിയിട്ടുള്ളത്. എല്ലാ മതന്യൂനപക്ഷങ്ങൾക്കായുള്ളതാണെങ്കിലും ഈ ഫെല്ലോഷിപ്പ് ഏറ്റവും കൂടുതൽ ലഭിക്കുന്നത് മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ളവർക്കാണ്. 2018-19ലെ കണക്കുകൾ പ്രകാരം, ഫെല്ലോഷിപ്പ് സ്വീകരിക്കുന്ന ആയിരം പേരിൽ 733 പേരും മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ളവരാണ്. ഫെല്ലോഷിപ്പ് നിർത്തലാക്കാനുള്ള തീരുമാനം പുറത്തുവന്നതോടെ വിദ്യാർഥികൾ കാംപസുകൾക്ക് അകത്തും പുറത്തുമായി പ്രതിഷേധത്തിലാണ്. ഇത്തരം നടപടികൾ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കു നേരെയുള്ള ആക്രമണമാണെന്നും ബി.ജെ.പി സർക്കാരിന്റെ ന്യൂനപക്ഷവിരുദ്ധ നയങ്ങളുടെ ഭാഗമാണെന്നും സാമൂഹികപ്രവർത്തകർ ആരോപിച്ചു.
ഡിസംബർ 12ന് ന്യൂനപക്ഷ മന്ത്രാലയത്തിനു മുമ്പിൽ വിവിധ വിദ്യാർഥി യൂനിയനുകൾ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്തവരെ പൊലിസ് അടുത്തുള്ള സ്റ്റേഷനിലേക്കു മാറ്റുകയും മണിക്കൂറുകൾക്ക് ശേഷം പറഞ്ഞയക്കുകയും ചെയ്തിരുന്നു. വിവിധ രാഷ്ട്രീയ കക്ഷികളുടെ ജനപ്രതിനിധികൾ സർക്കാരിന്റെ ഈ തീരുമാനത്തെ സംബന്ധിച്ച് പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഡിസംബർ എട്ടിന് മൗലാനാ ആസാദ് നാഷണൽ ഫെലോഷിപ്പ് നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ച സ്മൃതി ഇറാനി കാരണമായി പറഞ്ഞത് മറ്റു ന്യൂനപക്ഷപദ്ധതികളുമായി ചേർത്ത് ഇത് പുനഃസംഘടിപ്പിക്കുമെന്നാണ്. എന്നാൽ, ഗവേഷക വിദ്യാർഥികൾ പറയുന്നത് ഒരു വിദ്യാർഥി വിവിധ ഫെലോഷിപ്പുകൾക്ക് അർഹരാണെങ്കിലും അവർ തിരഞ്ഞെടുക്കുന്ന ഏതെങ്കിലും ഒരു പദ്ധതിക്കു കീഴിൽ മാത്രമേ ഫെല്ലോഷിപ്പിന് അർഹരായി പരിഗണിക്കൂ എന്നാണ്. അതിനാൽ തന്നെ, ഈ ഫെല്ലോഷിപ്പ് നിർത്തലാക്കുന്നതോടെ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള ഗവേഷകർക്കു ലഭിക്കുന്ന ഒരു പ്രധാന അവസരമാണ് ഇല്ലാതാവുന്നത്. യു.ജി.സിയുടെ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് പരീക്ഷാ മികവ് അടിസ്ഥാനമാക്കിയാണ് ഗവേഷകരെ തിരഞ്ഞെടുക്കുന്നത്. അതേസമയം മൗലാനാ ആസാദ് ഫെലോഷിപ്പ് പോലുള്ള പദ്ധതികൾ പാർശ്വവത്കൃത വിഭാഗങ്ങളെ ഫലപ്രദമായി അക്കാദമിക മേഖലയിലേക്ക് ഉൾക്കൊള്ളിക്കാൻ പര്യാപ്തമായിരുന്നു.
