ചര്‍ച്ചയാകാത്ത കുഴല്‍പ്പണക്കേസ്
ബി.ജെ.പി സംസ്ഥാന നേതാക്കളിലേക്ക് വരെ സംശയമുന നീളുന്ന കൊടകര കുഴല്‍പ്പണക്കേസ് അതീവ ഗൗരവമുള്ളതാണെന്നിരിക്കെ എന്തുകൊണ്ട് സംസ്ഥാനത്തെ രാഷ്ട്രീയപ്പാര്‍ട്ടികളും മുഖ്യധാരാ മാധ്യമങ്ങളും ഈ കേസ് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യുന്നില്ല എന്നത് പ്രാധാന്യമര്‍ഹിക്കുന്ന ചോദ്യമാണ്. രാജ്യദ്രോഹക്കുറ്റം വരെ ചുമത്തപ്പെടേണ്ട ഒരു കേസില്‍ മാധ്യമങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളും സ്വീകരിക്കുന്ന നിലപാട് അപലപനീയമാണ്. ഈ വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകട്ടെ എന്ന് മാധ്യമ മുതലാളിമാര്‍ ചിലപ്പോള്‍ ആഗ്രഹിക്കുന്നുണ്ടാകണം. അതിനവര്‍ക്ക് വേറെചില കാരണങ്ങളുമുണ്ടാകാം. കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ ഇത്തരമൊരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഭാവിക്കുന്നുപോലുമില്ല. ബി.ജെ.പി ഉത്തരേന്ത്യയില്‍ പരീക്ഷിച്ചു വിജയിപ്പിച്ച രാഷ്ട്രീയ അട്ടിമറി കേരളത്തിലും പരീക്ഷിക്കുകയായിരുന്നു കുഴല്‍പ്പണക്കടത്തിലൂടെ.
ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് ശക്തിസ്തംഭമായി നിലകൊള്ളുന്നതാണ് തെരഞ്ഞെടുപ്പുകള്‍. ബി.ജെ.പിയെ നയിക്കുന്ന സംഘ്പരിവാര്‍ രാജ്യത്തെ മതേതര, ജനാധിപത്യ ഭരണവ്യവസ്ഥയേയും ഭരണഘടനയേയും അംഗീകരിക്കുന്നില്ല. പാത്തും പതുങ്ങിയും ഭരണഘടനയേയും ജനാധിപത്യ ഭരണസംവിധാനത്തെയും തകര്‍ക്കാനാണ് ഇന്ത്യന്‍ ഫെഡറലിസം നിലവില്‍വന്നത് മുതല്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ ബി.ജെ.പി ഇതുവരെ ചെയ്തുപോന്നിരുന്നത്, കാശ് വാങ്ങി വോട്ട് മറിക്കുക എന്നതായിരുന്നു. വര്‍ഷങ്ങളായി തുടരുന്ന ഈ തെരഞ്ഞെടുപ്പ് അനുഷ്ഠാനം അവര്‍ അവസാനിപ്പിച്ചത് ഉത്തരേന്ത്യയില്‍ ബി.ജെ.പി കാശെറിഞ്ഞ് എം.പിമാരേയും എം.എല്‍.എമാരേയും വിലക്ക് വാങ്ങി മന്ത്രിസഭകള്‍ ഉണ്ടാക്കാന്‍ തുടങ്ങിയതോടെയാണ്. ഈ തന്ത്രം ദക്ഷിണേന്ത്യയിലും പരീക്ഷിച്ചു തുടങ്ങിയതിന്റെ ഭാഗമായിട്ട് വേണം കേരളത്തിലേക്ക് കടത്തിയ കുഴല്‍പ്പണത്തെ കാണാന്‍.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പുറത്തുനിന്ന് കോടികള്‍ ഇറക്കിയിട്ടുണ്ടാകണം. തെരഞ്ഞെടുപ്പില്‍ 35 സീറ്റുകള്‍ ബി.ജെ.പി നേടുമെന്നും അങ്ങനെവന്നാല്‍ സംസ്ഥാനത്ത് ബി.ജെ.പി ഭരണം വരുമെന്നും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ മുമ്പെങ്ങുമില്ലാത്ത വിധം ആത്മവിശ്വാസം പ്രകടിപ്പിച്ചത് ഈ പണത്തിന്റെ ഊക്കിലായിരിക്കണം. കൊടകരയില്‍ പിടിച്ചെടുക്കപ്പെട്ടതിനേക്കാള്‍ എത്രയോ ഇരട്ടി കോടികള്‍ കേരളത്തില്‍ എത്തിയിട്ടുണ്ടാകാം. അതിന്റെ ബലത്തിലായിരിക്കണം ഈ പ്രാവശ്യം ബി.ജെ.പി ഭരണം പിടിക്കുമെന്ന് സംസ്ഥാന നേതാക്കള്‍ ഉറപ്പിച്ചിട്ടുണ്ടാവുക. മെട്രോമാന്‍ ഇ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വരെ പ്രഖ്യാപിക്കാന്‍ ബി.ജെ.പിക്ക് ധൈര്യം ഉണ്ടായതും മറ്റൊന്നുകൊണ്ടായിരിക്കില്ല. കേരളീയ സമൂഹം ബി.ജെ.പിയുടെ അവകാശവാദം അവരുടെ അമിത ആത്മവിശ്വാസമായി പരിഹസിച്ചു തള്ളിയെങ്കിലും ഇത്തരമൊരു അടിയൊഴുക്ക് തെരഞ്ഞെടുപ്പ് വേളയില്‍ സംഭവിച്ചിട്ടുണ്ടാകണം.
