മദ്റസാധ്യാപകരുടെ പെന്‍ഷന്‍: പ്രചരിച്ചത് വ്യാജകഥകളും കണക്കുകളും
കോഴിക്കോട്: സര്‍ക്കാരിന്റെ കീഴിലുള്ള മദ്‌റസാധ്യാപക ക്ഷേമനിധിയില്‍ നിന്ന് നല്‍കുന്ന സഹായങ്ങളുടെയും മദ്‌റസാധ്യാപകരുടെ പെന്‍ഷന്റെയും പേരില്‍ പ്രചരിച്ചത് വ്യാജകഥകളും കണക്കുകളും.
മദ്‌റസാധ്യാപകര്‍ 100 രൂപയാണ് മാസം അംശാദായമായി അടയ്ക്കുന്നത്. മദ്‌റസാ മാനേജ്‌മെന്റും വിഹിതം നല്‍കുന്നുണ്ട്. അധ്യാപകരുടെയും മാനേജ്‌മെന്റുകളുടെയും വിഹിതമായി സ്വരൂപിക്കപ്പെട്ട 25 കോടിയോളം രൂപ സര്‍ക്കാര്‍ ട്രഷറിയിലാണ് നിക്ഷേപിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഈ ഇനത്തില്‍ ഒരു രൂപപോലും സര്‍ക്കാര്‍ ഗ്രാന്റ് അനുവദിച്ചിട്ടില്ല. എല്ലാ ക്ഷേമനിധികളെയും പോലെ ഒരു ക്ഷേമനിധി എന്നതിനപ്പുറം സര്‍ക്കാരില്‍നിന്ന് ഒരു അധികസഹായവും പദ്ധതിക്കായി ലഭിക്കുന്നില്ല.
മാത്രമല്ല, മദ്‌റസാധ്യാപക ക്ഷേമനിധിയെ ഒരു വെല്‍ഫെയര്‍ ബോര്‍ഡാക്കി മാറ്റി അധികച്ചെലവ് വരുത്തിവയ്ക്കുകയും ചെയ്തു. സര്‍ക്കാര്‍ കെട്ടിടത്തില്‍നിന്ന് സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റിയ ബോര്‍ഡ് ഓഫിസ് മോടിപിടിപ്പിക്കുന്നതിനുള്ള 32 ലക്ഷം അനുവദിച്ചതും മദ്‌റസാധ്യാപകരുടെ വരിസംഖ്യയില്‍ നിന്നായിരുന്നു.
ഇത്തരത്തില്‍ ഫണ്ട് ദുര്‍വ്യയം ചെയ്യപ്പെട്ടപ്പോഴും മദ്‌റസാധ്യാപകര്‍ മാസംതോറും ആയിരം കോടിയിലേറെ ശമ്പളം പറ്റുന്നുവെന്ന വ്യാജപ്രചാരണം സമൂഹ മാധ്യമങ്ങളില്‍ വന്നപ്പോഴും സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയായിരുന്നു. ഒരു അംശാദായവും കൂടാതെ സാധാരണക്കാര്‍ മാസം 1,500 രൂപ പെന്‍ഷന്‍ ലഭിക്കുമ്പോഴാണ് മദ്‌റസാധ്യാപകര്‍ക്ക് വലിയ പ്രീമിയം അടപ്പിച്ചതിനു ശേഷം 1,500 രൂപ പെന്‍ഷന്‍ നല്‍കുന്നതെന്നും കാണാതെ പോകുന്നു.
പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പറേഷന്‍, മുന്നോക്ക വികസന കോര്‍പറേഷന്‍ എന്നിവയിലൂടെ ഇതരസമുദായങ്ങള്‍ക്ക് പ്രത്യേകം ആനുകൂല്യങ്ങള്‍ നല്‍കുമ്പോഴും ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തില്‍ ഇന്നും ബഹുദൂരം പിന്നില്‍ നില്‍ക്കുന്ന മുസ്‌ലിം സമുദായത്തിന്റെ ഉന്നമനത്തിനായി വികസന കേര്‍പറേഷന്‍ രൂപീകരിക്കാന്‍ മാറിമാറിവന്ന സര്‍ക്കാരുകള്‍ തയാറായില്ലെന്നതാണ് വാസ്തവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."