അസൈൻമെന്റ് ചെയ്യാൻ വിദ്യാർത്ഥികൾ വ്യാപകമായി ചാറ്റ് ജിപിടി ഉപയോഗിക്കുന്നു; നിയന്ത്രണമേർപ്പെടുത്തി ജപ്പാനിലെ യൂണിവേഴ്‌സിറ്റികൾ
ടോക്കിയോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ആപ്ലിക്കേഷനായ ചാറ്റ് ജിപിടി ഉപയോഗിക്കുന്നതിൽ വിദ്യാർത്ഥികൾക്ക് നിയന്ത്രണമേർപ്പെടുത്തി ജപ്പാനിലെ യൂണിവേഴ്‌സിറ്റികൾ. വിദ്യാർത്ഥികളുടെ പഠനാവശ്യങ്ങൾക്കായി ചാറ്റ് ജിപിടിയെ ധാരാളമായി ഉപയോഗിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. ചോദ്യങ്ങൾക്ക് മറുപടിയായി സ്വാഭാവിക വാക്യങ്ങൾ സൃഷ്ടിക്കുന്ന മൈക്രോസോഫ്റ്റ് പിന്തുണയുള്ള ഇന്ററാക്ടീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്ലിക്കേഷനാണ് ചാറ്റ് ജിപിടി.
വിദ്യാർത്ഥികളുടെ ഉപന്യാസങ്ങൾക്കും മറ്റ് പേപ്പറുകൾക്കും ചാറ്റ് ജിപിടിയുടെ ഉപയോഗം കൂടുതലായി കാണപ്പെടുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. അതോടൊപ്പം തന്നെ ചാറ്റ് ജിപിടി വഴി വിവരങ്ങൾ ചോരുന്ന കാര്യത്തിൽ വിദ്യാർത്ഥികൾ ശ്രദ്ധിക്കണമെന്നും യൂണിവേഴ്‌സിറ്റി മുന്നറിയിപ്പ് നൽകുന്നു. വിഷയത്തിൽ ഫാക്കൽറ്റി അംഗങ്ങൾ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.
മാർച്ച് 27 ന് സോഫിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വേണ്ടി ചാറ്റ് ജിപിടിയും മറ്റ് എഐ ചാറ്റ്ബോട്ടുകളും ഉപയോഗിക്കുമ്പോഴുള്ള ഗ്രേഡിംഗ് നയം അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പുറത്തിറക്കി.
ചാറ്റ് ജിപിടിയും മറ്റ് എഐ ചാറ്റ്‌ബോട്ടുകളും വഴി നിർമിച്ച ടെക്‌സ്‌റ്റ്, പ്രോഗ്രാം സോഴ്‌സ് കോഡ്, കണക്കുകൂട്ടൽ ഫലങ്ങൾ എന്നിവയുടെ ഉപയോഗം ഇൻസ്ട്രക്ടർമാരുടെ അനുമതിയില്ലാതെ റിപ്പോർട്ടുകൾ, ഉപന്യാസങ്ങൾ, റിയാക്ഷൻ പേപ്പർ, തീസിസുകൾ പോലുള്ള ഒരു അസൈൻമെന്റിലും ഉപയോഗിക്കുന്നത് അനുവദനീയമല്ല എന്ന് വിവിധ യൂണിവേഴ്‌സിറ്റികൾ പ്രസ്താവനയിറക്കി. ഇത്തരം രീതികൾ ഉപയോഗിച്ചതായി ഡിറ്റക്ഷൻ ടൂളുകൾ ഉപയോഗിച്ച് സ്ഥിരീകരിച്ചാൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും യൂണിവേഴിസിറ്റികൾ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ നവംബറിലാണ് മൈക്രോസോഫ്റ്റ് കോടിക്കണക്കിന് നിക്ഷേപം നടത്തിയിട്ടുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് സ്റ്റാർട്ട്-അപ്പ് ഓപ്പൺ എഐ ചാറ്റ് ജിപിടി സൗജന്യമായി പുറത്തിറക്കിയത്. ഇതിനകം ലോകമെമ്പാടുമുള്ള 10 കോടിയിലധികം ആളുകൾ ഇത് ഉപയോഗിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."