കൊടകരയില്‍ ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട കുഴല്‍പ്പണക്കേസ് വലിയ മഞ്ഞുമലയുടെ ഒരറ്റമാണെന്ന് ന്യായമായും കരുതേണ്ടിയിരിക്കുന്നു. പൊലിസിന്റെ തുടര്‍അന്വേഷണത്തിലാണ് ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരേണ്ടത്.
രാജ്യത്തെ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ഏറ്റവുമധികം ആസ്തിയുള്ളത് ബി.ജെ.പിക്കാണെന്ന വിവരം ഈയിടെയാണ് പുറത്തുവന്നത്. പത്ത് വര്‍ഷം മുന്‍പ് ഇതായിരുന്നില്ല സ്ഥിതി. ഏഴ് വര്‍ഷം മുന്‍പ് അധികാരത്തില്‍ വന്ന ബി.ജെ.പി കോര്‍പറേറ്റുകളെ പിശുക്ക് കാണിക്കാതെ സഹായിക്കുകയായിരുന്നു. പ്രത്യുപകാരമായി കോര്‍പറേറ്റുകള്‍ ബി.ജെ.പിയുടെ ആസ്തി വര്‍ധിപ്പിച്ചു കൊണ്ടിരുന്നു. ഈ പണം ഉപയോഗിച്ചാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ചതും മറുഭാഗത്ത് വിജയിച്ച എം.എല്‍.എമാരെ കോടികള്‍ നല്‍കി വശത്താക്കി ഭരണം പിടിച്ചെടുത്തുകൊണ്ടിരുന്നതും. ഈ പ്രാവശ്യം കേരളത്തിലും ഈ പദ്ധതി ആസൂത്രണം ചെയ്തു നടപ്പിലാക്കുകയായിരുന്നു. ബി.ജെ.പിക്കാര്‍ കൊണ്ടുപോയ പണം അവര്‍ തന്നെ ഒറ്റിക്കൊടുത്തതിന്റെ ഫലമായി തട്ടിയെടുക്കപ്പെടുകയോ, കൊടകരയില്‍ ആ കുഴല്‍പ്പണം പൊലിസ് പിടിച്ചെടുക്കുകയോ ചെയ്യാതിരുന്നില്ലെങ്കില്‍ ഇത്തരമൊരു നിഗൂഢ പദ്ധതി ആരുമറിയാതെ പോകുമായിരുന്നു.
തൃശൂര്‍ ജില്ലാ പൊലിസ് മേധാവി ജി. പൂങ്കുഴലി പിടിച്ചെടുത്ത കുഴല്‍പ്പണം ബി.ജെ.പിയുമായി ബന്ധപ്പെട്ടതാണന്നറിഞ്ഞിട്ടും അവര്‍ ആദ്യം നല്‍കിയ വിവരണത്തില്‍ രാഷ്ട്രീയബന്ധം പറയാനാവില്ലെന്ന് പറഞ്ഞത് ബി.ജെ.പിയെ രക്ഷിക്കാനായിരുന്നില്ലേ. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് കുഴല്‍പ്പണ ഇടപാട് നടന്നതെന്ന് കേരളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ക്കും ബോധ്യപ്പെട്ടതാണ്. പക്ഷേ അവരും അതേപ്പറ്റി മിണ്ടിയില്ല.
വാര്‍ത്ത എഴുതുന്ന പത്രപ്രവര്‍ത്തകര്‍ക്കെതിരേയും അതു പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ക്കെതിരേയും രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന ഒരു സര്‍ക്കാരാണ് ഇന്ത്യ ഭരിക്കുന്നത്. എന്നാല്‍ കൊടകരയില്‍ ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കളില്‍നിന്നു പിടിച്ചെടുത്ത കുഴല്‍പ്പണം രാജ്യത്തെ ഭരണഘടനാനുസൃതമായ തെരഞ്ഞെടുപ്പ് പ്രകിയയെ അട്ടിമറിക്കാനും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കാനുമുള്ളതായിരുന്നു. അതിനാല്‍ തന്നെ പിടിക്കപ്പെട്ട പ്രതികള്‍ക്കെതിരേയും പിടിക്കപ്പെടാന്‍ സാധ്യതയുള്ള സംസ്ഥാന ബി.ജെ.പി നേതാക്കള്‍ക്കെതിരേയും കേരള പൊലിസ് രാജ്യദ്രോഹക്കുറ്റവും കൂടി ചുമത്തേണ്ടതുണ്ട്. തെരഞ്ഞെടുപ്പിന് മൂന്നു ദിവസം മുന്‍പ് കൊടകരയില്‍ വാഹനാപകടം സൃഷ്ടിച്ച് 3.5 കോടി രൂപ തട്ടിയെടുത്ത സംഭവം ആദ്യം കേരളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ക്ക് വാര്‍ത്തയേ ആയിരുന്നില്ല.
