ലക്ഷദ്വീപ് വില്‍പ്പനയ്ക്ക്
രണ്ടുവര്‍ഷം മുന്‍പ് ലക്ഷദ്വീപില്‍ പോയപ്പോഴുണ്ടായ മറക്കാനാവാത്ത ഒരു അനുഭവം പറയാം. അമിനി ദ്വീപില്‍ അവിടത്തെ സുഹൃത്തുക്കളോടൊത്ത് നാടു കാണാന്‍ ഇറങ്ങിയതായിരുന്നു. നടത്തത്തിനിടയില്‍ ഒരു കൊച്ചു കെട്ടിടം ചൂണ്ടിക്കാട്ടി ചെറിയകോയ പറഞ്ഞു, 'ഇതാണ് ഞങ്ങളുടെ ജയില്‍'.
പുറത്തൊന്നും പാറാവുകാരില്ലാത്ത ജയിലോ എന്ന കൗതുകച്ചോദ്യം മനസില്‍ ഉയരുന്നതിനിടയില്‍ ആ കെട്ടിടത്തിനടുത്ത് എത്തിയപ്പോഴാണ് ശരിക്കും അത്ഭുതപ്പെട്ടത്. ജയില്‍കവാടം പുറത്തുനിന്നു താഴിട്ടുപൂട്ടിയിരിക്കുന്നു! ആ താഴ് തുരുമ്പുപിടിച്ചതായിരുന്നു!! എത്രയോ കാലമായി അതു തുറന്നിട്ട് എന്നു വ്യക്തമാക്കുന്ന കാഴ്ച.
'ഇതെന്താ ജയില്‍ തുറക്കാറേയില്ലേ' ചെറിയകോയയോട് ചോദിച്ചു. 'ജയിലില്‍ കുറ്റവാളികളെ പാര്‍പ്പിക്കേണ്ടി വരുന്നുണ്ടെങ്കിലല്ലേ തുറക്കേണ്ടൂ. ഇവിടെ നിങ്ങളുടെ കരയിലെപ്പോലെ കുറ്റങ്ങളും കുറ്റവാളികളുമില്ല. എല്ലാവരും ഒത്തൊരുമയോടെ ജീവിക്കുന്ന സ്ഥലമാണ്'.
ചെറിയകോയ അപ്പറഞ്ഞതു പൂര്‍ണമായും ശരിയാണെന്ന് രണ്ടുമൂന്നു ദിവസത്തെ രണ്ടു ദ്വീപുകളിലായുള്ള താമസത്തിലൂടെ ബോധ്യമായി. ഇത്രയേറെ സ്‌നേഹമുള്ള, ഇത്രയധികം സാഹോദര്യമനോഭാവമുള്ള ജനങ്ങളെ മറ്റെവിടെയും കണ്ടിട്ടില്ല.
സ്വന്തം വീടൊഴിഞ്ഞു ബന്ധുവീട്ടിലേയ്ക്കു മാറിയാണ് ഒരു കുടുംബം ഞങ്ങള്‍ക്കു താമസസൗകര്യം തന്നത്. ഭക്ഷണം തരാനായി വീട്ടുകാര്‍ മത്സരമായിരുന്നു. അവിടത്തെ ഓലക്കുടിലുകളില്‍ പോലും സന്തുഷ്ടി പൂത്തുല്ലസിക്കുന്നതായാണ് അനുഭവപ്പെട്ടത്. ഈ അനുഭവമുള്ള എന്നെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചതായിരുന്നു ദിവസങ്ങള്‍ക്കു മുന്‍പ് വന്ന വാര്‍ത്തയും അതിനെ ന്യായീകരിച്ചുകൊണ്ട് ജില്ലാകലക്ടര്‍ പറഞ്ഞ വാക്കുകളും. 'ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് നടപ്പാക്കി' എന്നതായിരുന്നു വാര്‍ത്ത. ദ്വീപിലെ ചെറുപ്പക്കാര്‍ക്കിടയില്‍ അക്രമപ്രവണതയും മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയും വര്‍ധിച്ച സാഹചര്യത്തിലാണ് ഗുണ്ടാ ആക്ട് നടപ്പാക്കിയതെന്നാണ് കലക്ടറുടെ വിശദീകരണം.
ഇതിന്റെയൊന്നും വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ കലക്ടര്‍ തയാറാവാത്തതില്‍ നിന്നു തന്നെ വിശ്വാസ്യത വ്യക്തമാണല്ലോ. നടപ്പാക്കിയതും നടപ്പാക്കാന്‍ പോകുന്നതുമായ ജനദ്രോഹനിയമങ്ങള്‍ക്കെതിരേ ഒരു നാവു പോലും ശബ്ദിച്ചുപോകരുത്. ശബ്ദിച്ചാല്‍ ഗുണ്ടാനിയമത്തിന്റെ വാള്‍ ആഞ്ഞുവീശും. പിന്നെ കിടപ്പ് ജയിലിനുള്ളില്‍. എന്നെ അത്ഭുതപ്പെടുത്തിയ തുരുമ്പിച്ച ജയില്‍ത്താഴിന്റെ കാഴ്ച ഭാവിയില്‍ ഉണ്ടാവില്ല.
