വിസ്മയ കേസ്: 'ഹോണ്ട സിറ്റിയായിരുന്നു ഇഷ്ടം...' കിരണ്‍ കുമാര്‍ കൂടുതല്‍ സ്ത്രീധനമാവശ്യപ്പെടുന്നതിന്റെ തെളിവുകള്‍ പുറത്ത്
കൊല്ലം: വിസ്മയ കേസില്‍ കിരണ്‍കുമാര്‍ സ്ത്രീധനമാവശ്യപ്പെട്ടതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. വിസ്മയയും കിരണും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. ഹോണ്ട സിറ്റിയായിരുന്നു തനിക്കിഷ്ടം, വിലക്കൂടുതലായതിനാല്‍ വേണ്ടെന്ന് വച്ചതാണ്. എന്നിട്ട് വെന്റോ ഉറപ്പിച്ചു. രാവിലെ വേറെ കാര്‍ കണ്ടപ്പോള്‍ കിളി പോയെന്ന് കിരണ്‍ കുമാര്‍ വിസ്മയയോട് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.
വിസ്മയ കേസില്‍ കോടതി ഇന്ന് വിധി പറയും. അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിതാണ് വിധി പ്രസ്താവിക്കുക. കേസിലെ പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണ്‍ കുമാറിനെതിരെ ഏഴ് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
സ്ത്രീധന പീഡനം മൂലമുള്ള മരണം, സ്ത്രീധന പീഡനം, ആത്മഹത്യാപ്രേരണ, പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും സ്ത്രീധന പീഡന നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളുമാണ് കിരണ്‍ കുമാറിനെതിരെ ചുമത്തിയിട്ടുള്ളത്. 42 സാക്ഷികളും 120 രേഖകളും 12 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. ഡിജിറ്റല്‍ തെളിവുകളും നിര്‍ണായകമാണ്. പ്രതി കിരണ്‍ കുമാറിന് പരമാവധി പത്ത് വര്‍ഷം വരെ തടവ് ലഭിക്കുമെന്നാണ് വാദി ഭാഗത്തിന്റെ കണക്കുകൂട്ടല്‍.
2021 ജൂണ്‍ 21 നാണ് വിസ്മയയെ കിരണിന്റെ ശാസ്താംകോട്ട ശാസതാംനടയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരി പത്തിന് വിസ്മയ കേസില്‍ വിചാരണ ആരംഭിച്ചു. പിതാവ് ത്രിവിക്രമന്‍ നായര്‍, സഹോദരന്‍ വിജിത്ത് എന്നിവരാണ് കേസിലെ മുഖ്യ സാക്ഷികള്‍. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ മോഹന്‍രാജാണ് ഹാജരായത്.
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കോടതിക്ക് മുന്നില്‍ പ്രോസിക്യൂഷന്‍ തെളിവ് നിരത്തി വാദിച്ചു. ഇതിനായി വിസ്മയ അമ്മയ്ക്കും കൂട്ടുകാരിക്കും കിരണിന്റെ സഹോദരിക്കും അയച്ച വാട്ട്‌സ് ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി 42 സാക്ഷികളും 120 രേഖകളും ഫോണുകള്‍ ഉള്‍പ്പടെ 12 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി. എന്നാല്‍ ഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും തെളിവായി എടുക്കാന്‍ കഴിയില്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വകുപ്പുതല അന്വേഷണത്തിന് ശേഷം ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനായാരുന്ന കിരണ്‍ കുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.
ചുമയത്തിയിരിക്കുന്ന വകുപ്പുകള്‍ പ്രകാരമുളള കുറ്റങ്ങളെല്ലാം തെളിയിക്കാനായാല്‍ പത്തു വര്‍ഷമെങ്കിലും തടവുശിക്ഷ പ്രതിയായ കിരണിന് ലഭിക്കുമെന്നുളള പ്രതീക്ഷയിലാണ് പ്രോസിക്യൂഷന്‍. ശാസ്ത്രീയ തെളിവുകളുടെ സമാഹരണമായിരുന്നു വിസ്മയ കേസ് അന്വേഷണത്തിലെ പ്രധാന വെല്ലുവിളിയെന്ന് പറഞ്ഞ അന്വേഷണ ഉദ്യോഗസ്ഥന്‍ ശാസ്താംകോട്ട ഡിവൈഎസ്പി പി.രാജ്കുമാര്‍ തെളിവുകള്‍ കോടതി അംഗീകരിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.
സ്ത്രീധനത്തിനെതിരെ വലിയ ക്യാംപയിനുകള്‍ക്ക് തുടക്കം കുറിച്ച കേസായതിനാല്‍ പൊതുസമൂഹവും വിസ്മയ കേസ് വിധിയെ ഉറ്റുനോക്കുന്നുണ്ട്. മകള്‍ക്ക് നീതി ലഭിക്കും എന്നാണ് പ്രതീക്ഷയെന്ന് വിസ്മയയുടെ അച്ഛന്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."