പിടിച്ചെടുത്ത 3.5 കോടിക്ക് പുറമേ എത്രയോ കോടികള്‍ കേരളത്തിലേക്ക് ഒഴുക്കിയിട്ടുണ്ടാകാം. അതേക്കുറിച്ചു കൂടുതല്‍ അന്വേഷിക്കാന്‍ സ്വപ്നാ സുരേഷിന്റെ പിന്നാലെ പാഞ്ഞ മാധ്യമങ്ങള്‍ക്ക് ഉത്സാഹം ഉണ്ടായില്ല. പിടിച്ചെടുക്കപ്പെട്ട കുഴല്‍പ്പണം ബി.ജെ.പിയുടേതാണെന്ന് വെളിപ്പെടുത്താന്‍ തയാറാകാതിരുന്ന മാധ്യമങ്ങള്‍ അവരുടെ ഭരണകൂട ദാസ്യത്തെയാണ് അടയാളപ്പെടുത്തിയത്. നാളെ ഈ കോലാഹലങ്ങളെല്ലാം തീരുമ്പോള്‍ ബി.ജെ.പിയെ ക്രിയാത്മക പ്രതിപക്ഷമായി പൊക്കിക്കൊണ്ടുവരാന്‍ ഇതേ മാധ്യമങ്ങള്‍ മുന്‍പന്തിയിലുണ്ടാകുമെന്നതിനു സംശയം വേണ്ട. കെ. സുരേന്ദ്രന്റെ മതേതര ജനാധിപത്യത്തിനെതിരേയുള്ള വെല്ലുവിളികളും പ്രാധാന്യത്തോടെ അച്ചടിച്ചുവരും. ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലാനും കത്തിക്കുത്ത് നടത്താനും തുടങ്ങിയപ്പോഴാണ് മാധ്യമങ്ങള്‍ ബി.ജെ.പിയുടെ പേര് പറയാന്‍ തുടങ്ങിയത്.
കുഴല്‍പ്പണം കവര്‍ച്ച ചെയ്തതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും കവര്‍ച്ച ചെയ്യാന്‍ വിവരം നല്‍കിയവരുമെല്ലാം ബി.ജെ.പിക്കാരാണ്. കുറ്റവാളികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന തൃശൂര്‍ ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട ഒ.ബി.സി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷി പല്‍പുവിനെ വധിക്കുമെന്ന് ബി.ജെ.പി ജില്ലാ സെക്രട്ടറി കെ.ആര്‍ ഹരി ഭീഷണി മുഴക്കിയതായി ഋഷി പല്‍പു പൊലിസില്‍ പരാതിപ്പെട്ടിരിക്കുന്നു. ജില്ലാ കമ്മിറ്റിയെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട സംസ്ഥാന ബി.ജെ.പി ഒ.ബി.സി മോര്‍ച്ച വൈസ് പ്രസിഡന്റിനെ സംസ്ഥാന നേതൃത്വം പ്രാഥമികാഗംത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നു. ഇത്തരം പൊട്ടിത്തെറികള്‍ ബി.ജെ.പിയില്‍ ഉണ്ടായിരുന്നില്ലെങ്കില്‍ സംസ്ഥാനത്തെ പ്രമുഖ മാധ്യമങ്ങള്‍ ഇപ്പോള്‍ നല്‍കുന്ന വാര്‍ത്താപ്രാധാന്യം പോലും ഈ രാജ്യദ്രോഹക്കുറ്റത്തിനു നല്‍കുമായിരുന്നില്ല. തെരഞ്ഞെടുപ്പിന് മുന്‍പ് ചന്ദ്രഹാസമിളക്കി നടന്ന ബി.ജെ.പി സംസ്ഥാന നേതൃത്വം പുറത്തുനിന്ന് പണമിറക്കി സീറ്റുപിടിക്കാന്‍ നടത്തിയ ജനാധിപത്യവിരുദ്ധ നീക്കം ഇവിടത്തെ മാധ്യമങ്ങള്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ഇപ്പോഴും ചര്‍ച്ചചെയ്യേണ്ട ഗൗരവമായ വിഷയമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."