ലക്ഷദ്വീപില്‍ തേനും പാലുമൊഴുക്കാനാണെന്ന പേരിലാണ് അഡ്മിനിസ്‌ട്രേറ്റര്‍ ഏകാധിപത്യപരമായി പുത്തന്‍ പരിഷ്‌കാരങ്ങളും നിയമങ്ങളും നടപ്പാക്കി വരുന്നത്. അങ്ങനെ തീര്‍ത്തും നിഷ്‌കളങ്കമായ നടപടിയാണോ അതെല്ലാം. വിശദമായ പരിശോധന നമ്മെ തുടരെത്തുടരെ ഞെട്ടിക്കും.
കശ്മിരില്‍ അടുത്തകാലം വരെയുണ്ടായിരുന്ന പോലെ ദ്വീപില്‍ ഇപ്പോഴും പുറംനാട്ടുകാര്‍ക്ക് ഭൂമി വാങ്ങാന്‍ അവകാശമില്ല. കശ്മിരില്‍ ഒരു നിയമനിര്‍മാണത്തിലൂടെയാണ് അത് അട്ടിമറിച്ചത്. ഇവിടെ കുതന്ത്രത്തിലൂടെ വളഞ്ഞവഴിക്കു നടപ്പാക്കുകയാണെന്നാണു കരുതേണ്ടത്. നിയമപ്രകാരം ഭൂമിയുടെ ഉടമസ്ഥന്‍ ഇത്ര കാലയളവിനുള്ളില്‍ ഉടമസ്ഥാവകാശം സംബന്ധിച്ച എതിര്‍പ്പില്ലാ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) അധികാരികളില്‍ നിന്നു വാങ്ങിയിരിക്കണമെന്ന നിയമം ലോകത്തില്‍ എവിടെയെങ്കിലുമുണ്ടോ. അഡ്മിനിസ്‌ട്രേറ്ററുടെ പുതിയ ഉത്തരവുപ്രകാരം ദ്വീപിലെ ഓരോ ഭൂവുടമയും മൂന്നുവര്‍ഷം കുടുമ്പോള്‍ എന്‍.ഒ.സി വാങ്ങണം. നിശ്ചിത തീയ്യതി കഴിഞ്ഞാല്‍ പിഴ രണ്ടുലക്ഷം. അടയ്ക്കാന്‍ വൈകുന്ന ഓരോ ദിവസത്തിനും അധിക പിഴ 20,000 രൂപ വേറെയും.
കടലിന്റെയും കാറ്റിന്റെയും കാരുണ്യം ആശ്രയിച്ചു യാത്രചെയ്യുന്നവരാണ് ദ്വീപുകാര്‍. കാറ്റും കോളും നീണ്ടുനിന്നാല്‍ അടുത്ത ദ്വീപില്‍ നിന്നുപോലും സ്വന്തം ദ്വീപില്‍ തിരിച്ചെത്താന്‍ കഴിയില്ല. എന്‍.ഒ.സിയെടുക്കേണ്ട സമയം ഇങ്ങനെ അതിക്രമിച്ചാല്‍ താങ്ങാനാവാത്ത പിഴയ്ക്കു വഴി കാണാതെ സ്വത്തു നഷ്ടപ്പെടും. ദ്വീപിലെ ജീവിതം മതിയാക്കാന്‍ അവന്‍ നിര്‍ബന്ധിതനാകും.
അധ്വാനശീലരാണ് ദ്വീപുനിവാസികള്‍. മീന്‍പിടുത്തമാണ് പ്രധാന ഉപജീവനം. നിത്യവും കടലില്‍ പോയി വന്നാല്‍ വലയും മറ്റ് ഉപകരണങ്ങളും കടല്‍ത്തീരത്തെ ഷെഡ്ഡുകളിലാണ് ഇതുവരെ സൂക്ഷിച്ചിരുന്നത്. ആ ഷെഡ്ഡുകളാണ് ഇപ്പോള്‍ നിര്‍ദ്ദാക്ഷിണ്യം നിലംപരിശാക്കിയിരിക്കുന്നത്.
തദ്ദേശീയര്‍ക്ക് ആശ്വാസമായിരുന്നു താല്‍ക്കാലിക തസ്തികകളിലെങ്കിലുമുള്ള സര്‍ക്കാര്‍ ജോലി. അതും നിലയ്ക്കുകയാണ്. തുടര്‍ച്ചയായ കൂട്ടപ്പിരിച്ചുവിടല്‍ ആരംഭിച്ചിരിക്കുന്നു. സ്ഥിരം ജീവനക്കാരുടെ പോലും പെര്‍ഫോമന്‍സ് ലിസ്റ്റ് ഉണ്ടാക്കുകയാണിപ്പോള്‍. മികവില്ലെന്നു വരുത്തി ആരെയും പുകച്ചുചാടിക്കാമല്ലോ.
