ക്ലിഫ്ഹൗസില്‍ പുതിയ സി.സി.ടി.വികള്‍, ചെലവായത് 12.93 ലക്ഷം
തിരുവനന്തപുരം: ക്ലിഫ്ഹൗസില്‍ പുതിയ സി.സി.ടി.വി ക്യാമറ നിരീക്ഷണ സംവിധാനമൊരുക്കാന്‍ 12,93,957 രൂപ ചെലവിട്ടെന്ന് വിവരാവകാശ രേഖ. 2021 മെയ് മാസത്തിന് ശേഷമുള്ള ചെലവിനത്തിലാണ് ഇക്കാര്യമുള്ളത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെ ക്ലിഫ് ഹൗസിലും മന്ത്രിമന്ദിരങ്ങളിലും നടത്തിയ ഇലക്ട്രോണിക്സ് പ്രവൃത്തികളെന്തൊക്കെ എന്ന ചോദ്യത്തിന് വിവരാവകാശ നിയമ പ്രകാരം പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്സ് റൂറല്‍ സബ് ഡിവിഷനാണ് മറുപടി നല്‍കിയിരിക്കുന്നത്. ഈ മറുപടിയിലാണ് സി.സി.ടി.വി സംവിധാനം മുഴുവന്‍ മാറ്റി സ്ഥാപിച്ചെന്ന് വ്യക്തമാക്കിയിട്ടുള്ളത്.
ക്ലിഫ് ഹൗസ് കൂടാതെ മൂന്ന് മന്ത്രിമന്ദിരങ്ങളില്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ സ്ഥാപിക്കുകയും അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ക്ലിഫ്ഹൗസില്‍ സി.സി.ടി.വി സ്ഥാപിച്ച് കമ്മിഷന് ചെയ്ത വകയില്‍ 12,93,957 രൂപയും ഇ.പി.എ.ബി.എക്സ് സിസ്റ്റം (ടെലിഫോണ്‍ സംവിധാനം)ത്തിന് 2.13 ലക്ഷവും ലാന് ആക്സസ് പോയിന്റ് സ്ഥാപിച്ചതിന് 13,502 രൂപയും ചെലവായി. മന്ത്രിമാരുടെ ഔദ്യോഗിക വസതികളായ പൗര്‍ണമി, പ്രശാന്തി എന്നിവിടങ്ങളില്‍ സിസിടിവികളും കവടിയാര്‍ ഹൗസില്‍ ടെലഫോണ്‍ സംവിധാനത്തിന്റെ തകരാറും പരിഹരിച്ചിട്ടുണ്ട്.
2016മുതല്‍ പലവട്ടം ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ക്ലിഫ്ഹൗസില്‍ പോയ തീയതികളും വാഹന നമ്പരും പറഞ്ഞാല്‍ ആ ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ തയാറാകുമോയെന്നും സ്വപ്നാ സുരേഷ് നേരത്തേ ചോദിച്ചിരുന്നു. ഇതിനിടെയാണ് ക്ലിഫ്ഹൗസിലെ സി.സി.ടി.വി കാമറാ സംവിധാനം മാറ്റിയെന്ന വിവരം പുറത്തായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."