ഫയല്‍ തീര്‍പ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കണം
തിരുവനന്തപുരം: ഫയല്‍ തീര്‍പ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന് വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.
ഫയല്‍ എത്ര ദിവസം ഉദ്യോഗസ്ഥര്‍ക്കു കൈവശം വയ്ക്കാമെന്ന പരിധി വയ്ക്കണമെന്നും ഉദ്യോഗസ്ഥര്‍ ഫയല്‍ വിവരങ്ങള്‍ ചോര്‍ത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും വിവരാവകാശ നിയമത്തിന്റെ നടപടിക്രമങ്ങള്‍ പാലിച്ചു മാത്രമേ ഫയലിലെ വിവരങ്ങള്‍ ലഭ്യമാക്കാവൂ എന്നും ഓണ്‍ലൈനായി നടത്തിയ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇതൊഴിവാക്കണം. ഒരു ഫയല്‍ വളരെയധികം പേര്‍ കാണേണ്ടതുണ്ടോ എന്ന് പരിശോധിക്കണം. ഫയല്‍ നീക്കം, ഫയല്‍ തീരുമാനം എന്നീ കാര്യങ്ങളില്‍ പുതിയ സമീപനം സ്വീകരിക്കേണ്ടതുണ്ട്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പുതിയ സംവിധാനമുണ്ടാക്കി ഇക്കാര്യത്തില്‍ ആലോചന നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
തീരുമാനങ്ങള്‍ സത്യസന്ധമായി കൈക്കൊള്ളുമ്പോള്‍ അനാവശ്യമായ ഭയപ്പാടും ആശങ്കയും ആര്‍ക്കും ഉണ്ടാകേണ്ടതില്ല. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ സംരക്ഷണം നല്‍കും. എന്നാല്‍ അഴിമതി കാണിച്ചാല്‍ ഒരുതരത്തിലും സംരക്ഷിക്കില്ല. അക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. സങ്കടഹരജികള്‍, പരാതികള്‍ എന്നിവ വ്യക്തിഗത പ്രശ്‌നങ്ങളാണെങ്കിലും അവ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സംവിധാനത്തിലെ പോരായ്മകള്‍ എന്തൊക്കെ എന്നുകൂടി വിശകലനം ചെയ്യാന്‍ സെക്രട്ടറിമാര്‍ മുന്‍കൈയെടുക്കേണ്ടതാണെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.ഭരണപരിഷ്‌കാര കമ്മിഷന്‍ റിപ്പോര്‍ട്ടുകളിലെ ശുപാര്‍ശകള്‍ ഗൗരവമായി കണ്ട് നടപടികള്‍ വകുപ്പുതലത്തില്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് ഓരോ സെക്രട്ടറിയും പരിശോധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."