HOME
DETAILS
MAL
നാവാണ് വിജയഹേതു
backup
April 11 2023 | 18:04 PM
മുഹമ്മദ് മുസ്‌ലിയാര്‍ ചേലക്കാട്
അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങളില്‍പ്പെട്ടതാണ് നാവ്. മനുഷ്യന്‍ ഏറ്റവും കൂടുതല്‍ നന്മ ചെയ്യാനും തിന്മചെയ്യാനും സാധിക്കുന്ന ഇതുപോലുള്ള മറ്റൊരു അവയവവും ഇല്ല. നാവിനെ നാം നിയന്ത്രിച്ചേ പറ്റൂ, ചിലരുടെ നാവില്‍ നിന്നു വരുന്ന വാക്കുകള്‍ക്ക് ബോംബിനേക്കാള്‍ ശക്തിയുണ്ടായിരിക്കും. എത്രയെത്ര കുടുംബ ബന്ധങ്ങളാണ് നാവിലൂടെ വിച്ഛേദിക്കപ്പെട്ടത്. നാവിന്റെ വിപത്തുക്കളില്‍ ഏറ്റവും കഠിനമായതാണ് ഏഷണിയും പരദൂഷണവും.
'സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിപ്പിച്ചു പറയുകയും അരുത്. തന്റെ സഹോദരന്‍ മരിച്ചു കിടക്കുമ്പോള്‍ അവന്റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവംതിന്നുന്നത്) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്. അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു' (ഹുജുറാത്ത്: 12).
മനുഷ്യരുടെ കുറ്റവും കുറവുമെടുത്ത് പറയുന്നത് തന്റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്റെ മാംസം ഭക്ഷിക്കുന്നതിന് തുല്യമാണെന്നാണ് ഖുര്‍ആന്‍ പറയുന്നത്.
കളവ ് പറയല്‍ നാവിന്റെ ഒരു വലിയ ദോഷമാണ്. നബി (സ) പറഞ്ഞു: നിങ്ങള്‍ സത്യം മാത്രം പറയുക, കാരണം സത്യം നന്മയിലേക്കാണ് വഴി നടത്തുക, നന്മ സ്വര്‍ഗത്തിലേക്കും വഴി നടത്തുന്നതാണ്, ഒരാള്‍ സത്യം മാത്രം പറയുകയും, സത്യം അധികരിപ്പിക്കുകയും ചെയ്താല്‍ അവനെ സംബന്ധിച്ച് അല്ലാഹു സത്യസന്ധന്‍ എന്ന് രേഖപ്പെടുത്തുന്നതാണ്, നിങ്ങള്‍ കളവിനെ കരുതിയിരിക്കുക, തീര്‍ച്ചയായും കളവ് തെമ്മാടിത്തത്തിലേക്കാണ് വഴി നടത്തുന്നത്, തെമ്മാടിത്തം നരകത്തിലേക്കും വഴി നടത്തും, ഒരാള്‍ കളവ് പറഞ്ഞ് കൊണ്ടിരിക്കുകയും കളവ് അധികരിപ്പിക്കുകയും ചെയ്താല്‍ അല്ലാഹു അവനെ സംബന്ധിച്ച് പെരുംകള്ളന്‍ എന്ന് രേഖപ്പെടുത്തുന്നതാണ്' (മുസ്‌ലിം).
തനിക്കോ തന്റെ കക്ഷിക്കോ ജയിക്കുന്നതിനായി കള്ളത്തെളിവുകളുണ്ടാക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നത് പാതകമാണെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. 'കൊടുംപാപങ്ങളെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ' എന്ന് മൂന്നുവട്ടം ചോദിക്കുകയും 'പറഞ്ഞുതന്നാലും' എന്ന അനുചര പ്രതികരണത്തിന് മറുപടിയായി 'അല്ലാഹുവില്‍ പങ്കുചേര്‍ക്കുക, മാതാപിതാക്കളോട് അനുസരണക്കേട് കാണിക്കുക, അന്യായമായി കൊല ചെയ്യുക' എന്ന് പറയുകയും ചെയ്തു. ഇതെല്ലാം പ്രവാചകന്‍ പറഞ്ഞത് ചാരിയിരുന്നുകൊണ്ടായിരുന്നു. മൂന്നു മഹാപാതകങ്ങളെപ്പറ്റി പറഞ്ഞ ശേഷം പ്രവാചകന്‍ (സ്വ) എഴുന്നേറ്റുനിന്നു. പിന്നെ അദ്ദേഹം ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടിരുന്നു. 'നുണ പറയല്‍; കള്ളത്തെളിവ് നല്‍കല്‍; നിശ്ചയം, അല്ലാഹു നന്നായി അറിയുന്നുണ്ട്'. 'നബി(സ്വ) മിണ്ടാതിരുന്നുവെങ്കില്‍' എന്ന് സ്വഹാബിമാര്‍ ആഗ്രഹിക്കുവോളം ഇത് ആവര്‍ത്തിച്ചുകൊണ്ടിരുന്ന നബി(സ)യുടെ നടപടിയില്‍നിന്ന് നുണ പറയുന്നതിന്റെയും വ്യാജ തെളിവുകളുണ്ടാക്കുന്നതിന്റെയും ഗൗരവം എത്രത്തോളമാണെന്ന് മനസിലാക്കാന്‍ കഴിയും.
ഹസന്‍(റ)പറഞ്ഞു: 'ബുദ്ധിമാന്റെ നാവ് അവന്റെ ഹൃദയത്തിന്റെ പിന്നിലാകുന്നു, എന്തെങ്കിലും സംസാരിക്കാന്‍ ഉദ്ദേശിച്ചാല്‍ അവന്‍ ചിന്തിക്കും, അതവന് നന്മയാണെങ്കില്‍ അവനത് പറയും, അവനത് തിന്മയാണെങ്കില്‍ നിശബ്ദനായിരിക്കും. അറിവില്ലാത്തവന്റെ ഹൃദയം അവന്റെ നാവിന് പിന്നിലാകുന്നു.'
നബി(സ) പറഞ്ഞു: തന്റെ രണ്ട് താടിയെല്ലുകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്നതിനെയും രണ്ടു കാലുകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്നതിനെയും നിയന്ത്രിച്ച് നിര്‍ത്താമെന്ന് വല്ലവനും എനിക്ക് ഉറപ്പ് തരുന്നപക്ഷം അവന്ന് സ്വര്‍ഗം ലഭിക്കുമെന്ന് ഞാന്‍ ജാമ്യം നില്‍കാം (ബുഖാരി). നാവും ഗുഹ്യാവയവും ആണ് ഇവിടെ ഉദ്ദേശ്യം.Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."