തൃക്കാക്കരയില്‍ ഇന്ന് കൊട്ടിക്കലാശം; ആവേശക്കൊടുമുടിയില്‍ മുന്നണികള്‍
കൊച്ചി: ഒരു മാസത്തോളം നീണ്ട പ്രചാരണത്തിന് തൃക്കാക്കരയില്‍ ഇന്ന് കൊടിയിറക്കം. പ്രചാരണത്തിന്റെ ക്ലൈമാക്‌സ് ആവേശമാക്കാന്‍ മുന്നണികള്‍ ഒരുങ്ങിക്കഴിഞ്ഞു. സ്ഥാനാര്‍ത്ഥികള്‍ രാവിലെ മുതല്‍ റോഡ് ഷോയിലായിരിക്കും. ഫോര്‍ട്ട് പൊലിസ് ഹാജരാകാന്‍ നല്‍കിയ നോട്ടിസ് തള്ളി പി സി ജോര്‍ജും മണ്ഡലത്തില്‍ എത്തും. എന്‍ഡി എ സ്ഥാനാര്‍ഥിക്ക് ഒപ്പം രാവിലെ എട്ടര മുതല്‍ പ്രചാരണത്തിന് ഇറങ്ങും.
ഞായറാഴ്ച ആറുമണി കഴിഞ്ഞാല്‍ തൃക്കാക്കരയില്‍ പുറമേനിന്നുവന്ന് ക്യാമ്പ് ചെയ്തിരിക്കുന്ന നേതാക്കളെല്ലാം മണ്ഡലം വിടണം. ഇത് തിരഞ്ഞെടുപ്പ് ഓഫീസര്‍ ഉറപ്പുവരുത്തും. ആരെങ്കിലും തങ്ങുന്നുണ്ടോ എന്ന് പൊലിസ് പരിശോധിക്കും. രാഷ്ട്രീയപ്രവര്‍ത്തകര്‍ തങ്ങുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഹോട്ടലുകളില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കും. മണ്ഡലത്തിലേക്കു വരുന്ന വാഹനങ്ങള്‍ പൊലിസ് പരിശോധിക്കും.
പരസ്യ പ്രചാരണ സമയം തീരും മുമ്പ് അവസാന വോട്ടറിലേക്കും തിരഞ്ഞെടുപ്പ് ആവേശം നിറയ്ക്കാനുളള ഓട്ടത്തിലാണ് മുന്നണികള്‍. വികസനം പറഞ്ഞ് പ്രചാരണം തുടങ്ങിയ ഇടതുമുന്നണി അവസാന ഘട്ടത്തിലെത്തുമ്പോള്‍ സ്ഥാനാര്‍ത്ഥിയുടെ പേരിലിറങ്ങിയ വീഡിയോയുടെ സഹതാപം വോട്ടാക്കി മാറ്റാനുളള തന്ത്രങ്ങളിലേക്കാണ് ഊന്നുന്നത്.
പുതുതായി കസ്റ്റഡിയിലുള്ള മൂന്ന് പേര്‍ക്ക് കൂടി യുഡിഎഫ് ബന്ധമുണ്ടെന്നാണ് പൊലിസ് പറയുന്നത്. എന്നാല്‍ ചവറയിലും പാലക്കാടും അറസ്റ്റിലായവര്‍ സജീവ സിപിഎം പ്രവര്‍ത്തകരാണെന്ന് പറഞ്ഞ് തിരിച്ചടിക്കുകയാണ് യുഡിഎഫ്. എറണാകുളത്തെ സിപിഎമ്മിലെ പഴയ ഒളിക്യാമറ വിവാദം ഓര്‍മ്മിപ്പിച്ചായിരുന്നു മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."