ദേശീയ പാത അറ്റകുറ്റപ്പണി ഇഴയുന്നു; മന്ത്രിയുടെ നിര്‍ദേശം നടപ്പാക്കാതെ ഉദ്യോഗസ്ഥര്‍
ആലപ്പുഴ: ദേശീയ പാത അറ്റകുറ്റപ്പണിയുടെ കാര്യത്തില്‍ പൊതുമരാമത്തു വകുപ്പ് മന്ത്രിയുടെ ഇടപെടല്‍ ഫലം കാണുന്നെങ്കിലും പണി ഇഴഞ്ഞു നീങ്ങുന്നു. ദേശീയപാതയിലെ കുണ്ടും കുഴിയും അടച്ചു തുടങ്ങിയെങ്കിലും ഉദ്യോഗസ്ഥ ലോബിയും കരാറുകാരും ചേര്‍ന്നാണ് താമസിപ്പിക്കുന്നത്.
ഏറ്റവുമധികം കുഴികള്‍ നിറഞ്ഞ അമ്പലപ്പുഴ മണ്ഡലത്തിലാണ് അല്‍പം വേഗത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നത്. അമ്പലപ്പുഴ- കാക്കാഴം മേല്‍പാലത്തിന്റെ അറ്റകുറ്റപ്പണിയും ഇഴഞ്ഞാണ് നീങ്ങുന്നത്. പൊതു മരാമത്തുമ മന്ത്രി നേരിട്ടെത്തി പലതവണ നിര്‍ദേശം നല്‍കിയിട്ടും പഴയപടി തന്നെയാണ് കാര്യങ്ങള്‍.
ദേശീയ പാതയില്‍ പലഭാഗങ്ങളിലും വന്‍ഗര്‍ത്തങ്ങളും ചെറുകുഴികളുമാണ് രൂപപെട്ടിരിക്കുന്നത്. മന്ത്രി ജി.സുധാകരന്‍ നേരിട്ടെത്തി ഇവയുടെ കണക്കെടുത്തത് കൗതുകമായിരുന്നു. എന്നാല്‍ പലയിടങ്ങളിലും കുഴിയടക്കല്‍ കൊണ്ട് മാത്രം കാര്യമില്ലെന്നതാണ് സ്ഥിതി. നിലവില്‍ അറ്റകുറ്റപ്പണി നടത്തിയ ഭാഗങ്ങള്‍ തന്നെ വീണ്ടും തകരുന്ന കാഴ്ചയാണ് ദേശീയപാതയില്‍ കൂടുതലും. കൂടാതെ ചില സ്ഥലങ്ങളില്‍ കുഴിയടക്കാതെ പോകുന്നതും പേരിന് മാത്രം പണി നടത്തുന്നതും ആക്ഷേപങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
ദേശീയ പാത വഴി പലയിടത്തും ഇരുചക്രവാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്. ദേശീയ പാതയ്ക്ക് സമീപത്തെ കച്ചവടസ്ഥാപനങ്ങളാണ് വെട്ടിലായികരിക്കുന്നത്. പൊടിശല്യം രൂക്ഷമായ ഭാഗങ്ങളില്‍ കച്ചവടത്തെയും ഇത് ബാധിച്ചതായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. അറ്റകുറ്റപ്പണി നടത്തുന്നവര്‍ അവശിഷ്ടങ്ങള്‍ നിരത്തില്‍ തന്നെ ഉപേക്ഷിക്കുന്നതാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്.ഇവ വാഹനങ്ങള്‍ കയറി വ്യാപിക്കുന്നു. കൂടാതെ യാത്രക്കാരുടെ പ്രയാസം കണ്ടില്ലെന്ന് നടിക്കുകയാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍.
അതേ സമയം ജില്ലയിലെ ദേശീയപാതയുടെ കുഴി അടക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിലയിരുത്തുന്നതിനായി മന്ത്രി ജി.സുധാകരന്‍ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തു.അടുത്ത ഒരാഴ്ചക്കുള്ളില്‍ മുഴുവന്‍ അപാകതകളും പരിഹരിക്കണം എന്ന് അടിയന്തിര നിര്‍ദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കി.
അമ്പലപ്പുഴ-ആലപ്പുഴ നിയോജകമണ്ഡലങ്ങളിലെ ദേശീയപാതയിലെ കുഴികള്‍ ആണ് ഇനി അടക്കാന്‍ ഉള്ളത്.പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 70 ദിവസം പിന്നിട്ടിട്ടും കഴിഞ്ഞ നാല് ദിവസങ്ങളില്‍ മാത്രം ആണ് നല്ലരീതിയില്‍ ഉള്ള പ്രവര്‍ത്തി നടത്തിയിട്ടുള്ളതെന്ന് മന്ത്രി സൂചിപ്പിച്ചു.കുഴി അടക്കുന്നതില്‍ ഗുരുതരമായ വീഴ്ച ഉദ്യോഗസ്ഥര്‍ക്കും,കോണ്‍ട്രാക്ടര്‍ക്കും സംഭവിച്ചു.ഇത് ഇനി ആവര്‍ത്തിക്കരുത് പുതുതായി ചാര്‍ജ് എടുത്ത എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അജിത്,അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റിജോ,എ.ഇ മാര്‍,ഓവര്‍സിയര്‍മാര്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."