ദ്വീപുകാര്‍ക്ക് എറെ പ്രിയം ബേപ്പൂര്‍, കൊച്ചി തുറമുഖങ്ങളായിരുന്നു. ചരക്കു വിനിമയത്തിന് ഇനി അവയൊന്നും വേണ്ട മംഗളൂരു മതിയെന്നാണ് പുതിയ ഉത്തരവ്. ദ്വീപുകാരുടെ കച്ചവടം ബി.ജെ.പിയെ പച്ചതൊടുവിക്കാത്ത കേരളത്തിനു വേണ്ട! 10,11, 12 ക്ലാസുകളിലുള്ള ദ്വീപിലെ കുട്ടികള്‍ മലയാളം പഠിക്കരുതെന്നു കൂടി ഉത്തരവിട്ടതോടെ കേരള ബന്ധം വെട്ടിമാറ്റലിന്റെ പ്രധാനഘട്ടം പൂര്‍ത്തിയായി. ഇനി കേരളത്തിലേയ്ക്കു യാത്ര ചെയ്യേണ്ട എന്ന ഉത്തരവു കൂടിയേ വേണ്ടൂ. കേരളീയരാണല്ലോ ലക്ഷദ്വീപുകാരുടെ മനസില്‍ വിഷം കുത്തിവയ്ക്കുന്നവര്‍!
കേരളത്തില്‍ മിക്ക പഞ്ചായത്തുകളിലും സാമാന്യം മോശമല്ലാത്ത ആശുപത്രികളുണ്ട്. ദ്വീപില്‍ ചികിത്സാസൗകര്യം പരിമിതമാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ എത്രയും പെട്ടെന്നു ഹെലികോപ്റ്ററില്‍ കൊച്ചിയില്‍ എത്തിക്കുകയാണ് ചെയ്യുക. ഇതിന് മെഡിക്കല്‍ ഓഫിസറുടെ തീരുമാനം മാത്രം മതിയായിരുന്നു. ഇനി ആരോഗ്യ ഡയരക്ടര്‍ അടങ്ങുന്ന കമ്മിറ്റി തീരുമാനിക്കണം. അതും പോരാ അതിനു മുകളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ തുല്യം ചാര്‍ത്തണം. ഇവര്‍ക്കെല്ലാം സന്മനസ്സുണ്ടായി പച്ചക്കൊടി വീശും വരെ രോഗിയുടെ പ്രാണന്‍ ക്ഷമിച്ചിരുന്നാല്‍ ഭാഗ്യം.
1979 ല്‍ മൂര്‍ക്കോത്ത് രാമുണ്ണി അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന കാലത്താണ് ദ്വീപില്‍ മദ്യനിരോധനം നടപ്പാക്കിയത്. അതിന്റെ നന്മയും ശാന്തതയും ഇപ്പോള്‍ അവിടെ നിലനില്‍ക്കുന്നുണ്ട്. പുതിയ അഡ്മനിസ്‌ട്രേറ്റര്‍ ആ ഉത്തരവ് വിനോദസഞ്ചാരികള്‍ക്കായി കാറ്റില്‍ പറത്തി. ഇനി വിനോദസഞ്ചാരികള്‍ ദ്വീപുകളിള്‍ കുടിച്ചുകൂത്താടും. അതു കണ്ടു ദ്വീപിലെ യുവാക്കളും ആ വഴിക്കു നീങ്ങിയാല്‍ അത്ഭുതപ്പെടാനില്ല.
സ്വത്തവകാശ നിയമ ഭേദഗതിയിലൂടെ ഭൂമിയിലെ സ്വര്‍ഗമെന്ന് ഒരു കാലത്ത് അറിയപ്പെട്ട കശ്മിരില്‍ കൈവയ്ക്കാന്‍ ഇപ്പോള്‍ തന്നെ ടൂറിസം വ്യവസായ രംഗത്തെ കോര്‍പ്പറേറ്റുകള്‍ക്ക് അവസരം കൈവന്നിരിക്കയാണ്. പ്രകൃതി സൗന്ദര്യത്തില്‍ മുന്‍നിരയിലുള്ള ലക്ഷദ്വീപിന്റെ ഭാവിയും ഈ വഴിക്കായേയ്ക്കാം.
'വില്‍ക്കാനുണ്ട്' പരസ്യപ്പലകയാണ് അദൃശ്യമായി ലക്ഷദ്വീപിന്റെ തലയ്ക്കു മുകളില്‍ തൂങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."