കോണ്‍ഗ്രസ് പുനഃസംഘടന: അശോക് ചവാന് സമിതി എം.എല്‍.എമാരെ ഓണ്‍ലൈനില്‍ കണ്ടു
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചു പഠിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയോഗിച്ച അശോക് ചവാന് സമിതി കേരളത്തിലെ എം.എല്‍.എമാരും മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ വൈകുന്നേരം മുതല്‍ ഓണ്‍ലൈനിലായിരുന്നു കൂടിക്കാഴ്ച.
കേരളത്തില്‍ നേരിട്ടെത്തി അഭിപ്രായങ്ങള്‍ ശേഖരിക്കാനായിരുന്നു തീരുമാനമെങ്കിലും കൊവിഡ് സാഹചര്യത്തില്‍ നേരിട്ടെത്തുന്നത് ഒഴിവാക്കുകയായിരുന്നു. കെ.പി.സി.സി അധ്യക്ഷസ്ഥാനത്തുള്പ്പെടെ പാര്‍ട്ടിയില്‍ പുനഃസംഘടന നടത്തുന്നതു സംബന്ധിച്ച് സമിതി അഭിപ്രായങ്ങള്‍ തേടി. അഭിപ്രായങ്ങള്‍ ശേഖരിച്ച ശേഷം ജൂണ്‍ ഒന്നിന് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അറിയുന്നു. തുടര്‍ന്നായിരിക്കും പുനഃസംഘടന സംബന്ധിച്ച് ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുക.
ഹൈക്കമാന്‍ഡ് തീരുമാനം വരുന്നതിനു മുമ്പുതന്നെ മുല്ലപ്പള്ളി രാമചന്ദ്രന് കെ.പി.സി.സി അധ്യക്ഷസ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചനയുണ്ട്. പുനഃസംഘടന സംബന്ധിച്ച തീരുമാനം വൈകരുതെന്ന നിലപാട് മുല്ലപ്പള്ളി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
കെ. സുധാകരന് അധ്യക്ഷസ്ഥാനത്ത് എത്തുന്നതിനെതിരേ ശക്തമായ എതിര്‍പ്പുയര്‍ന്നാല്‍ കൊടിക്കുന്നില്‍ സുരേഷ്, പി.ടി തോമസ് തുടങ്ങിയവരുടെ പേരുകളും പരിഗണിക്കപ്പെടും. യു.ഡി.എഫ് കണ്‍വീനറുടെ സ്ഥാനത്തേക്ക് കെ. മുരളീധരന്റെ പേരും പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."