ലക്നൗവിനെതിരേ ചെന്നൈക്ക് 12 റണ്‍സ് ജയം
ചെന്നൈ: അര്‍ധ സെഞ്ചുറി കുറിച്ച ഋതുരാജ് ഗെയ്ക്വാദും മികച്ച ഇന്നിങ്സ് കാഴ്ചവച്ച ഡേവണ്‍ കോണ്‍വെയും ഓപണിങ്ങില്‍ തിളങ്ങിയതോടെ ഐ.പി.എല്‍ സീസണിലെ ആദ്യ ജയം നേടി ചെന്നൈ സൂപ്പര്‍ കിങ്സ്. സീസണിലെ റെക്കോഡ് ടോട്ടല്‍ പടുത്തുയര്‍ത്തിയ മത്സരത്തില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരേ ചെന്നൈക്ക് 12 റണ്‍സ് ജയം. ആദ്യം ബാറ്റുചെയ്ത ചെന്നൈ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ ലക്നൗവിന്റെ പോരാട്ടം ഏഴു വിക്കറ്റില്‍ 205 റണ്‍സില്‍ അവസാനിച്ചു.
ഗെയ്ക്വാദ് 31 പന്തില്‍ 57 റണ്‍സെടുത്തപ്പോള്‍ 29 പന്തില്‍ 47 റണ്‍സുമായി ഡേവണ്‍ കോണ്‍വെയും മികച്ച ഇന്നിങ്സ് പുറത്തെടുത്തു. അമ്പാട്ടി റായുഡു (14 പന്തില്‍ പുറത്താവാതെ 27), ശിവം ദുബെ (16 പന്തില്‍ 27) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എങ്കിലും ഏഴാമതായെത്തിയ നായകന് എം.എസ് ധോണിയുടെ സിക്സര്‍ മാമാങ്കം ചെപ്പോക്കില്‍ കളിയാവേശത്തിനെത്തിയ ആസ്വാദകരെ ഹരം കൊള്ളിച്ചു. 20ാം ഓവറിലെത്തി നേരിട്ട ആദ്യ രണ്ട് പന്തും ബൗണ്ടറി കടത്തിയാണ് ധോണി മൈതാനം വിട്ടത്. മൂന്ന് പന്തില്‍ നിന്ന് 12 റണ്‍സ്. ലക്നൗവിനു വേണ്ടി കൈല്‍ മെയേഴ്സ് ഇത്തവണയും തിളങ്ങി. മെയേഴ്സ് 22 പന്തില്‍ 53 റണ്‍സെടുത്തപ്പോള്‍ നിക്കോളാസ് പൂരന് 18 പന്തില്‍ 32 റണ്‍സെടുത്തു.
പതിവു പോലെ ഓപണിങ്ങില്‍ ഇറങ്ങിയ ഗെയ്ക്വാദും കോണ്‍വെയും തുടക്കം നിലയുറപ്പിച്ച് കളിച്ച് പിന്നീട് കത്തിക്കയറുന്നതാണ് കണ്ടത്. രണ്ടാം ഓവറില്‍ തുടരെ രണ്ട് ഫോറുകള്‍ പായിച്ച് കോണ്‍വെ നയം വ്യക്തമാക്കിയപ്പോള്‍ അഞ്ചാം ഓവറില്‍ കൃഷ്ണപ്പ ഗൗതമിനെ മൂന്ന് തവണ സിക്സറിന് പറത്തി ഗെയ്ക്വാദും വെടിക്കെട്ടിന് തിരികൊളുത്തി. ഇതോടെ ചെന്നൈ ടോപ് ഗിയറില്‍. ലക്നൗവിന്റെ ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി കളിയിലെ താരമായ മാര്‍ക്ക് വുഡിനും കിട്ടി പ്രഹരം. ഒടുവില്‍ ഗെയ്ക്വാദിനെ പുറത്താക്കി ബിഷ്നോയ് കൂട്ട് പൊളിക്കുമ്പോള്‍ ചെന്നൈ 9.1 ഓവറില്‍ 110 എന്ന മികച്ച നിലയില്‍. 31 പന്തില്‍ നാല് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെയാണ് ഋതുരാജ് 57 കുറിച്ചത്. എട്ട് റണ്‍ കൂടി ചേര്‍ക്കുന്നതിനിടെ ചെന്നൈക്ക് കോണ്‍വെയെയും നഷ്ടമായി. രണ്ട് സിക്സും അഞ്ച് ഫോറും സഹിതമാണ് കോണ്‍വെയുടെ ഇന്നിങ്സ്.
മൊയീന്‍ അലി (19), ബെന്‍ സ്റ്റോക്സ് (8), രവീന്ദ്ര ജഡേജ (3) എന്നിവര്‍ നിരാശപ്പെടുത്തി. ലക്നൗവിനു വേണ്ടി മാര്‍ക് വുഡും ബിഷ്നോയിയും മൂന്ന് വീതവും ആവേശ് ഖാന് ഒരു വിക്കറ്റും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."