ഇന്ത്യയിലെ മുസ്‌ലിംകളുടെ സാമൂഹിക, സാമ്പത്തികാവസ്ഥയെ കുറിച്ച് മനസ്സിലാക്കുന്നതിനു വേണ്ടി 2005ൽ യു.പി.എ സർക്കാർ ജസ്റ്റിസ് രജീന്ദർ സച്ചാറിന്റെ നേതൃത്വത്തിൽ കമ്മിറ്റിയെ ചുമതലപ്പെടുത്തി. 2006ൽ സച്ചാർ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ഇന്ത്യൻ മുസ്‌ലിംകൾ ഇതര വിഭാഗങ്ങളെ അപേക്ഷിച്ച് സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നിലാണെന്നാണ്. വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിദ്യാഭ്യാസത്തോട് അടുക്കുന്നതിനനുസരിച്ച് മുസ്‌ലിംകളും ഇതരവിഭാഗങ്ങളും തമ്മിലുള്ള വിദ്യാഭ്യാസ വിടവ് വർധിക്കുകയാണെന്നും ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടി. സച്ചാർ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന് പത്തു വർഷത്തിനിപ്പുറവും ഈ അവസ്ഥയിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല. ഇന്ത്യൻ ജനസംഖ്യയുടെ 16.5ശതമാനത്തോളം വരുന്ന പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള 14.7 ശതമാനം ആളുകളും ഉന്നതവിദ്യാഭ്യാസം നേടുന്നവരാണ്. പട്ടികവർഗക്കാരും താരതമ്യേന മുസ്‌ലിംകളെക്കാൾ ഉന്നതവിദ്യാഭ്യാസ രംഗത്തുണ്ട്.
മറ്റു ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളും ന്യൂനപക്ഷ മന്ത്രാലയത്തിന്റെ തീരുമാനത്തിൽ അതൃപ്തരാണ്. പഞ്ചാബ് സർവകലാശാലയിൽ ഇക്കണോമിക്‌സിൽ ഗവേഷണം നടത്തുന്ന പട്യാല സ്വദേശി രമീന്ദർ സിങ് പറയുന്നത് ഫെല്ലോഷിപ്പ് ഇല്ലായിരുന്നുവെങ്കിൽ താനൊരിക്കലും ഗവേഷണ മേഖലയിലേക്ക് എത്തില്ലായിരുന്നു എന്നാണ്. കൂടാതെ, ഗവേഷണ മേഖലയിലേക്ക് വരാനാഗ്രഹിക്കുന്ന ഒട്ടേറെ പേർക്ക് ഈ പ്രഖ്യാപനം വലിയ തിരിച്ചടിയായിരിക്കുമെന്നും രമീന്ദർ കൂട്ടിച്ചേർത്തു. പല വിദ്യാർഥികളും ഗവേഷണ മേഖലയിലേക്ക് എത്തുന്നത് മറ്റു പല ജോലിസാധ്യതകളെയും വേണ്ടെന്നുവച്ചിട്ടാണ്. അത്തരക്കാരിൽ തന്നെ ദരിദ്രസാഹചര്യങ്ങളിൽ നിന്നു വരുന്നവർക്ക് മുമ്പിൽ വളരെയേറെ പ്രതിസന്ധികളാണുള്ളത്. എന്നാൽ മൗലാനാ ആസാദ് ഫെല്ലോഷിപ്പ് പോലുള്ളവ ഗവേഷകർക്ക് താൽക്കാലികമായെങ്കിലും വലിയ സാമ്പത്തികാശ്വാസം നൽകിയിരുന്നു. എന്നാൽ ഇത് നിർത്തലാക്കുന്നത് ഇന്ത്യയുടെ ഗവേഷണ മേഖലയെ പ്രതികൂലമായി ബാധിക്കും. കൂടാതെ, വരും കാലങ്ങളിൽ മുസ്‌ലിം വിഭാഗത്തിൽനിന്നും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുമുള്ള ഗവേഷണ വിദ്യാർഥികളുടെ എണ്ണം ക്രമാതീതമായി കുറയുമെന്ന ആശങ്കയും വിദ്യാർഥികൾ പങ്കുവയ്ക്കുന്നുണ്ട്.
(കടപ്പാട്: Scroll.in)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."