ലിംഗനിര്‍ണയം നടത്തി പെണ്‍ഭ്രൂണഹത്യ; ഒഡീഷയില്‍ 13 പേര് അറസ്റ്റില്‍
ഭുവനേശ്വര്‍: ലിംഗനിര്‍ണയം നടത്തി ഗര്‍ഭസ്ഥ പെണ്‍ശിശുക്കളെ കൊല്ലുന്ന സംഘം ഒഡീഷയില്‍ പിടിയില്‍. സംസ്ഥാനാന്തര സംഘത്തിലെ 13 പേരാണ് അറസ്റ്റിലായത്. രഹസ്യകേന്ദ്രത്തില്‍ അള്‍ട്രാസൗണ്ട് സ്കാനിങ് മെഷീനുകള്‍ ഉപയോഗിച്ച് ലിംഗനിര്‍ണയം നടത്തുകയും പെണ്‍കുട്ടിയാണെന്ന് കണ്ടെത്തിയാല്‍ ഗര്‍ഭച്ഛിദ്രം നടത്തുകയുമാണ് സംഘം ചെയ്തിരുന്നത്.
രഹസ്യവിവരത്തെ തുടര്‍ന്ന് പൊലിസ് റെയ്ഡിനെത്തിയപ്പോള്‍ ലാബില്‍ 11 സ്ത്രീകള്‍ പരിശോധനയ്ക്കായി എത്തിയിരുന്നു. സംഭവത്തില്‍ ആശുപത്രി, ലാബ് ഉടമകള്‍ക്കും പങ്കുള്ളതായി പൊലിസ് കണ്ടെത്തി.
ഒഡീഷയിലെ ബെര്‍ഹാംപുരിലാണ് രാജ്യത്തെ നടുക്കിയ സംഭവം. ഇവിടെ സ്വകാര്യ ക്ലിനിക്ക് നടത്തുന്ന ദുര്‍ഗാപ്രസാദ് നായിക്കും ഇയാളുടെ സഹായികളും ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. ഗര്‍ഭിണികളെ ക്ലിനിക്കില്‍ എത്തിച്ചിരുന്ന ആശാ വര്‍ക്കര്‍മാര്‍, നഗരത്തിലെ വിവിധ ആശുപത്രികളിലെ ജീവനക്കാര്‍ എന്നിവരും പിടിയിലായി.
ക്ലിനിക്കില്‍ ഉപയോഗിച്ചിരുന്ന അള്‍ട്രാസൗണ്ട് മെഷീനുകളും മറ്റ് ഉപകരണങ്ങളും 18200 രൂപയും മൊബൈല്‍ഫോണും റെയ്ഡില്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഗര്‍ഭിണികളെ ക്ലിനിക്കിലേക്ക് അയച്ചാല്‍ ആശുപത്രി ജീവനക്കാരായ ഈ പ്രതികള്‍ക്ക് ദുര്‍ഗ പ്രസാദ് പ്രതിഫലം നല്‍കിയിരുന്നു. അറസ്റ്റിലായ ആശ വര്‍ക്കറും ഗര്‍ഭിണികളെ എത്തിച്ചുനല്‍കിയതിനാണ് പൊലിസിന്റെ പിടിയിലായത്.
സംഭവം പുറത്തുവന്നതിനു പിന്നാലെ സംസ്ഥാന വ്യാപകമായി പരിശോധന നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. സംശയാസ്പദമായി പ്രവര്‍ത്തിക്കുന്ന എല്ലാ ക്ലിനിക്കുകളിലും പരിശോധന നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."