മാർബർഗ് വൈറസ് പരക്കുന്നു; രോഗത്തെ തടയാൻ ഈ നിർദേശങ്ങൾ പാലിക്കണമെന്ന് യുഎഇ
ദുബൈ: മാർബർഗ് വൈറസ് ഗിനിയയിലും ടാൻസാനിയയിലും പരക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രതാ നിർദേശങ്ങളുമായി യുഎഇ ഭരണകൂടം. ഇരു രാജ്യങ്ങളിലേക്കും യാത്ര ചെയ്യരുതെന്ന് യുഎഇ അടുത്തിടെ നിവാസികളോട് നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിർദേശം നൽകിയത്. വൈറസ് ബാധിച്ച് ഇതുവരെ 14 മരണങ്ങളെങ്കിലും ഇരു രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച് 88 ശതമാനം വരെ മരണനിരക്ക് ഉണ്ടാകാവുന്ന ഒരു വൈറൽ ഹെമറാജിക് പനിയാണ് മാർബർഗ് വൈറസ് രോഗം. വൈറസ് കടുത്ത പനി ഉണ്ടാക്കുന്നു. പലപ്പോഴും രക്തസ്രാവവും അവയവങ്ങളുടെ പ്രവർത്തനത്തിന് തകരാർ ഉണ്ടാക്കുകയും ചെയ്യുന്നു.
യുഎഇയുടെ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (മൊഹാപ്) തിങ്കളാഴ്ച സോഷ്യൽ മീഡിയ ചാനലുകളിൽ അണുബാധ എങ്ങനെ പടരുന്നുവെന്ന് വിശദീകരിക്കുന്ന ഒരു പൊതു ഉപദേശം പോസ്റ്റ് ചെയ്തു. അണുബാധകൾ എങ്ങനെയാണ് പകരുന്നത് എന്നതിനെക്കുറിച്ച് ബോധവാന്മാരാകുന്നത് പ്രതിരോധ നടപടികൾ സ്വീകരിക്കാനും അവയുടെ വ്യാപനം തടയാനും യുഎഇ നിവാസികളെ പ്രാപ്തരാക്കുമെന്ന് മന്ത്രാലയം പറഞ്ഞു.
വൈറസ് പടരാൻ സാധ്യതയുള്ള വഴികൾ:
- രോഗം ബാധിച്ച ആളുകളുടെ രക്തം, സ്രവങ്ങൾ, കഫം, അല്ലെങ്കിൽ മറ്റ് ശരീരസ്രവങ്ങൾ എന്നിവയുമായി മുറിവേറ്റ ചർമ്മം വഴി നേരിട്ട് പകരാം.
- രോഗം ബാധിച്ച മൃഗവുമായി അടുത്ത ബന്ധം പുലർത്തുക.
- ഈ ദ്രാവകങ്ങളാൽ മലിനമായ ഉപരിതലങ്ങളുമായും മെറ്റീരിയലുകളുമായും നേരിട്ടുള്ള സമ്പർക്കം (ഉദാഹരണത്തിന് കിടക്ക. അല്ലെങ്കിൽ വസ്ത്രം എന്നിവ വഴി).
പ്രധാനമായും ഈ മൂന്ന് സാധ്യതകളാണുള്ളത് എന്നതിനാൽ രോഗം കണ്ടെത്തിയാൽ ഇത്തരം സാഹചര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് മന്ത്രാലയം നിർദേശിക്കുന്നു. ഗിനിയയിലും ടാൻസാനിയയിലും മാത്രമാണ് നിലവിൽ വൈറസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് എന്നതിനാൽ ആശങ്ക വേണ്ട.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."