മതസൗഹാർദം തകർക്കാൻ സിനിമകൾപോലും ബി.ജെ.പി ഉപയോഗിക്കുന്നു: ശരദ് പവാർ
കൊച്ചി
വർഗീയശക്തികൾ അഴിഞ്ഞാടുകയാണെന്നും രാജ്യത്തെ മതസൗഹാർദം തകർക്കാൻ ബി.ജെ.പി സിനിമയെ പോലും ഉപയോഗിക്കുകയാണെന്നും എൻ.സി.പി ദേശീയ അധ്യക്ഷൻ ശരദ് പവാർ. എൻ.സി.പി സംസ്ഥാന പ്രതിനിധി സമ്മേളനം എറണാകുളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പവാർ.
കശ്മിർ ഫയൽസ് ചിത്രത്തിലൂടെ രാജ്യത്തിന്റെ മതസൗഹാർദം തകർക്കാൻ ശ്രമം നടന്നു. രാജ്യം ഭരിക്കുന്ന പാർട്ടിയുമായി അണിയറപ്രവർത്തകർക്ക് ബന്ധമുണ്ട്. സിനിമക്ക് പ്രചാരം നൽകിയത് അവരാണ്. അയോധ്യ പ്രശ്‌നം പരിഹരിച്ചാൽ രാജ്യത്ത് സമാധാനം ഉണ്ടാകുമെന്ന് വിശ്വസിച്ചു. എന്നാൽ അയോധ്യയിൽ പുതിയ പ്രശ്‌നം ഉണ്ടാക്കാൻ ബി.ജെ.പി ശ്രമിക്കുന്നു. വാരാണസിയിൽ പള്ളിയും ക്ഷേത്രവും ഉണ്ട്.
400 വർഷമായി പള്ളി പ്രശ്‌നമായിരുന്നില്ല. എന്നാൽ ഇപ്പോൾ അത് പ്രശ്‌നമാക്കാൻ ശ്രമിക്കുന്നു.
അയോധ്യക്കുശേഷം വാരാണസി പുതിയ പ്രശ്‌നമാക്കി ഉയർത്താൻ ബി.ജെ.പി ശ്രമിക്കുന്നു. താജ്മഹലും കുത്തബ് മിനാറും ഉയർത്തി പ്രശ്‌നമുണ്ടാക്കാൻ ശ്രമിക്കുന്നു.
ഇന്ധന വിലവർധന അടക്കമുള്ള വിഷയങ്ങളിൽ ജനശ്രദ്ധ തിരിക്കാൻ ബോധപൂർവമായ ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. മതേതര പാർട്ടികളെ അണിനിരത്തി ബി.ജെ.പിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ അധ്യക്ഷനായി. മന്ത്രി എ.കെ ശശീന്ദ്രൻ, ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ, ദേശീയ സെക്രട്ടറി ടി.പി പീതാംബരൻ മാസ്റ്റർ, മുഹമ്മദ് ഫൈസൽ എം.പി, തോമസ് കെ. തോമസ് എം.എൽ.എ, സംസ്ഥാന വൈസ് പ്രസിഡൻ്റ് ലതികാ സുഭാഷ്, ട്രഷറർ പി.ജെ കുഞ്ഞുമോൻ, എറണാകുളം ജില്ലാ പ്രസിഡന്റ് ടി.പി അബ്ദുൽ അസീസ് സംസാരിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ രാജൻ രാഷ്ട്രീയ നയരേഖ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."